പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
Saturday, October 7, 2023 3:59 PM IST
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്ട് കണ്ണൂരിലെ ഒരു ചെറുപട്ടണമായ പഴയങ്ങാടിയുടെ ഗതകാല ചരിത്രത്തില്‍.
ആറര പതിറ്റാണ്ടുമുമ്പ് ഇവിടെയുള്ള സുമനസുകള്‍ വിത്തിട്ട് മുളപ്പിച്ചെടുത്ത ആന്ധ്രയിലെ ഒരു ഗ്രാമത്തിന്റെ നിലനില്‍പ്പിന്റേയും വളര്‍ച്ചയുടേയും കഥകൂടിയാണിത്.
പലകാരണത്താല്‍ കേരളത്തിലേക്ക് നിരവധി ആന്ധ്രാ സ്വദേശികള്‍ കുടിയേറിയിട്ടുണ്ടായിരുന്നു. ഉപ്പള, വടകര, കുറ്റിപ്പുറം, വളപട്ടണം എന്നിവിടങ്ങള്‍ക്കൊപ്പമാണ് പഴയങ്ങാടിയിലും ഇവരെത്തിയത്.
വന്നവരില്‍ പലരും പിന്നീട് നാടണഞ്ഞപ്പോഴും പഴയങ്ങാടിയിലിലെത്തിയവരില് പലരും തിരിച്ചുപോകാനിഷ്ടപ്പെട്ടില്ല.
ദുര്ഗപ്പള്ളിയുടെ തലവര മാറ്റിയ കുടിയേറ്റം
1957ല്‍ ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ ഗുണ്ടൂട്ടപ്പള്ളിയിലെ ദുര്ഗപ്പള്ളി എന്ന ഗ്രാമത്തില്‍നിന്ന് കടക്കിലിഷ മുര്‍ഷീദ് പഴയങ്ങാടിയിലെത്തിയതോടെയാണ് ഈ ചരിത്രം ഇതള്‍ വിരിക്കുന്നത്.
പഴയങ്ങാടിക്കാര്‍ക്ക് ഇയാളുടെ ഭാഷ അപരിചിതമായിരുന്നുവെങ്കിലും വിശപ്പിന്റെ ഭാഷയ്ക്ക് അതിര്‍വരമ്പുകളില്ലായിരുന്നു.
ഇയാള്‍ക്കാവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും നല്കി സ്നേഹത്തിന്റെ കലവറ തുറന്നുവച്ചതോടെ ലഭിച്ച വസ്ത്രങ്ങളുടെ വലിയ കെട്ടുമയാണ് ഇയാള്‍ ആന്ധ്രയില്‍ തിരിച്ചെത്തിയത്.
കൊണ്ടുവന്ന വസ്ത്രങ്ങള്‍ ദുര്ഗപ്പള്ളിയിലെ ഗ്രാമവാസികള്‍ക്ക് വിതരണം ചെയ്തതോടെ, ഇയാള്‍ക്ക് ഗ്രാമവാസികള്‍ നല്കിയ സ്നേഹവായ്പും ആദരവുമായിരുന്നു പഴയങ്ങാടിയിലേക്കുള്ള ആന്ധ്രക്കാരുടെ വരവിന് കാരണമായത്.
മുര്‍ഷീദ് തിരിച്ചെത്തിയത് ഭാര്യയും മകന് മെഹബൂബുമൊത്തായിരുന്നു. അന്ന് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ മാത്രമായിരുന്നു ഇവരുടെ ശീലം. എങ്കിലും പഴയങ്ങാടിയുടെ പരസ്നേഹം ഇവരെ ആട്ടിപ്പായിച്ചില്ല.
വസ്ത്രങ്ങളായും പണമായും ഭക്ഷണമായും ഇവരിലേക്കൊഴുകി. ചെറിയൊരു ഇടവേളക്ക് ശേഷം ഇവരും തിരിച്ച് നാട്ടിലെത്തി.
പഴയങ്ങാടിയുടെ സ്നേഹത്തെപ്പറ്റി വിവരിച്ചപ്പോള്‍ ജോലിയും കൂലിയും ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ ബുദ്ധിമുട്ടിലായിരുന്ന കൂറേപേര്കൂടി പഴയങ്ങാടിയിലെത്തി.
പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തുണ്ടായിരുന്ന ബേക്കറിയുടെ മുകളിലായിരുന്നു ആദ്യകാലത്തെ അന്തിയുറക്കം. പിന്നീട് വാടിപ്പുറം, മുട്ടം, വെങ്ങര, ബീവിറോഡ് എന്നിവിടങ്ങളിലേക്ക് താമസം മാറുകയായിരുന്നു.
പാര്‍ശ്വവല്‍ക്കരണത്തില്‍ നിന്ന് ഐഎഎസിലേക്ക്
കാലങ്ങള്‍ പിന്നിട്ടതോടെ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി ജീവിക്കുന്നത് ശരിയല്ലെന്ന തിരിച്ചറിവില്‍ ആക്രി വില്‍പ്പനയിലേക്കാണ് ആദ്യമിവര്‍ തിരിഞ്ഞത്.
ക്രമേണേ അവരുടെ മക്കളും ആ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസമില്ലാത്ത ഒരുതലമുറകൂടി വളരുകയായിരുന്നു.
ഇതിനിടയില്‍ പഴയങ്ങാടി പൊടിത്തടത്ത് പ്രവര്‍ത്തിക്കുന്ന ഗാര്ഡിയന് എയ്ഞ്ചല്‍സിന്റെ സാരഥി ഉസ്താദ് അബ്ദു റഷീദ് സഖാഫി രംഗത്തെത്തിയതോടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നത്തിനും പരിഹാരമായി.
ആന്ധ്രയിലെ ഇവരുടെ ഗ്രാമം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷമായിരുന്നു ഉസ്താദിന്റെ ഇടപെടല്‍. എന്നാല്‍ പഴയങ്ങാടിയിലെ കുട്ടികളുമായി ഒത്തുപോകുന്നതിന് ആന്ധ്രക്കാരുടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടായി.
മാക്കൂട്ടം, മയ്യില്‍ എന്നിവിടങ്ങളിലെ സ്കൂളുകളില്‍ ചേര്‍ത്തായിരുന്നു ഈ പ്രശ്നത്തിനും പരിഹാരമാക്കിയത്.
കാലചക്രം പിന്നിട്ടപ്പോള്‍ ഇവരുടെ കൂട്ടത്തില്‍ എൻജിനിയറുണ്ടായി... ഐഎഎസിന് പഠിക്കുന്ന കുട്ടിയുമുണ്ടായി....
ഐഎഎസിന് പഠിക്കുന്ന കുട്ടിയുടെ മുഴുവന്‍ ചെലവും നിര്‍വഹിക്കുന്നതും ഗാര്ഡിയന് എയ്ഞ്ചല്‍സാണ്.
ആന്ധ്രക്കാരായ എട്ടുപേര്‍ക്ക് ജോലി കൊടുക്കാനും ഈ സ്ഥാപനത്തിനായി. ചിലര്‍ മെക്കാനിക്കായി വര്‍ക്ക്ഷോപ്പുകളില്‍ ജോലിചെയ്യുന്നു. പത്തിലധികം കുട്ടികള്‍ ഇന്ന് പ്ലസ് ടുവിന് പഠിക്കുന്നു. സ്ത്രീകളില്‍ ചിലര്‍ ഇപ്പോഴും വസ്ത്രശേഖരണത്തിനായി പോകാറുണ്ട്.
എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇവിടുത്തെ പുരുഷന്മാര് ആരുടെ മുമ്പിലും കൈനീട്ടാതെയാണ് ജീവിക്കുന്നത് എന്നതുതന്നെ ഇവര്‍ സ്വപ്നംപോലും കാണാത്ത സൗഭാഗ്യമാണ്.
അവശേഷിക്കുന്നത് നൂറോളം കുടുംബങ്ങള്‍
പിന്നീട് ചെയ്യാനാവുന്ന കൂലിപ്പണികളിലേക്ക് ഇവര്‍ തിരിഞ്ഞു. വലിയൊരു മാറ്റത്തിനുള്ള തുടക്കമായിരുന്നു ഇത്.
പുരുഷന്മാരും സ്ത്രീകളില്‍ പലരും നിര്‍മാണ മേഖലയില്‍ കൂലിപ്പണിക്കാരായി. വരുമാനമുണ്ടാകാന്‍ തുടങ്ങിയതോടെ സ്വന്തമായി സ്ഥലം വാങ്ങി വീടുവച്ച് താമസിക്കുന്നവരുമുണ്ട്.സംസാരത്തിലും വേഷങ്ങളിലും ഇവരില്‍ കാലം മാറ്റംവരുത്തി.
ഇവിടെനിന്നയക്കുന്ന പണം ദുര്ഗപ്പള്ളി എന്ന ഗ്രാമത്തിന്റെ സമൂലമാറ്റത്തിനും ഇടയാക്കി. പഴയങ്ങാടിയിലേക്ക് ആദ്യമെത്തിയ മുര്‍ഷീദ് മരിച്ചതോടെ ഇയാളുടെ ഭാര്യ തിരിച്ചുപോയി.
പിന്നാലെ മകന് മെഹബൂബും ആന്ധ്രയിലേക്ക് പോയി. സിയാ വിഭാഗമല്ലെങ്കിലും ഇതിനോട് സാദൃശ്യമുള്ള മതവിഭാഗങ്ങളാണ് പഴയങ്ങാടിയിലുള്ളതെന്ന് ഉസ്താദ് അബ്ദു റഷീദ് സഖാഫി പറയുന്നു.
എല്ലാ വര്‍ഷവും മുഹറം അഞ്ച് മുതല്‍ പത്തുവരെ നടക്കുന്ന മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് എല്ലാവരും ആന്ധ്രയിലെത്തും.