അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
ജോമോൻ പിറവം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടം.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്നു നിരവധി ആളുകളാണ് അരീക്കൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് ഇവിടെ എത്തിച്ചേരുന്നത്.
പ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കലിൽ 150 അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ജലം പാറയിടുക്കുകളിൽ തട്ടിതൂകി മഞ്ഞുകണങ്ങൾ പോലെ പതഞ്ഞൊഴുകുന്ന കാഴ്ച ഏറെ മനോഹാരിത നിറഞ്ഞതാണ്.
വെള്ളച്ചാട്ടത്തിന്റെ ചുറ്റും ഇടതൂർന്ന് മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാനന ഭംഗിയുടെ പ്രതീതി ജനിപ്പിക്കുന്നു. പ്രധാന റോഡിൽ നിന്നു കൽപ്പടവുകൾ ഇറങ്ങി താഴേക്ക് എത്താം.
ഇതുമല്ലങ്കിൽ മറ്റൊരു വഴിയിലൂടെയും താഴെ ഭാഗത്ത് എത്തിച്ചേരാം. വെള്ളച്ചാട്ടത്തിൽ നിന്നുമുള്ള വെള്ളം ഒഴുകിപ്പോകുന്ന തോടിന് കുറുകെ സ്ഥാപിച്ച ചെറിയ പാലം ഏറെ മനോഹരമാണ്.
ഇതിൽ കയറി നിന്നാൽ വെള്ളച്ചാട്ടം നന്നായി ആസ്വദിക്കാൻ സാധിക്കും. നേരത്തെ ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് സ്ത്രീകൾക്കു വസ്ത്രം മാറുന്നതിനുള്ള സൗകര്യവും, ശുചി മുറിയും നിർമിച്ചിട്ടുണ്ട്.
ഒപ്പം വൈദ്യുതീകരണവും നടത്തിയിരുന്നു. പിറമാടം മല നിരകളിൽനിന്നു ചെറിയ തോടുകളായി ഒഴുകിയെത്തുന്ന ജലം പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിച്ച് ചിന്നിച്ചിതറമ്പോൾ, സൂര്യ പ്രഭയിൽ മഴവില്ല് വിരിയുകയാണിവിടെ.
ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടത്തിന് താഴെയിറങ്ങി കുളിക്കാതെ തിരികെ പോകുന്നത് അപൂർവമാണ്.
കുളിക്കാം, ഉല്ലസിക്കാം, സുരക്ഷയോടെ....
വെള്ളച്ചാട്ടത്തിന് മുകളിൽനിന്നു താഴേയ്ക്ക് ജലം പതിക്കുന്ന ഭാഗം വിസ്താരമേറിയതാണ്. ഇവിടെനിന്നും സാധാരണ രീതിയിൽ ഒഴുകിയാണ് താഴേയ്ക്കു പോകുന്നത്. ചെറിയ തടയണയും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളം താഴേക്ക് ഒഴുകുന്നതിനൊപ്പം നീങ്ങുന്നത് അപകടം നിറഞ്ഞതാണ്. സദാ സമയവും വെള്ളം ഒഴുകുന്നതിനാൽ ഇവിടുത്തെ പാറക്കെട്ടുകൾ ഏറെ വഴുവഴുപ്പു നിറഞ്ഞതാണ്.
സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നിവീഴും. അവധി ദിവസങ്ങളിൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്.