ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി പതിനാലുകാരൻ. അമിതാഭ് ബച്ചൻ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ഷോയിൽ ഒരു കോടി രൂപയാണ് പയ്യൻ നേടിയത്.
ഹരിയാനയിലെ മഹേന്ദ്രഗഡിൽനിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥിയായ മായങ്കാണ് സൂപ്പർ വിജയി. ഈ ഷോയിൽ ഒരു കോടി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണു മായങ്ക്.
കോന്‍ ബനേഗ ക്രോർപതിയുടെ 15ാം പതിപ്പിൽ 16 ചോദ്യത്തിന് ഉത്തരം നല്‍കിയാണ് ഈ മിടുമിടുക്കൻ ഒരു കോടി സ്വന്തമാക്കിയത്. 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് ആദ്യ ലൈഫ് ലൈന്‍ കുട്ടി ഉപയോഗിച്ചത്.
"പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്റെ ബഹുമതി ലഭിച്ചത് ഏത് യൂറോപ്യൻ കാർട്ടോഗ്രാഫർക്കാണ്?" എന്നതായിരുന്നു ഒരു കോടിയുടെ ചോദ്യം.
ഏബ്രഹാം ഒർട്ടേലിയസ്, ജെറാഡസ് മെർകാറ്റർ, ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ്, മാർട്ടിൻ വാൾഡ്സീമുള്ളർ എന്നിങ്ങനെ നാല് പേരുകളായിരുന്നു ഉണ്ടായിരുന്നത്.
ആശങ്കയൊന്നുമില്ലാതെ മായങ്ക് മാർട്ടിൻ വാൾഡ്സീമുള്ളറിന്റെ പേര് പറഞ്ഞു. ഇതോടെ ഒരു കോടിരൂപയുടെ ചെക്കും കിട്ടി. ഇതിനു പിന്നാലെ ഏഴു കോടി രൂപയ്ക്കുള്ള ചോദ്യത്തിനും മായങ്ക് ശ്രമം നടത്തി.
എന്നാല്‍, ഉത്തരം കണ്ടെത്താന്‍ കഴിയാതെ മത്സരത്തിൽനിന്നു പിന്മാറി. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടര്‍ ഉൾപ്പെടെയുള്ള പ്രമുഖർ മായങ്കിനെ അഭിനന്ദിച്ചു.