എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
Thursday, November 23, 2023 5:35 PM IST
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീലി വിരിച്ചൊരു നില്‍പ്പും കറക്കവുമാണ്.
വന്നയാളുടെ കൈയില്‍ മൊബൈല്‍ ഫോണോ കാമറയോ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവനങ്ങ് നിറഞ്ഞാടും..!!! ഫോട്ടോജനിക് മാത്രമല്ല ഇത്തിരി ഫോട്ടോഭ്രാന്തും കക്ഷിയ്ക്കുണ്ട്.
അട്ടപ്പാടി മുള്ളി ഊരിലെത്താറുള്ള മയിലാണ് നമ്മുടെ കഥാനായകൻ. കോട്ടത്തറ- മുള്ളി റൂട്ടിൽ ചന്തക്കട എന്നൊരു പ്രദേശമുണ്ട്. മയിലൂരെന്നും ഇവിടം അറിയപ്പെടാറുണ്ട്.
പേരിനെ അന്വർഥമാക്കുന്ന രീതിയിൽ മയിലുകളുടെ ബാഹുല്യമാണിവിടെ. മറ്റു മയിലുകളെ പോലെയൊന്നുമല്ല നമ്മുടെ കഥാനായകൻ.
കക്ഷിയ്ക്കു മനുഷ്യരോടാണ് ഇഷ്ടക്കൂടുതൽ. ആറുമാസക്കാലമായി ഊരിലെ ഒരു വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഇവൻ. രാവിലെ എട്ടിനെത്തും.
വൈകുന്നേരം ആറിനു മടങ്ങുന്നതിനിടെ വീട്ടുകാർക്കൊപ്പം ഉണ്ണും, ഉറങ്ങും.! പീലിവിടർത്തി ആടിയാടി എല്ലാവരെയും സന്തോഷിപ്പിക്കും. ഇടയ്ക്കൊരു കറക്കവുണ്ട്.
വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കിറങ്ങി പീലിവിരിച്ചൊരു നിൽപ്പാണ്. പലരും വാഹനങ്ങൾ നിർത്തി ഫോട്ടോയെടുക്കും.
പീലിവിരിച്ചു നിൽക്കുന്ന ഇവനോടൊപ്പം സെൽഫി - അതും അവൻ സാധിച്ചുകൊടുക്കും..!! ഈ റൂട്ടിലെ നിത്യസന്ദർശകരുടെ ഫോട്ടോകളിൽ സ്ഥിരം സാന്നിധ്യവുമാണ് നമ്മുടെ കഥാനായകൻ.
തിരിച്ചു വീട്ടിലെത്തിയാൽ ചോറും കറിയും ഭക്ഷണം (അത് വീട്ടുകാർ ഒരുക്കിവച്ചിട്ടുണ്ടാകും), പിന്നീട് വീട്ടിനുള്ളിലെ കട്ടിലിൽ ഉച്ചയുറക്കം! പക്ഷെ, ഇപ്പോഴത്തെ പ്രശ്നം മറ്റൊന്നാണ്.
ഒന്നരമാസക്കാലമായി കക്ഷിയെ ഇവിടെയെങ്ങും കാണാനില്ല. ഊരിലെ ഈ വീട്ടിലേക്കു വരാറുമില്ല. പീലിച്ചന്തം കാണാനെത്തുന്നവരുടെ ആധിക്യവും അവരുടെ അമിതാവേശവുമെല്ലാം പൊല്ലാപ്പായി.
കഥാനായകൻ സ്ഥലത്തില്ലാത്തതിനാൽ ഇപ്പോൾ സന്ദർശകർ തീരെ എത്താറുമില്ല. ഇതറിഞ്ഞെങ്കിലും അവൻ കാട്ടിൽ നിന്നും നിത്യസന്ദർശകനായി എത്തുമെന്ന വിശ്വാസത്തിലാണ് വീട്ടുകാർ.
"അവന് വിരുന്നുകാരനായിരുന്നില്ല, വീട്ടുകാരനായിരുന്നു'- വീട്ടുകാരിപ്പോഴും പറയുന്നു. "അവന് വരും, വിരുന്നു പോയിരിക്കുകയാണ്'..!!!
എം.വി. വസന്ത്