സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങളും സ്ക്രീന്‍ ഷോട്ടുകളും ഉണ്ടാക്കുന്ന പൊല്ലാപ്പുകളും വേദനകളും ചെറുതല്ല.
അതിന് ഇരായാകേണ്ടിവന്നവര്ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. പലപ്പോഴും വ്യാജവാര്‍ത്തകളുടെ പേരില്‍ ജീവിതംതന്നെ വഴിയാധാരമായവരും ഉറ്റവരുടെ വെറുപ്പ് സമ്പാദിച്ചവരും ഏറെ.
വ്യാജ അക്കൗണ്ടുകളില്‍ നിന്നു വരുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ നടപടി എടുക്കുക എന്നതുപോലും ഒരു പരിധിവരെ നടക്കാത്ത കാര്യമായി മാറിക്കഴിഞ്ഞു. സെലിബ്രറ്റികളും സാധാരണക്കാരും ഇതിന് ഇരയാകുന്നു.
അനുദിനമുണ്ടാകുന്ന സംഭവങ്ങള്‍ കൂട്ടിയുണ്ടാക്കിയാണ് പലപ്പോഴും ഇത്തരം വ്യാജവാര്‍ത്തകള്‍ "വിശ്വാസയോഗ്യമായി' സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ വ്യാജവാര്ത്തകള്തന്നെ എണ്ണിയാലൊടുങ്ങാത്തവയാണ്.
വ്യാജ വാര്‍ത്താ ചാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ട അവസ്ഥയും വന്നുകഴിഞ്ഞു.
വീഡിയോകളുടെ മുകളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്നര്‍ഥം വരുന്ന 'നോട്ട് വെരിഫൈഡ്' എന്ന മുന്നറിയിപ്പ് നല്‍കണമെന്നും സര്‍ക്കാര്‍ നിര്ദേശിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇതിന് പുറമെ ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ഉറപ്പുവരുത്താനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും യു ട്യൂബിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുന്നു എന്നത് വേറെ കാര്യം. യൂട്യൂബില്ലാതെയും വ്യാജ വാർത്തകൾ ധാരാളം വരുന്നുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സ്ക്രീന്‍ ഷോട്ടുകളായാണ് ഇവ എത്തുക. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ വ്യാജവാര്‍ത്തകള്‍ കേട്ടാല്‍ തന്നെ അറിയാം ഇതിന്റെ വ്യാപ്തി. കുറച്ചു കൂടി പിന്നിലേക്ക് പോയാല്‍ പിന്നെ പറയുകയും വേണ്ട.
ഇതിനെല്ലാം ഇരയായവര്‍ക്ക് തന്നെ ഇതിന് വിശദീകരണവുമായി രംഗത്തുവരേണ്ടിയും വരുന്നു എന്നതാണ് സത്യം. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യവും അതുതന്നെയായിരിക്കാം.
പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വരുന്ന ആയിരക്കണക്കിന് കമന്റുകളാണ് വ്യാജന്മാരുടെ ആവേശം.
അടുത്തിടെ കത്തിപ്പടര്‍ന്ന മൂന്ന് വ്യാജ വാര്‍ത്തകള്‍...
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹം സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലേക്ക് കൂടി ഇറങ്ങിയതോടെ വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടില്ല.
എന്ത് കിട്ടിയാലും രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുക്കുന്ന അവസ്ഥയാണ്. അതിലെ രാഷ്ട്രീയവും തെറ്റുകുറ്റങ്ങളും അവിടെ നില്ക്കട്ടെ...
സുരേഷ്ഗോപിയെ കുറിച്ച് സംവിധായകന് ഷാജി കൈലാസ് പറഞ്ഞുവെന്ന രീതിയില്‍ വന്ന ഒരു കാര്യം ഇങ്ങനെയാണ്...
കമ്മീഷണര്‍ സിനിമയോടു കൂടി സുരേഷ്ഗോപിയുടെ സ്വാഭാവം മാറിയെന്നും മൊത്തത്തില്‍ സിനിമയും ജീവിതവും എന്തെന്നറിയാത്ത അവസ്ഥയിലാണ് സുരേഷ്ഗോപി എന്നും സംവിധായകന് പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത.
ആരുടേയോ ബുദ്ധിയില്‍ വിരിഞ്ഞ ഈ നിരീക്ഷണം സംവിധായകന്റെ തലയിലായി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വാര്‍ത്ത കത്തിപ്പടര്‍ന്നു... ഒടുവില്‍ ഷാജി കൈലാസിന് നിഷേധ ക്കുറിപ്പിറക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
നടി മംമ്തമോഹന്ദാസിനോളം സോഷ്യല്‍ മീഡിയ അക്രമം നേരിട്ട ഒരു നടി അധികമൊന്നും കാണില്ല. അതും അവരുടെ ശാരീരിക അസുഖവുമായി ബന്ധപ്പെട്ടായിരുന്നുഎന്നതാണ് ഏറെ കഷ്ടം.
ഇനി പിടിച്ചുനില്ക്കാന് കഴിയില്ല ഞാന്‍ മരണത്തിന് കീഴടങ്ങുന്നു എന്നാണ് വ്യാജ സ്ക്രീന്‍ ഷോട്ടിലുള്ളത്. എന്തൊരു കഷ്ടമാണ്... ഇത് വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ മറുപടിയുമായി നടിക്ക് നേരിട്ട് രംഗത്തുവരേണ്ടിവന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വന്ന മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയായിരുന്നു. രജനികാന്തും വിജയും തമിഴ്നാട്ടുകാര്‍ക്ക് ആരാണെന്ന് ആരും പറഞ്ഞുതരേണ്ടതില്ല.
വലിയൊരു ആരാധകവൃന്ദത്തിന് ഉടമകളാണ് രണ്ടുപേരും. ഓരോ സിനിമയും ഇറങ്ങുമ്പോള്‍ പ്രിയതാരങ്ങളെ സ്ക്രീനില്‍ കാണാനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവരാണിവര്‍.
വിജയിയുടെ ലിയോ സിനിമ തിയറ്ററില്‍ ഓളം സൃഷ്ടിക്കുകയാണ്. എന്നാല്‍ ഈ സിനിമ വലിയ ദുരന്തമാണെന്ന് രജനികാന്തിന്റെ ഭാര്യ ലത പറഞ്ഞാലോ... എന്തായിരിക്കും അവസ്ഥ. ഇത്തവണ വ്യാജന്മാരുടെ ബുദ്ധിപോയത് ഈ വഴിക്കാണ്.
ഒടുവില്‍ ആരാധകര്‍ തമ്മില്‍ വലിയ പ്രശ്നമാകുമെന്ന് ഉറപ്പായതോടെ ഇത് വ്യാജമായി ആരോ നിര്‍മിച്ചതാണെന്ന് നടന്മാർക്കുതന്നെ പറയേണ്ടി വന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാത്രം ആരൊക്കെയോ നിര്‍മിച്ചെടുത്ത വ്യാജവാര്‍ത്തകളാണ് മുകളില്‍ പറഞ്ഞ മൂന്നും.
എല്ലാം ആളുകള്‍ ഒറ്റ ഇരുപ്പിന് വായിക്കുന്ന വാര്‍ത്തകള്‍. ഈ അവസ്ഥ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. ഇരകളാകുന്നവര്‍ക്ക് സ്വയം വിശദീകരിച്ചുകൊണ്ടേയിരിക്കാം. കാരണം വ്യാജന്മാര് ഇരുട്ടിലാണ്.
ഇവർക്കെതിരേയുള്ള നിയമങ്ങള്‍ ആ ഇരുട്ടിലെ ഒരുമിന്നാമിനുങ്ങുപോലും ആകുന്നില്ലെന്നതാണ് ഏറെ കഷ്ടം.