ഉള്ളു നിറയെ സംഗീതം
Wednesday, January 31, 2024 12:50 PM IST
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥന്റെ മുന്നിൽ...
ഇന്നും മലയാള ഗാനാസ്വാദകർ നെഞ്ചേറ്റുന്ന തൂവാനത്തുന്പികളിലെ ഈ ഗാനത്തിന്റെ ശില്പി പെരുന്പാവൂർ ജി. രവീന്ദ്രനാഥിനെ സിനിമയിലേക്കു കൂട്ടുന്നത് സംവിധായകൻ പി. പദ്മരാജൻ തന്നെയാണ്. അതൊരു പഴയ സ്നേഹസൗഹൃദത്തിന്റെ കൂടി കഥയാണ്.
1977-ൽ ആണ് ആകാശവാണിയിൽ മ്യൂസിക് കന്പോസറായി പെരുന്പാവൂർ ചുമതലയേൽക്കുന്നത്. രവീന്ദ്രനാഥിൽ നിന്നും ഉണരുന്ന ലളിതഗാനങ്ങൾ തൊട്ടരികിൽ നിന്നും ആസ്വദിച്ചിരുന്നു അന്നത്തെ ആകാശവാണി അനൗണ്സർ പി. പദ്മരാജൻ. വർഷങ്ങൾക്കു ശേഷം തൂവാനത്തുന്പികൾ എന്ന സിനിമ എടുക്കുന്പോൾ പദ്മരാജനു രവീന്ദ്രനാഥിന്റെ ലളിതഗാനങ്ങൾ ഓർമവന്നു. അങ്ങനെ രവീന്ദ്രനാഥ് ആദ്യസിനിമയിലേക്ക്...
തൂവാനത്തുന്പികളുടെ കഥയും രംഗങ്ങളും മനസിലാക്കിയ പെരുന്പാവൂർ രവീന്ദ്രനാഥ് കുറേ ഈണങ്ങൾ പദ്മരാജനു നല്കി. ശ്രീകുമാരൻ തന്പിയുടെ വരികൾക്കും പദ്മരാജൻ തീർത്ത വിഷ്വലുകൾക്കും തികച്ചും യോജിച്ച ഒരു ഈണം പിന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
മോഹൻലാൽ അവതരിപ്പിക്കുന്ന ജയകൃഷ്ണന്റെ കുറുന്പും നായികയായ പാർവതിയുടെ പ്രണയസൗന്ദര്യവും പെരുന്പാവൂരിന്റെ സംഗീതത്തിൽ മലയാളികൾ അനുഭവിച്ചു.""ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി... എന്ന മനോഹര ഗാനം പെരുന്പാവൂർ ചേട്ടന്റെ സംഗീതപ്രതിഭയുടെ ഒരടയാളമായി കണക്കാക്കാം.
രീതിഗൗള രാഗത്തിൽ അദ്ദേഹം ചേട്ടൻ ഒരു പ്രണയഗാനം സൃഷ്ടിക്കുകയായിരുന്നു. ഒരു പരീക്ഷണം എന്നു വേണമെങ്കിൽ പറയാം. കാരണം സാധാരണ രീതിഗൗള രാഗത്തിൽ ആരും ഇത്തരമൊരു പ്രണയഗാനം ഒരുക്കാറില്ല... '' പ്രശസ്ത പിന്നണി ഗായകനും ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ ജി. ശ്രീറാം പറയുന്നു.
""വളരെ മികച്ച കർണാടക സംഗീതജ്ഞനും കൂടിയാണ് പെരുന്പാവൂർ ചേട്ടൻ. എങ്കിലും അദ്ദേഹത്തിന്റെ ലളിതഗാനങ്ങൾ വളരെ നിർമലങ്ങളാണ്. ശാസ്തീയ സംഗീതത്തിന്റെ ഛായ സാധാരണക്കാർക്ക് കേൾക്കുവാൻ വേണ്ടിയുള്ള ലളിതഗാനങ്ങളിൽ ചേർത്തിട്ടില്ല.
ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ലളിതഗാനം വിഭാഗത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവായി ഞാൻ പ്രവർത്തിക്കുന്പോൾ പെരുന്പാവൂർ ചേട്ടൻ ധാരാളം ലളിതഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുവരെയുള്ള ശൈലികളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് അദ്ദേഹം ലളിതഗാനങ്ങൾ തീർത്തത്.
നിളാനദിയുടെ നിർമലതീരം, ത്യാഗരാജസ്മൃതി ഉണരും, അങ്ങനെ എത്ര എത്ര മനോഹരങ്ങളായ ലളിതഗാനങ്ങളാണ് ആകാശവാണിക്കുവേണ്ടി അദ്ദേഹം ചെയ്തിട്ടുള്ളത്. സിനിമാ ഗാനങ്ങൾ ആകുന്പോൾ സംഗീതസംവിധായകനു ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടാകും.
സിനിമയുടെ രംഗം, പശ്ചാത്തലം ഇവയൊക്കെ കണക്കിലെടുക്കണം. എന്നാൽ ആകാശവാണിയുടെ ലളിത ഗാനശാഖയ്ക്കു അത്തരം ഒരു ചട്ടക്കൂടില്ല. അതുകൊണ്ട് തന്നെ പെരുന്പാവൂർ ചേട്ടന്റെ ഉള്ളിലെ മുഴുവൻ സംഗീതവും എടുത്ത് ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ധാരാളം നല്ല അനുഭവങ്ങൾ എനിക്കുണ്ട്.
നല്ലൊരു സംഗീത സംവിധായകൻ മാത്രമല്ല ഏറ്റവും നല്ല ഗുരുവും സംഗീതജ്ഞനുമൊക്കെയാണ് പെരുന്പാവൂർ ജി. രവീന്ദ്രനാഥ്. ഏറ്റവും സ്വാത്വികനായ നന്മ നിറഞ്ഞ വ്യക്തിയും. ഉള്ളിലെ ഈ നന്മയും വാത്സല്യവും കൊണ്ട് തന്നെയാണ് അദ്ദേഹം മഹാനായ ഗുരുവും ആകുന്നത്.
വലിപ്പച്ചെറുപ്പം നോക്കാതെ പ്രശസ്തഗായകരെയും പുതിയ ഗായകരെയും ഒരേ സ്നേഹത്തോടെ സ്വീകരിക്കും. പാട്ടിൽ ജ്ഞാനമുണ്ടെന്ന് മനസ്സിലായാൽ ഗായകരോട് ഞാൻ പഠിപ്പിച്ചുതരാം. നന്നായി പാടുവാൻ കഴിയും, പ്രാക്ടീസ് ചെയ്യണം എന്നു പറയുന്ന ഗുരുനാഥനാണ്.
ആകാശവാണിയിൽ പാടുവാനായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സാധാരണക്കാരായ ഗായകരെയും ആവർത്തിച്ച് പഠിപ്പിച്ച് പാടിക്കുന്ന രംഗം ഞാൻ നിരവധി തവണ കണ്ടിട്ടുണ്ട്. വീട്ടിൽ സംഗീതം പഠിപ്പിക്കുവാൻ ആരെത്തിയാലും ക്ഷമയോടെ പഠിപ്പിച്ചുകൊടുക്കും.
സാധാരണ ശിഷ്യന്മാർ അഭ്യർഥിച്ചാൽ പോലും എപ്പോഴും ഗുരുക്കന്മാരെ കിട്ടണമെന്നില്ല. പെരുന്പാവൂർ ചേട്ടനാകട്ടെ മനം നിറഞ്ഞ് ശിഷ്യരെ സ്വീകരിക്കുകയാണ്.''- ശ്രീറാം പറയുന്നു.
എസ്. മഞ്ജുളാദേവി