ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഒരു പുതിയ വിഭവം പരീക്ഷിക്കുന്പോൾ നമ്മൾ സംശയാലുക്കളായിരിക്കും. അത് ആസ്വാദ്യകരവും സ്വാദിഷ്ടവും ആയി മാറുന്നില്ലെങ്കിൽ തീർച്ചയായും വെറുത്തുപോകും.
ഇന്ത്യക്കാരുടെ പ്രിയ ഡിഷുകളിലൊന്നായ ഗാർലിക് നാൻ ആദ്യമായി കഴിച്ചശേഷം ഒരു അമേരിക്കൻ യുവാവ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പുതിയ വിശേഷം.
കെന്റിക്കിയിലെ കേവ് സിറ്റിയിൽനിന്നുള്ള ലൂക്ക് കോളിൻസ് എന്നയാൾ പങ്കിട്ട റീലിൽ, പല ഇന്ത്യൻ വിഭവങ്ങൾ രുചിക്കുന്നതു കാണാം. ആദ്യം യുവാവ് മൊരിഞ്ഞ ഉള്ളി ഭജിയ നിറച്ച ഒരു പെട്ടി എടുക്കുന്നു.
തുടർന്ന് ഗാർലിക് നാൻ ബട്ടർ ചിക്കൻ മുക്കി ആസ്വദിക്കുന്നു. ഒരു പൊതിച്ചോറും പരീക്ഷിക്കുന്നു. ശേഷം ഗുലാബ് ജാമും. എന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ച ഏറ്റവും മികച്ച ബ്രെഡാണിതെന്നാണ് നാൻ കഴിച്ചശേഷമുള്ള കോളിൻസിന്റെ പ്രതികരണം.
ഇതു കനം കുറഞ്ഞതാണെന്നും വെളുത്തുള്ളിയുടെ രുചിയുണ്ടെന്നും മികച്ചരീതിയിൽ പാകം ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയശേഷം 9.5 റേറ്റിംഗ് നൽകുന്നതായും കോളിൻസ് പറഞ്ഞു.
ഇതുവരെ നാൻ കഴിച്ചിട്ടില്ലെന്നും ഉടനെ കഴിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വീഡിയോയ്ക്ക് കമന്റിട്ടവരുടെ പ്രതികരണം.