രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
Wednesday, September 13, 2023 1:48 PM IST
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ശാസ്ത്രലോകത്തിന് അദ്ഭുതമായി!
കേടുപാടുകളൊന്നും സംഭവിക്കാത്ത ചില്ലു പാത്രങ്ങള്‍ക്കൊപ്പം അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന നിരവധി വസ്തുക്കളാണു പര്യവേഷകര്‍ കണ്ടെത്തിയത്.
കാപ്പോ കോര്‍സോ-2 എന്നു വിളിക്കുന്ന റോമന്‍ കപ്പല്‍, ഇറ്റലിക്കും ഫ്രാന്‍സിനും ഇടയിലുള്ള കടലിനടിയിലാണു തകര്‍ന്നുകിടക്കുന്നത്. കടലിന്റെ ഉപരിതലത്തില്‍നിന്ന് 1,148 അടി താഴെയാണു കപ്പലുള്ളത്.
രണ്ട് വെങ്കല ബേസിനുകള്‍, ആംഫോറെ എന്നു വിളിക്കുന്ന വെങ്കലയുഗത്തിലെ ചില ജാറുകള്‍, പാത്രങ്ങള്‍, കപ്പുകള്‍, കുപ്പികള്‍, പ്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്ലാസ് ടേബിള്‍വെയര്‍ വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് റോബോട്ടുകളുടെ സഹായത്താല്‍ ഗവേഷകര്‍ കരയിലെത്തിച്ചത്.
അസംസ്കൃത ഗ്ലാസ് ബ്ലോക്കുകളും വീണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ പഠനത്തിനും പുനരുദ്ധാരണത്തിനുമായി പുരാവസ്തുക്കള്‍ ഇറ്റലിയിലെ ലബോറട്ടറിയിലേക്കു കൊണ്ടുപോയി.
2012ല്‍ എന്‍ജിനീയറായ ഗൈഡോ ഗേയാണ് ഈ അവശിഷ്ടം ആദ്യമായി കണ്ടെത്തുന്നത്. പുരാവസ്തു ഗവേഷകര്‍ 2013ല്‍ സൈറ്റിന്റെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി. 2015ലാണ് വിശദമായ ഗവേഷണം ആരംഭിക്കുന്നത്.
കണ്ടെടുത്ത വസ്തുക്കള്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിര്‍മിക്കപ്പെട്ടവയാണെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മുങ്ങിയ കപ്പൽ മിഡില്‍ ഈസ്റ്റിലെ ഒരു തുറമുഖത്തുനിന്നാണ് യാത്ര പുറപ്പെട്ടതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
സിറിയ അല്ലെങ്കില്‍ ലെബനനില്‍നിന്ന് ഫ്രഞ്ച് തീരത്തേക്കായിരുന്നു സഞ്ചാരം. മെഡിറ്ററേനിയന്‍ വ്യാപാര ചരിത്രത്തെക്കുറിച്ച് പുതിയ അധ്യായങ്ങള്‍ തീര്‍ക്കാന്‍ കണ്ടെത്തലുകള്‍ക്കു കഴിയുമെന്നു ഗവേഷകസംഘം അഭിപ്രായപ്പെട്ടു.