"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടികൾ ഏറെയും. അവർ വായിച്ചും പറഞ്ഞും കേട്ട കഥകളാണ് ഈ വിശ്വാസത്തിനാധാരം. കുട്ടികളെ നിരാശരാക്കാതിരിക്കാൻ മാതാപിതാക്കൾ സാന്തോക്ലോസുമാരായി മാറി കുട്ടികൾക്കു സമ്മാനങ്ങൾ നൽകും.
എന്നാൽ, എല്ലാ മാതാപിതാക്കൾക്കും സമ്മാനം വാങ്ങി നൽകാൻ കഴിഞ്ഞെന്നു വരില്ല. ഈവിധം സമ്മാനം കിട്ടാൻ ഭാഗ്യമില്ലാത്ത ഒരു കുട്ടി സാന്താക്ലോസിനെഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ദരിദ്ര കുടുംബത്തിൽനിന്നുള്ള ലില്ലി എന്ന 10 വയസുകാരിയാണ് ഹൃദയത്തെ തൊടുന്ന കത്തെഴുതിയിരിക്കുന്നത്. കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: "ഹായ് സാന്താ, താങ്കൾക്ക് അസുഖമാണെന്നും അതുകൊണ്ട് ഈവർഷം ഞങ്ങളുടെ വീട്ടിലേക്കു വരാൻ കഴിയില്ലെന്നും അമ്മ എന്നോടു പറഞ്ഞു.
താങ്കൾ ഉടൻ സുഖം പ്രാപിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അത് എന്റെ കുഞ്ഞു സഹോദരനെ ശരിക്കും സന്തോഷിപ്പിക്കുമെന്നും ഞാൻ കരുതുന്നു! ലവ് ലില്ലി (വയസ് 10)'. കത്തിന്റെ അവസാനം സാന്താക്ലോസിന്റെയും റെയിൻഡിയറിന്റെയും ഒരു ചിത്രവും ലില്ലി വരച്ചിട്ടുണ്ട്.
ലില്ലിയുടെ കത്ത് ലണ്ടനിലെ കെൻസിംഗ്ടൺ ആസ്ഥാനമായുള്ള ചാരിറ്റി ട്രസ്റ്റായ ബിഗ് ഹെൽപ്പ് പ്രൊജക്റ്റാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്കു സഹായമെത്തിക്കുന്നതിനു ലക്ഷ്യമിട്ട് "ഡിയർ സാന്താ' എന്ന പേരിൽ നടത്തുന്ന കാന്പയിന്റെ ഭാഗമായിട്ടാണ് ലില്ലിയുടെ കത്ത് അവർ പങ്കുവച്ചിരിക്കുന്നത്.
കത്ത് വായിച്ച് നിരവധിപ്പേർ, എവിടെയാണ് സമ്മാനം എത്തിക്കേണ്ടതെന്നു ചോദിച്ചു രംഗത്തെത്തി.