വെളിച്ചെണ്ണയ്ക്കു മുലപ്പാലിനോളം ഗുണം
Tuesday, October 24, 2023 12:22 PM IST
മുലപ്പാലിൽ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ബലം നൽകാനും സഹായിക്കുന്നു.
കാൻസർ പ്രതിരോധവും ചികിത്സയും
തേങ്ങാപ്പാലിൽ നിന്നു തയാറാക്കുന്ന വെർജിൻ കോക്കനട്ട് ഓയിൽ ഒരു ടിസ്പൂൺ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാൻസർ പ്രതിരോധത്തിനു സഹായിക്കുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.
കാൻസർ രോഗിയുടെ ശരീരത്തിൽ പേശികളുടെ വിഭജനം അതിവേഗത്തിൽ നടക്കുന്നതിനാൽ കീറ്റോണുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉൽപ്പാദനത്തെ മന്ദഗതിയിലാക്കി കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
വില്ലനാവുന്നതെപ്പോൾ?
ഇത്രയേറെ സവിശേഷഗുണമുള്ള വെളിച്ചെണ്ണ മാറ്റിനിർത്തി മറ്റു എണ്ണകൾ ഉപയോഗിക്കാൻ കാരണമെന്താണ്?
അപൂരിത എണ്ണയിൽ പെട്ടതാണെങ്കിലും വെളിച്ചെണ്ണയ്ക്ക് പൂരിതഎണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.
പാമോയിൽ, വനസ്പതി, മാംസാഹാരം, പാൽ, പാക്കറ്റ് ഫുഡ്സ് എന്നിവയാണ് പ്രധാനകാരണക്കാർ എങ്കിലും സസ്യഎണ്ണയായ വെളിച്ചെണ്ണയുടെ അമിത പ്രയോഗവും കാരണമായേക്കാം.
ഇതോടൊപ്പം മാറിയ ജീവിത രീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണ രീതികളും ജീവിത ശൈലീരോഗങ്ങൾക്ക് കാരണമാകുന്നു.
എങ്ങിനെ സുഹൃത്താക്കാം?
* നിയന്ത്രിത അളവിൽ വെളിച്ചെണ്ണയും ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേർത്ത മിക്സഡ് ഓയിൽ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്.
* ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം.
നിയന്ത്രിത അളവിൽ ഉപയോഗിക്കാം
നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പറഞ്ഞു ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ബുദ്ധിപൂർവ്വം പോഷകപ്രദമായി ഉപയോഗിക്കുക.
വിവരങ്ങൾ: അനു മാത്യു
ഡയറ്റീഷ്യൻ എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം