രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
എസ്. റൊമേഷ്
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീനം ചെലുത്തുന്ന രാജകുടുംബമാണ് ഗ്വാളിയാറിലെ സിന്ധ്യ കുടുംബം.
ബിജെപിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന രാജമാതാ വിജയരാജെ സിന്ധ്യയാണ് കുടുംബത്തിൽ ആദ്യമായി രാഷ്ട്രീയത്തിലെത്തിയത്. വിജയരാജ സിന്ധ്യയുടെ മക്കളും പേരക്കുട്ടികളും ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്നു.
മകൻ മാധവറാവു സിന്ധ്യ മൂന്നു തവണയാണ് കേന്ദ്രമന്ത്രിയായത്. മകൾ വസുന്ധരെ രാജെ കേന്ദ്രമന്ത്രിയും രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അവർ രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥിയാണ്.
മറ്റൊരു മകൾ യശോധരെ രാജെ മധ്യപ്രദേശിലെ മന്ത്രിയാണ്. വിജയരാജെ യുടെ പേരമകൻ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രിയാണ്.
തെരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിച്ച രാജമാത വിജയ രാജെ സിന്ധ്യ (1919-2001) യാണ് സിന്ധ്യ കുടുംബത്തിൽനിന്നും ആദ്യം രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
വിജയരാജെ സിന്ധ്യയുടെ യഥാർഥ പേര് ലേഖ ദിവ്യേശ്വരി ദേവി എന്നായിരുന്നു. ഗ്വാളിയോർ മഹാരാജാവ് ജിവാജിറാവു സിന്ധ്യയുടെ ഭാര്യയായിരുന്നു അവർ.
രാജ്യസഭയിലേക്കും ലോക്സഭയിലേക്കും അവർ പലതവണ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം കോൺഗ്രസിലും പിന്നീട് രാജിവച്ച് ജനസംഘിലുമെത്തിയ അവർ ബിജെപിയുടെ പ്രധാന സ്ഥാപകനേതാക്കളിലൊരാളാണ്.
കോൺഗ്രസ്, ജനസംഘ്, ബിജെപി ലേബലുകളിൽ അവർ പല തവണ ലോക്സഭയിലും രാജ്യസഭയിലുമെത്തി. ബിജെപി നേതാക്കൾ വളരെ ആദരവോടെ കണ്ടിരുന്ന നേതാവായിരുന്നു അവർ.
ആദ്യകാല ബിജെപിയുടെ പ്രധാന ഘടകങ്ങളിലെല്ലാം അവർ അംഗമായിരുന്നു. 1957ൽ കോൺഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച് എംപിയായി.
ജവഹർലാൽ നെഹ്റുവുമായി സിന്ധ്യ കുടുംബത്തിനുണ്ടായ അടുപ്പമാണ് വിജയരാജ ആദ്യകാലത്ത് കോൺഗ്രസിൽ നിന്നു മത്സരിക്കാനുണ്ടായ കാരണം. എന്നാൽ നെഹ്റു മരിച്ച ശേഷം അവർ കോൺഗ്രസുമായി അകലുകയായിരുന്നു.
നേരെ ജനസംഘത്തിലേക്ക്. മധ്യപ്രദേശിൽ ആദ്യം ജനസംഘത്തിനും പിന്നീട് ബിജെപിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു. 1971ൽ രാജ്യമെമ്പാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോൾ മധ്യപ്രദേശിനെ കാവി പുതപ്പിക്കാൻ വിജയരാജെയ്ക്ക് കഴിഞ്ഞു.
എൽ.കെ. അഡ്വാനിയും വാജ്പേയിയും ഭൈറോൺസിംഗ് ഷെഖാവത്തും രാജമാതാ വിജയരാജെ സിന്ധ്യയുമായിരുന്നു ബിജെപിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനികൾ. 2001ല്‍ ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.
1957ലും 1962ലും നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിൽ എത്തിയ വിജയരാജെ സിന്ധ്യ കോൺഗ്രസ് വിടുന്നതിനുണ്ടായ മുഖ്യ കാരണം ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന ശത്രുതയായിരുന്നു.
ഇന്ത്യൻ എക്സ്പ്രസ് ഉടമ രാംനാഥ് യോഗങ്കയും ഇന്ദിരയുമായി അക്കാലത്ത് നല്ല ഉടക്കിലായിരുന്നു. എന്നാൽ വിജയരാജെ സിന്ധ്യയാകട്ടെ ഗോയങ്കയുടെ അടുത്ത സുഹൃത്തും. ഈ ബന്ധത്തിന്റെ പേരിലാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിക്കുന്നത്.
ഈ വിരോധം പിന്നീട് വളർന്നുകൊണ്ടേയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ ആക്ട് പ്രകാരം ഇന്ദിരാഗാന്ധി, വിജയരാജെ സിന്ധയെ തിഹാർ ജയിലിൽ അടച്ചു.
തന്നെയുമല്ല അടിയന്തരാവസ്ഥക്കാലത്ത് അവർ വിജയരാജയുടെ കൊട്ടാരമായ ഗ്വാളിയാറിലെ ജെയ് വിലാസ് പാലസ് ഇൻകംടാക്സ് ഉദ്യോഗസ്ഥരെക്കൊണ്ട് റെയ്ഡ് ചെയ്യിക്കുകയും 5,300 കിലോ വെള്ളിയും കിലോക്കണക്കിന് സ്വർണവും അനേകം വജ്രാഭരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
രാജമാതയ്ക്കും മക്കൾക്കുമെതിരേ കണക്കിൽക്കവിഞ്ഞ സ്വത്ത് സന്പാദിച്ചതിനും കള്ളക്കടത്തിനും കേസെടുത്തു. ഇതോടെ ഇവർ തമ്മിലുള്ള വൈര്യം ഇരട്ടിച്ചു.
എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് തടവിലാകുമെന്ന് ഭയപ്പെട്ട മകൻ മാധവറാവു സിന്ധ്യ അതിൽനിന്നു രക്ഷപ്പെടാനായി ഇംഗ്ലണ്ടിലേക്ക് കടന്നു.
അടിയന്തരാവസ്ഥയുടെ കോലാഹലങ്ങളും അറസ്റ്റും ബഹളവുമെല്ലാം കെട്ടടങ്ങിയ ശേഷമാണ് സിന്ധ്യ ഇന്ത്യയിൽ തിരിച്ചെത്തിയത്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ മാധവറാവു ഇംഗ്ലണ്ടിലേക്ക് കടന്നത് അമ്മയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.
മാധവറാവുവും അമ്മയും തമ്മില്‍ സ്വത്തിന്റെ പേരില്‍ ഇടഞ്ഞു. ഇന്ദിരാഗാന്ധിയുടെ മക്കളുടെ അടുത്ത സുഹൃത്തായി മാറിയ മാധവറാവു കോണ്‍ഗ്രസില്‍ ചേര്‍ന്നു.
അങ്ങനെ നെഹ്റു കുടുംബത്തിന്റെ ഏറ്റവുമടുത്തയാളും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായി മാറി.
അടിയന്തരാവസ്ഥയിലെ പേടിയാണ് മാധവറാവുവിനെ കോണ്‍ഗ്രസില്‍ ചേരാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് സഹോദരി യശോധര തന്നെ പറയുന്നുണ്ട്.
തുടരും