സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി സിം കാര്‍ഡുകള്‍ വാങ്ങുന്നവരും കൊടുക്കുന്നവരും ശ്രദ്ധിക്കണം.
പല സിം കാര്‍ഡുകൾ സ്വന്തമാക്കി അതുപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെ പൂട്ടാനൊരുങ്ങുകയാണ് നിയമപാലകര്‍. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിയമം ഈമാസം മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
സാന്പത്തിക തട്ടിപ്പു സംഘങ്ങളും കുറ്റകൃത്യങ്ങൾ നടത്തുന്നവരും നിരവധി സിമ്മുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയമം കർക്കശമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുമടക്കം കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.
സിം കാര്‍ഡുകള്‍ അങ്ങനെ വാങ്ങിക്കൂട്ടേണ്ട
സ്വന്തമാക്കാന്‍ കഴിയുന്ന സിം കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് വലിയതോതില്‍ സിം കാർഡുകൾ സ്വന്തമാക്കാനാവൂ.
സാധാരണ ഉപയോക്താക്കൾക്ക് ഒരു ഐഡിയിൽ ഒന്‍പത് സിം കാർഡുകൾ വരെ ലഭിക്കും. പുതിയതായി സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. ഒപ്പം എവിടെ താമസിക്കുന്നു എന്നതുള്‍പ്പെടെ വ്യക്തിഗത വിവരങ്ങളും ശേഖരിക്കും.
ഒരാള്‍ ഫോണ്‍ നമ്പര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിനുശേഷമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കൂ.
ടെലികോം വകുപ്പും കടുപ്പിക്കുന്നു
പുതിയൊരു സിം എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നിങ്ങള്‍ സിം കാര്‍ഡ് വില്‍ക്കുന്നയാളാണോ? രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടയ്ക്കേണ്ടിവരും. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന് ഉണ്ടാകും. പോലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഇതിന്റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാര്‍ക്കാണ്.
സിം കാര്‍ഡ് വില്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കില്‍ പിഴയ്ക്കു തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്നുവര്‍ഷം വരെ റദ്ദാക്കും.
52 ലക്ഷം കണക്ഷനുകൾ നിർജീവമാക്കി
പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നടപ്പാക്കല്‍ പിന്നീട് രണ്ട് മാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
വ്യാജ മാർഗത്തിലൂടെ നേടിയ 52 ലക്ഷത്തിലധികം കണക്ഷനുകൾ ഇതിനകം നിർജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
അനധികൃത മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയർ എഎസ്ടിആര്‍ വികസിപ്പിച്ചു കഴിഞ്ഞു.
സമാന്തര ടെലി. എക്സേഞ്ചുകള്ക്കും പണി
ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത് വ്യാജസിം കാര്‍ഡുകള്‍ ഉപയോഗിച്ചതാണെന്നാണ് വിലയിരുത്തൽ.
പുതിയ നടപടികളിലൂടെ വ്യാജ വിലാസം ഉപയോഗിച്ചുള്ള സിം വ്യാപാരം തടയാന്‍ സാധിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഇതുവഴി സമാന്തര ടെലിഫോണ്‍ എക്സേഞ്ചുകളുടെ പ്രവര്‍ത്തനവും ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ഒരാള്‍ ഉപയോഗിച്ചത് 684 സിമ്മുകള്‍
പുതിയ നിയമം കര്‍ശനമാക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ നിരവധി കാര്യങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. വ്യാജ സിമ്മുകള്‍ കേന്ദ്രീകരിച്ചുകള്ള കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്നതാണ് അതില്‍ പ്രധാനം.
ഇതുമായി ബന്ധപ്പെട്ട് മുന്‍പ് ടെലികോം നടത്തിയ അന്വേഷണത്തില്‍ ഒരാളുടെ പേരില്‍ 684 സിമ്മുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു ഇത്.
മുംബൈ സിറ്റി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ കണ്ടെത്തിയ 30,000 സിമ്മുകൾ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
കര്‍ശന നടപടി തുടരുന്നതോടെ കൂടുതല്‍ സിമ്മുകള്‍ ഡീ-ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
സ്വന്തം ലേഖകന്‍