സന്ധികളിൽ യൂറിക് ആസിഡ് അടിയുന്പോൾ...
Saturday, October 28, 2023 12:50 PM IST
ആമവാതം പോലുള്ള ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍ രാവിലെ എഴുന്നേല്ക്കുമ്പോള് ആയിരിക്കും വേദനയും കാഠിന്യവും കൂടുതലായി അനുഭവപ്പെടുന്നത്.
കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുന്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആര്‍ത്രൈറ്റിസുകളില്‍ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
ഗൗട്ട്
ഗൗട്ട് എന്ന ആര്‍ത്രൈറ്റിസില്‍(സന്ധിവാതം) ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല്‍ മീനുകള്‍, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്‍, ചീര, കൂണ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആദ്യഘട്ടങ്ങളില്‍ വേദനയുണ്ടാകുന്നത് ഒരു സന്ധിയില്‍ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്ക് ഇവ പടരുകയും ശരീരം തീരെ അനക്കാന്‍ സാധിക്കാത്ത സ്ഥിതി വരികയും ചെയ്തേക്കാം.
ആര്‍ത്രൈറ്റിസ് - കാരണങ്ങൾ
അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം.
ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസാന്‍ ഇടയാകും.
രോഗപ്രതിരോധ സംവിധാനത്തില്‍ സംഭവിക്കുന്ന വ്യത്യാസങ്ങൾ
രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്ക്കാന് നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിംഗ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.
ഗൗട്ട് ഉണ്ടാകുന്നത്....
ശരീരത്തിലുള്ള ഡിഎന്‍എയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്റെയും മറ്റുചില ആഹാര പദാര്‍ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോല്പ്പന്നമാണ് യൂറിക് ആസിഡ്.
ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള
സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം