വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
ഋഷി
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരുകാലത്ത് പേടിയോടെ മാത്രം നോക്കിയിരുന്ന ലങ്ക. രാമായണത്തിലെ രാവണപ്രഭുവിന്റെ സാമ്രാജ്യം. തങ്ങൾക്കുണ്ടായിരുന്ന എല്ലാ നെഗറ്റീവ് ഇമേജുകളും മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ ലങ്കയിൽ നടക്കുന്നത്. ലങ്കയിലേക്കുള്ള ജലപാതകൾ ടൂറിസം വികസനത്തിന്റെ പുതിയ ഓള പരപ്പുകൾ ആവുകയാണ്.
ടൂറിസം രംഗത്തിന് കരുത്തേകാനുള്ള നിരവധി പദ്ധതികളാണ് ലങ്കയുടെ ജലപാതകളിൽ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള പാസഞ്ചർ ഫെറി സർവീസ് ഇതിലൊരു സുപ്രധാന നാഴികക്കല്ലാണ്.
ചെറിയപാണി എന്നാണ് ഫെറി സർവീസ് നടത്തുന്ന കപ്പലിന്റെ പേര്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഫെറി സർവീസ് നടത്തുന്നത്. കൊച്ചി കപ്പൽ നിർമാണ ശാലയിൽനിന്നാണ് യാത്രയ്ക്കുള്ള ചെറുകപ്പൽ നിർമിച്ചത്.
പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 7,670 രൂപയാണ് യാത്രാ നിരക്ക്.
നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ശ്രീലങ്കയിലെ കാങ്കേശൻതുറൈയിലേക്കാണ് സർവീസ്. ജാഫ്നയിലേക്കും തമിഴ്നാട്ടിലേക്കും തുഛമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണിത്.
2011 ൽ കടൽ വഴിയുള്ള ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചതിനെ തുടർന്നാണ് ഫെറി സർവീസുകൾ പുനഃരാരംഭിച്ചത്. പരസ്പരം ബന്ധിപ്പിക്കലായിരുന്നു ഈ പങ്കാളിത്തത്തിലെ കേന്ദ്ര വിഷയം. ബന്ധിപ്പിക്കുക എന്നത് രണ്ട് നഗരങ്ങളെ അടുപ്പിക്കുക എന്നത് മാത്രമല്ല.
അത് നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നു, നമ്മുടെ ആളുകളെ കൂടുതൽ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുന്നു. വ്യാപാരം, വിനോദ സഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ബന്ധിപ്പിക്കൽ മെച്ചപ്പെടുത്തുന്നു.
അത് ഇരുരാജ്യങ്ങളിലെയും യുവജനങ്ങൾക്ക് അവസരങ്ങളും സൃഷ്ടിക്കുന്നു. സംസ്കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്.
നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുൾപ്പെടെ പല രാജ്യങ്ങളുമായുള്ള കടൽ വ്യാപാരത്തിന് പണ്ടേ പേരു കേട്ടവയാണ്. പൂംപുഹാർ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തിൽ പരാമർശിച്ചിട്ടുണ്ട്.
സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്ന് ലങ്കയിലേക്കുള്ള കപ്പൽ സർവീസ് ആണ് മറ്റൊരു ആകർഷണം.
തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കുള്ള ആഡംബര കപ്പൽ സർവീസ് ജനുവരിയിൽ തുടങ്ങും. ദുബായ് ആസ്ഥാനമായ സ്വകാര്യ കന്പനിയാണ് സർവീസ് നടത്തുന്നത്. മുംബയ് വി.ഒ. ചിദംബരനാർ പോർട്ട് ട്രസ്റ്റിൽ നടന്ന ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ കപ്പൽ സർവീസ് നടത്തുന്നതിനുള്ള കരാർ ഒപ്പിട്ടു.
രാമേശ്വരത്തു നിന്ന് തുത്തുക്കുടി വഴി കന്യാകുമാരിയിലേക്ക് കപ്പൽ സർവീസ് നടത്തുന്നതും പരിഗണനയിലുണ്ട്. രണ്ടാം തവണയാണ് തൂത്തുക്കുടി - ശ്രീലങ്ക കപ്പൽ സർവീസ് ആരംഭിക്കുന്നത്. 2011 ൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ജി.കെ. വാസനാണ് സർവീസ് ഉദ്ഘാടനം ചെയ്തത്.
സ്ക്കോട്ടിയ പ്രിൻസ് എന്ന ആഢംബര കപ്പലായിരുന്നു അന്ന് കടലിലിറക്കിയത്. സർവീസ് ആറു മാസമേ നിലനിന്നുള്ളൂ.തൂത്തുക്കുടിയിൽ നിന്നു 120 നോട്ടിക്കൽ മൈൽ ദൂരമാണ് ശ്രീലങ്കയിലേക്കുള്ളത്.
രാവിലെ പുറപ്പെടുന്ന കപ്പൽ ഉച്ചയ്ക്ക് കാങ്കേശന്തുറൈ തീരത്തെത്തും. ഉച്ചയ്ക്കുശേഷം മടക്കയാത്ര. 6000 രൂപയുടെ ഇക്കോണമി ക്ലാസിൽ 350 പേർക്കും 12,000 രൂപയുടെ ബിസിനസ് ക്ലാസിൽ 50 പേർക്കും യാത്രചെയ്യാം.
40 കാറുകൾ, 28 ബസുകൾ എന്നിവയും കപ്പലിൽ കയറ്റാം. സ്വന്തം വാഹനത്തിലെത്തുന്നവർക്ക് ശ്രീലങ്കയിലെ യാത്രയ്ക്ക് അത് ഉപയോഗിക്കാനാവും. ഒരു യാത്രക്കാരന് 80 കിലോ വസ്തുക്കൾ കപ്പലിൽ കയറ്റാം.ഡ്യൂട്ടി ഫ്രീഷോപ്പ്, ഹോട്ടൽ, വിനോദകേന്ദ്രം എന്നിവയും കപ്പലിലുണ്ടാകും.
യാത്രയ്ക്ക് വിസ, പാസ്പോർട്ട് എന്നിവ നിർബന്ധമാണ്. യാത്രാക്കപ്പൽ അടുത്ത മാസം തൂത്തുക്കുടിയിലെത്തും. രണ്ടാം ഘട്ടമായി തുടങ്ങുന്ന രാമേശ്വരം - കന്യാകുമാരി സർവീസ് ശ്രീലങ്കയിലേക്ക് നീട്ടാനും ആലോചനയുണ്ട്.