കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
അനുമോൾ ജോയ്
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ലാം ആ കാരവനിൽ ഇരുന്ന് ആസ്വദിക്കാം...
ഇങ്ങനെ വിദേശീയർക്കും സ്വദേശിയർക്കും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കൊണ്ടുവന്നതാണ് കാരവൻ പാർക്ക് പദ്ധതി.
കോവിഡനന്തരം കേരളത്തിലെ ടൂറിസം മേഖലയിൽ ഒരു കുതിച്ചുചാട്ടമുണ്ടാക്കുന്നതിനായി സുരക്ഷിത ടൂറിസം, നവീനമായ ടൂറിസം അനുഭവം എന്നിവ ലക്ഷ്യമിട്ടാണ് കാരവൻ പാർക്കിന് തുടക്കമിട്ടത്.
ആദ്യ കാരവൻ പാർക്ക് കാസർഗോഡ് ബേക്കലിൽ വരുമെന്ന് 2022 മാർച്ചിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നെങ്കിലും പദ്ധതി പ്രഖ്യാപിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും ഇതുവരെ തുടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം.
ഈ കാരവൻ പദ്ധതി ഭരണാനുമതിയിൽ മാത്രം കുടുങ്ങി കിടക്കുകയാണ്. പാർക്ക് ഒരുക്കുന്നതിന്റെയും സംരക്ഷണത്തിന്റെയും ചുമതല കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷനായിരുന്നു (കെടിഡിസി).
ബേക്കലിൽ കെടിഡിസിക്ക് നാലേക്കറോളം സ്ഥലം സ്വന്തമായുള്ളതിനാൽ പദ്ധതി വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഒന്നരവർഷം കഴിഞ്ഞിട്ടും ഭരണാനുമതി ലഭിച്ചതല്ലാതെ വെറൊരു പുരോഗതിയും നടന്നിട്ടില്ല.
ബേക്കലിനൊപ്പം എറണാകുളത്ത് ബോൾഗാട്ടി പാലസ് ഹോട്ടലിലും തിരുവനന്തപുരം പൊൻമുടിയിലും കാരവൻ പാർക്കുകൾ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ, ബോൾഗാട്ടി പാലസ് ഹോട്ടലിൽ ഭരണാനുമതി ലഭിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.
പൊൻമുടിയിൽ കാരവൻ പാർക്ക് നിർമിക്കുന്നതിന് നല്കിയ പ്രപ്പോസൽ നിലവിൽ സർക്കാർ പരിഗണനയിലാണ്.
കാരവൻ പാർക്ക് പദ്ധതി
2021 ലാണ് കാരവൻ പദ്ധതി ആരംഭിച്ചത്. വിനോദ സഞ്ചാരികൾക്ക് "സഞ്ചരിക്കുന്ന വീട്ടിൽ' യാത്രയൊരുക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഒരു കുടുംബത്തിന് യാത്ര ചെയ്യാവുന്ന കാരവനുകളാണ് തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്.
സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, തീൻമേശ, ശൗചാലയം, എസി, ഇന്റർനെറ്റ് കണക്ഷൻ, ചാർജിംഗ് സംവിധാനം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കാരവനിൽ ഉണ്ടാകും. കാഴ്ച കണ്ട ശേഷം ഇതിനായി ഒരുക്കിയ പാർക്കിൽ വാഹനം പാർക്ക് ചെയ്യാം.
സഞ്ചാരികൾക്ക് ഹോട്ടലിൽ മുറിയെടുക്കാതെ വിശ്രമിക്കുകയും രാത്രിയിൽ തങ്ങുകയും ചെയ്യാം. ഉൾനാടുകളിലേക്ക് പോയി അധികമാരും അറിയപ്പെടാത്ത പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങളിലേക്ക് സഞ്ചാരികൾക്ക് കാരവനിൽ എത്താം.
കാരവനുകൾ "കട്ടപ്പുറത്ത്'
സംസ്ഥാനത്ത് 13 കാരവനുകൾ വിനോദ സഞ്ചാരികൾക്കായി തുടങ്ങിയിട്ടുണ്ട്. വാഗമണ്ണിൽ ഒരു സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കാരവൻ പാർക്ക് കമ്മീഷൻ ചെയ്തിട്ടുള്ളതൊഴിച്ചാൽ പല കാരവനുകളും ഇപ്പോഴും പ്രവർത്തന രഹിതമാണ്.
കാരവൻ ടൂറിസത്തിന്റെ ഭാഗമായി 274 സംരംഭകർ കാരവനുകൾ വാങ്ങുന്നതിനും 115 സംരംഭകർ പാർക്കുകൾ ആരംഭിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ കാരവൻ വാങ്ങുന്ന ആദ്യ 100 സംരംഭകർക്ക് മുതൽ മുടക്കിന്റെ 15 ശതമാനം അല്ലെങ്കിൽ പരമാവധി 7.5 ലക്ഷമോ ഇതിൽ ഏതാണോ കുറവ് അത് ഇൻവെസ്റ്റ്മെന്റ് സബ്സിഡിയായി നൽകും.
101 മുതൽ 200 വരെയുള്ള സംരംഭകർക്ക് അഞ്ചു ലക്ഷമോ മുതൽമുടക്കിന്റെ 10 ശതമാനമോ, 201 മുതൽ 300 വരെയുള്ളവർക്ക് 2.5 ലക്ഷം അല്ലെങ്കിൽ മുതൽമുടക്കിന്റെ അഞ്ച് ശതമാനോ സബ്സിഡിയായി നൽകും.
ടൂറിസം വകുപ്പുമായി കരാറിലുള്ള കാരവനുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് മോട്ടോർ വാഹനവകുപ്പ് നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.