തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
എസ്. റൊമേഷ്
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ തലമുറയിൽപ്പെട്ട പലരും അവരെക്കുറിച്ച് കേട്ടിരിക്കാനിടയില്ല. പക്ഷേ അറുപതുകളിലും എഴുപതുകളിലും ഇന്ത്യയിലെ പ്രധാന പത്രങ്ങളിലൊക്കെ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു ഗായത്രീദേവി.
പ്രമുഖ സ്വതന്ത്ര്യ സമര സേനാനായിരുന്ന സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ കോൺഗ്രസിനെതിരായി രൂപവത്കരിച്ച സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു അവർ. രാജസ്ഥാനിൽ ഗായത്രീദേവിയുടെ നേതൃത്വത്തിലായിരുന്നു സ്വതന്ത്രാ പാർട്ടി സ്ഥാപിച്ചത്.
കോൺഗ്രസ് പാർട്ടി ഇന്ത്യയിലെന്പാടും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ മുഴുവൻ വന്പൻ വിജയം നേടിയപ്പോൾ അതിനു തടയിട്ടത് ഗായത്രീദേവിയുടെ വ്യക്തിപ്രഭാവമായിരുന്നു. ഗായത്രീദേവിക്കെതിരേ മത്സരിക്കുന്നത് ആരാണെങ്കിലും കെട്ടിവച്ച കാശു കിട്ടില്ല എന്ന നിലയിലായിരുന്നു അവരുടെ വ്യക്തി പ്രഭാവം.
രാജസ്ഥാനിലെയോ പശ്ചിമ ബംഗാളിലെയോ ഏതുസീറ്റിൽനിന്ന് ഏതു പാർട്ടിക്കാരിയായി മത്സരിച്ചാലും അവർ നിഷ്പ്രയാസം വിജയിക്കുമായിരുന്നു. അത്രയ്ക്ക് സ്വീകാര്യത അവർക്കുണ്ടായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി കോൺഗ്രസിൽ ചേരാൻ അഭ്യർഥിക്കുകയും അതിനായി ചില ഓഫറുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തുവെങ്കിലും തന്റെ ആദർശത്തിലുറച്ചു നിന്ന അവർ അത് നിരസിച്ചു.
അന്ന് കോൺഗ്രസിൽ ചേർന്നിരുന്നുവെങ്കിൽ അവർ കേന്ദ്രമന്ത്രിയായേനെ. 1967ലെ തെരഞ്ഞെടുപ്പിൽ ഭൈറോൺസിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജനസംഘവുമായി ചേർന്ന് രാജസ്ഥാനിലെന്പാടും കോൺഗ്രസിന് പ്രഹരമേൽപ്പിക്കാൻ അവർക്കു കഴിഞ്ഞു.
രാജ്യമെന്പാടും പ്രത്യേകിച്ച് ഉത്തരേന്ത്യയിലാകെ കോൺഗ്രസ് തേരോട്ടം നടത്തുന്പോൾ അതിനെ പിടിച്ചു കെട്ടാൻ ഗായത്രീദേവിക്കായി. തന്നെയുമല്ല കോൺഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച കാശുപോലും ലഭിക്കാത്ത രീതിയിലുള്ള വന്പൻ വിജയവുമാണ് അവർ നേടിയിരുന്നത്.
1962ൽ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ ജയ്പുർ ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത 2,46,516 വോട്ടിൽ 1,92,909 വോട്ടിന്റെ വന്പൻ ഭൂരിപക്ഷം അവരെ ഗിന്നസ് ബുക്കിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു വിജയമെന്ന റിക്കാർഡാണ് അന്ന് ഗായത്രീ ദേവി കുറിച്ചത്.
ആകെ വോട്ടിന്റെ 78 ശതമാനവും നേടിയായിരുന്നു അവരുടെ വിജയം. ലോക്സഭയിലേക്ക് പല തവണ കോൺഗ്രസിനെതിരായി മത്സരിച്ചെങ്കിലും ഒരിക്കൽപ്പോലും അവർക്കു പരാജയം ഏറ്റുവാങ്ങേണ്ടി വന്നില്ല.
ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്തു സ്ത്രീകളിലൊരാളായി ‘വോഗ്' എന്ന ലോകപ്രശ്ത ഫാഷൻ മാസിക ഗായത്രീദേവിയെ തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കുപോലും ഗായത്രിദേവീയോട് അസൂയയായിരുന്നു എന്നു പരക്കെ സംസാരമുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുമായും അദ്ദേഹത്തിന്റെ ഭാര്യ ജാക്വലിൻ കെന്നഡിയുമായും അടുത്ത സൗഹൃദം ഗായത്രിക്കുണ്ടായിരുന്നു. ജാക്വിലിൻതന്നെ തന്റെ അടുത്ത സുഹൃത്താണ് ഗായത്രിദേവിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ കടുത്ത എതിരാളി ആയിരുന്നു ഗായത്രി. ലോക്സഭയിൽ പല തവണ അവർ ഇന്ദിരയെ വിമർശിച്ചു പ്രസംഗിച്ചിട്ടുണ്ട്. 1967 ലും 1971 ലും വിജയം ആവർത്തിച്ചു. ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെയും ഫാഷന്റെയും രാജകീയതയുടെയും ഒക്കെ പ്രതീകമായിരുന്നു അവർ.
ബംഗാളിലെ വലിയൊരു നാട്ടുരാജ്യമായിരുന്ന കൂച്ച് ബിഹാറിലാണ് അവർ ജനിച്ചത്. രാജ്യത്തെ ജിതേന്ദ്ര നാരായൺ രാജാവിന്റെയും ബറോഡ രാജകുടുംബത്തിലെ ഇന്ദിര രാജിയുടെയും ഏക മകളായിട്ടാണ് ജനനം.
1919 മേയ് 23ന് ലണ്ടനിലായിരുന്നു അവരുടെ ജനനം. അതി സന്പന്നതയിലാണ് അവർ ബാല്യകാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കൊട്ടാരത്തിൽ അഞ്ഞൂറോളം പരിചാരകരാണ് ഉണ്ടായിരുന്നതത്രേ. ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകൾ അവർ അനായാസം കൈകാര്യം ചെയ്തിരുന്നു.
ജയ്പുരിലെ മഹാരാജാ സാവായ് മാൻസിംഗ് രണ്ടാമനുമായുള്ള വിവാഹത്തോടെ അവർ ജയ്പുർ റാണിയുമായി. ജയ്പുർ രാജാവ് ഗായത്രീദേവിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. 1940 മേയ് 9നായിരുന്നു ഇവരുടെ വിവാഹം.
ശാന്തിനികേതനിലെ വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സർലണ്ടിലെ ലൗസാന്നെയിലും ലണ്ടൻ കോളജ് ഓഫ് സെക്രട്ടറീസിലും പഠനം നടത്തി. ശാന്തിനികേതനിലെ വിദ്യാഭ്യാസ കാലത്ത് ഇന്ദിരാഗാന്ധിയും അവിടെ പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ദിരാഗാന്ധിക്കും ഗായത്രീദേവിക്കും പരസ്പരം അറിയാമായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്പോൾ ഗായത്രി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റുണ്ടാവുമെന്നും അവിടെനിന്നും പോകരുതെന്നും സുഹൃത്തുക്കൾ അവരെ നിർബന്ധിച്ചെങ്കിലും ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി അവർ നേരെ പാർലമെന്റിലേക്കാണ് പോയത്.
ഈ വിവരം അറിഞ്ഞ ഉടൻ അവരുടെ ഡൽഹിയിൽ ഔറംഗസേബ് റോഡിലുള്ള വസതിയിൽ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തി. കണക്കിൽ കവിഞ്ഞ പണവും സ്വർണാഭാരണങ്ങളും കൈവശം വച്ചു എന്നാരോപിച്ച് അവർക്കെതിരേ കൊഫേപോസ (കൺസേർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻഓഫ് സ്മഗ്ലിംഗ് ആക്ട്) ചുമത്തുകയും അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.
1975 ജൂലൈയിൽ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കപ്പെട്ട അവർ ആറു മാസത്തോളം തടവിൽ കഴിഞ്ഞു. ജയിലിലായിരുന്നപ്പോഴും സാമൂഹിക സേവന പാത അവർ പിന്തുടർന്നു. ജയിലിലുള്ള പെൺകുട്ടികളെ പഠിപ്പിക്കാൻ അവർ സമയം ചെലവഴിച്ചു. 1976 ജനുവരി മാസം ജയിൽ വിമുക്തയായ ശേഷം അവർ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.
സാമൂഹിക സേവനവും സ്വന്തം കാര്യവുമായി ഒതുങ്ങിക്കൂടുകയായിരുന്നു. 1999ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ബംഗാളിലെ കുച്ച് ബിഹാർ ലോക്സഭാ സീറ്റിൽനിന്ന് മത്സരിക്കാൻ അവരെ നേരിട്ട് ക്ഷണിച്ചുവെങ്കിലും വിജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അവർ മത്സരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയും ഗായത്രിദേവിയും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. ഗായത്രീ ദേവിക്ക് തന്നേക്കാൾ വലിയ ഭൂരിപക്ഷം ലഭിക്കുന്നതും അവരുടെ ഫാഷനിലുള്ള നടപ്പും പിന്നെ കോൺഗ്രസിനോടുള്ള എതിർപ്പുമെല്ലാം ഇന്ദിരയെ അവരുടെ പ്രധാന ശത്രുവാക്കി മാറ്റിയെന്നായിരുന്നു അക്കാ ലത്തെ സംസാരം.
പ്രിവിപഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ രൂപവത്കരണവേളയിലെ ധാരണപ്രകാരം രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേകാവകാശങ്ങളും നിഷേധിക്കാനുള്ള കാരണംതന്നെ ഇന്ദിരയ്ക്ക് ഗായത്രിയോടുള്ള പകയാണെന്നും അക്കാലത്ത് സംസാരമുണ്ടായിരുന്നു.
ഈ പകയാണത്രെ പിന്നീട് അവരെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടച്ചതിനും കാരണം. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ ശ്രദ്ധാലുവായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് അവരെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നു കരുതിയ ഗായത്രീദേവി അവർക്കായി സ്കൂളുകളും സ്ഥാപിച്ചു.
ജയ്പുരിലെ പ്രശസ്തമായ രണ്ടു വിദ്യാലയങ്ങളുടെ സ്ഥാപകയായിരുന്നു അവർ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജയ്പുരിൽ ഗായത്രി ദേവി തുടങ്ങിയ സ്കൂളാണ് പ്രശസ്തമായ മഹാറാണി ഗായത്രി ദേവി ഗേൾസ് പബ്ലിക് സ്കൂൾ.
ബഹുമുഖ പ്രതിഭയും കലാസ്നേഹിയുമായിരുന്നു ഗായത്രീദേവി. ഗായത്രി ദേവിയുടെ ആത്മകഥയാണ് എ പ്രിൻസസ് റിമംബേഴ്സ്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഡോക്യുമെന്ററി ജയ്പുർ രാജമാതയായ ഗായത്രിദേവിയെക്കുറിച്ചുള്ളതാണ്.
അവരെ ബന്ധുക്കളും സുഹൃത്തുക്കളും "ആയിഷ' എന്നു വിളിച്ചു. ജഗത് സിംഹ് രാജകുമാരനായിരുന്നു ഗായത്രിയുടെ ഏക മകൻ. അദ്ദേഹം 1997ൽ 48ാമത്തെ വയസിൽ നിര്യാതനായി. പേരക്കുട്ടികൾ രാജകുമാരി ലാളിത്യകുമാരി, ദേവ് രാജ് സിംഹ് രാജകുമാരൻ എന്നിവരാണ്.
2009 ജൂലൈ 29ന് 90ാം വയസിലായിരുന്നു ഗായത്രിദേവിയുടെ അന്ത്യം. വാർധക്യസഹജമായുണ്ടായ കുടലിലെ രോഗത്തിന് ഏറെനാൾ ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു മരണം.
ലണ്ടനിലെ കിംഗ് എഡ്വേർഡ്സ് ആശുപത്രിയിലെ ഏകാന്തത അസഹനീയമായപ്പോൾ അവരുടെ ആഗ്രഹപ്രകാരം ജയ്പുരിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുവന്നു. അന്നുമുതൽ ജയ്പുരിലെ സന്തോക് ബദുർലഭ് മെമ്മോറിയൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയായിരുന്നു.
മരണത്തിന് ഏതാനും ദിവസംമുമ്പ് ആശുപത്രി വിട്ടെങ്കിലും ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് മരണത്തിനു തലേന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.