അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നവരുടെ കണ്ണു നനച്ചു. സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന വയോധികന്റെ മരണത്തിൽ ദുഃഖിക്കുന്ന കുരങ്ങന്റേതാണ് വീഡിയോ.
ഉത്തർപ്രദേശിലെ അംറോഹയിൽ രാംകുൻവർ സിംഗ് എന്ന വയോധികൻ ഒരു കുരങ്ങന് സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. രണ്ടു മാസം മുന്പാണ് കുരങ്ങനുമായി സിംഗ് ചങ്ങാത്തത്തിലാകുന്നത്. റൊട്ടിയാണ് പതിവായി കൊടുത്തിരുന്നത്.
കഴിഞ്ഞ ദിവസം സിംഗ് മരിച്ചു. പതിവുപോലെ ഭക്ഷണം തേടിയെത്തിയ കുരങ്ങനു നിശ്ചലനായി കിടക്കുന്ന തന്റെ അന്നദാതാവിനെയാണ് കാണാൻ കഴിഞ്ഞത്. ദുരന്തം മനസിലാക്കിയപോലെ കുരങ്ങൻ മൃതദേഹത്തിന്റെ സമീപമിരുന്നു.
സിംഗിന്റെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഇരിപ്പ്. കുരങ്ങൻ കണ്ണീർ പൊഴിക്കുന്നതും വീഡിയോയിൽ കാണാം. സംസ്കാരച്ചടങ്ങുൾക്കായി മൃതദേഹം കൊണ്ടുപോയ വാഹനത്തിലും കുരങ്ങൻ ഇരിപ്പുറപ്പിച്ചു. 40 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു.
കുരങ്ങൻ സിംഗിന്റെ മറ്റ് ബന്ധുക്കൾക്കൊപ്പം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുക മാത്രമല്ല, ചിതയ്ക്ക് സമീപം വളരെനേരം കാത്തിരിക്കുകയും ചെയ്തു.
വീഡിയോക്കുള്ള ഒരു കമന്റ് ഈവിധമായിരുന്നു: "പ്രകൃതി ഇങ്ങനെയൊക്കെയാണ്... നാം അഹങ്കരിക്കുന്നതുപോലെയല്ല..! മനുഷ്യനും മൃഗവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഇവിടെ അനാവരണം ചെയ്യുന്നത്...'