നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര്യത്തില്‍ വികാരത്തിനടിപ്പെട്ട് മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുറ്റം ചെയ്തു പോകുന്നവര്‍.
രണ്ടാമത്തേത് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന രക്തത്തിലലിഞ്ഞു ചേര്‍ന്നവര്‍. ആദ്യത്തെ വിഭാഗത്തില്‍പെട്ടവരെ പിടിക്കാനാണ് പോലീസിന് എളുപ്പം. ചിലപ്പോള്‍ അവര്‍ സ്വയംവന്ന് കീഴടങ്ങാനും മതി.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരെ പിടിക്കണമെങ്കില്‍ അത്യാവശ്യം തരികിടക്കളികളും സാഹസികതയുമൊക്കെ പോലീസുകാരും കാണിക്കേണ്ടിവരും.
സംഭവം ഇങ്ങനെ...
രണ്ടരവര്‍ഷം മുമ്പ് കാസര്‍ഗോഡ് ജില്ലയുടെ മലയോര മേഖലയില്‍ ചിറ്റാരിക്കലിന് സമീപം പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവമുണ്ടായി.
വല്യമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രത്യേകിച്ച് ഒരു തൊഴിലുമില്ലെങ്കിലും നീണ്ട മുടിയും കമ്മലുമൊക്കെയായി കൊറിയന്‍ സ്റ്റൈലില്‍ നടക്കുന്ന നാട്ടുകാരനായ ആന്റോയെന്ന യുവാവ് വശത്താക്കി പീഡിപ്പിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ കേസായി. യുവാവ് അകത്തുമായി. കുറച്ചുദിവസം ജയില്‍ ചപ്പാത്തിയൊക്കെ കഴിച്ച് ജാമ്യത്തിലിറങ്ങി. പോക്സോ കേസില്‍ പെട്ടാല്‍ ശിക്ഷ ഉറപ്പാണെന്ന കാര്യം അതിനകം മനസിലാക്കിയിരുന്നു.
രാത്രിയായപ്പോള്‍ നേരേ സ്കൂട്ടറെടുത്ത് പെണ്‍കുട്ടിയുടെ വീടിനടുത്തെത്തി. സ്കൂട്ടര്‍ അവിടെ നിര്‍ത്തി. എവിടെനിന്നോ ഒരു വലിയ ഏണി സംഘടിപ്പിച്ച് സ്കൂട്ടറിനു മുകളില്‍ വച്ച് പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് ചാരിവച്ചു.
അതുവഴി സാഹസികമായി കയറിച്ചെന്ന് അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. അതുകഴിഞ്ഞ് തിരിച്ചുപോകുന്ന വഴിയില്‍ അന്ന് തന്റെ പേര് പറഞ്ഞുകൊടുത്ത നാട്ടുകാരില്‍ ഒന്നുരണ്ടുപേരെ തല്ലി. എല്ലാംകഴിഞ്ഞ് തികച്ചും സമാധാനപരമായി നാടുവിട്ടു.
വെല്ലുവിളി എറ്റെടുത്ത് പോലീസ്
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി ഒറ്റ രാത്രി കൊണ്ട് ഇത്രയെല്ലാം കാണിച്ചുകൂട്ടി സ്ഥലംവിട്ടത് പോലീസിന് വലിയ ക്ഷീണമായി. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
പലവഴിക്കും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. വീട്ടില്‍ പോലും ബന്ധമില്ലാത്തവനെ എവിടെ ചെന്ന് തപ്പാനാണ്. കേസന്വേഷണം ക്രമേണ മെല്ലെപ്പോക്കിലായി.
അതിനിടയില്‍ പോക്സോ കേസിലെ പ്രതിയെ പിടികൂടുന്ന കാര്യത്തില്‍ പോലീസിന്റെ അലംഭാവത്തെ കോടതിയും ബാലാവകാശ കമ്മീഷനുമൊക്കെ വിമര്‍ശിക്കാന്‍ തുടങ്ങിയത് അടുത്ത തലവേദനയായി.
ഇതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു.
ഡല്‍ഹിയില്‍ പോയി ബണ്ടി ചോറിനെയും ഒഡീഷയിലെ ഉള്‍ഗ്രാമത്തില്‍ പോയി ഗഞ്ച റാണി നമിത പരീച്ചയേയും വരെ പിടികൂടിയിട്ടുള്ള കേരള പോലീസിനെ അങ്ങനെയങ്ങ് വിലകുറച്ചു കാണാന്‍ ഈ കൊറിയന്‍ ചെക്കനെ അനുവദിച്ചുകൂടെന്നുതന്നെ തീരുമാനിച്ചു.
അന്വേഷണം ഇങ്ങനെ
ആന്റോയുമായി വിദൂരബന്ധമെങ്കിലുമുള്ള എല്ലാ സ്ഥലങ്ങളും ഒന്നൊഴിയാതെ തപ്പി. അയാളുടെ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിനെ വച്ച് പരിശോധിച്ചപ്പോള്‍ അത് നേപ്പാളില്‍ ഉപയോഗത്തിലുള്ളതായി കണ്ടെത്തി.
അയാള്‍ വിറ്റുകളഞ്ഞ മൊബൈലും സിംകാര്‍ഡും ഏതെങ്കിലും ഇതരസംസ്ഥാന തൊഴിലാളി വാങ്ങി നേപ്പാളില്‍ ചെന്ന് ഉപയോഗിക്കുന്നതാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും ആ വഴിക്കു കൂടി അന്വേഷിക്കാന്‍ തീരുമാനിച്ചു.
എവിടെവച്ചാണ് ആന്റോയോട് മൊബൈല്‍ വാങ്ങിയത് എന്നെങ്കിലും ഉടമസ്ഥന് പറയാന്‍ സാധിക്കുമല്ലോ എന്നായിരുന്നു കണക്കുകൂട്ടല്‍. ആന്റോയുടെ പക്കല്‍നിന്ന് മോഷ്ടിച്ചതാണെങ്കില്‍ അതും എവിടെവച്ചാണെന്ന് അറിയാമല്ലോ.
ആന്റോയെ വളച്ച പോലീസ് ബുദ്ധി
പരിശോധിച്ചു നോക്കിയപ്പോള്‍ നമ്പറില്‍ വാട്സാപ് കാണുന്നു. ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗമായ ഷാജു എന്ന പോലീസുകാരന്റെ നമ്പറില്‍ നിന്ന് വെറുതേ ഒരു ഹായ് അയച്ചു.
തിരിച്ചും നല്ല പ്രതികരണം കിട്ടി. ചുമ്മാതല്ല, കാണാന്‍ നല്ല ചേലുള്ള ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം വച്ചാണ് ഷാജു ഹായ് അയച്ചത്. മറുവശത്ത് ആന്റോ ആയാലും ഇതരസംസ്ഥാന തൊഴിലാളിയായാലും ചൂണ്ടയില്‍ കൊത്തിയെന്ന് ഉറപ്പായി.
പതിവുപോലെ നമ്പര്‍ മാറി അയച്ചുപോയതാണെന്ന ക്ഷമാപണത്തോടൊപ്പം ഒരു പെണ്‍കുട്ടിയുടെ പേരും ചേര്‍ത്ത് തിരിച്ചയച്ചു.
അധികം താമസിയാതെ മറുപടി വന്നു. അയാം അനൂപ് മേനോന് ഫ്രം കേരള. നേപ്പാളില്‍ സ്വന്തമായി ഒരു ഗാരേജ് നടത്തുകയാണ്. സിനിമാനടന് അനൂപ് മേനോന്റെ മുഖവും ആന്റോയുടെ കൊറിയന്‍ ലുക്കും ഒരേസമയം പോലീസുകാരുടെ മനസില്‍ തെളിഞ്ഞു.
ഒന്നുകില്‍ ആന്റോ തന്നെ, അല്ലെങ്കില്‍ അയാളെ പറ്റിച്ച് അയാളുടെ മൊബൈലുമായി നേപ്പാളിലേക്ക് കടന്ന വേറൊരു കള്ളന് ആയിരിക്കണം ഈ അനൂപ് മേനോനെന്ന് പോലീസുകാര്‍ ഊഹിച്ചു.
പിന്നെ അധികം പണിപ്പെടേണ്ടിവന്നില്ല. പെണ്‍കുട്ടിയായി അഭിനയിച്ച ഷാജുവിന്റെ മധുരമനോജ്ഞ സന്ദേശങ്ങളില്‍ അനൂപ് മേനോന് പ്രണയാതുരനായി. ഷാജുവിന് പോലീസിന്റെ പണിക്കുപോകാന്‍ പോലും നേരമില്ലാതായി. രാവും പകലും ചാറ്റോട് ചാറ്റ്.
അവസാനം ചേട്ടാ എന്നേം കൂടി നേപ്പാളിലേക്ക് കൂട്ടുവോ, നമുക്ക് അവിടെ യോദ്ധാ സിനിമയിലെ മോഹന്‍ലാലിനേയും മധുബാലയേയും പോലെ അടിച്ചുപൊളിക്കാം എന്നുകൂടി പറഞ്ഞതോടെ അനൂപ് മേനോന് ഫ്ലാറ്റായി.
ഷാജു കൊടുത്ത പെണ്‍കുട്ടിയുടെ പേരും അഡ്രസും വച്ച് നേപ്പാളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റാണ് തൊട്ടുപിന്നാലെ വാട്സാപ്പില്‍ അയച്ചുകിട്ടിയത്. ആ ടിക്കറ്റില്‍ യഥാര്‍ഥ ഷാജുവിന് പോകാനാകാത്തതുകൊണ്ട് പോലീസ് അടവ് അല്പമൊന്നു മാറ്റിപ്പിടിച്ചു.
ചേട്ടാ എനിക്ക് ഒറ്റയ്ക്ക് ഒളിച്ചോടാന്‍ പേടിയാണ്. ചേട്ടന് തന്നെ ഇവിടെവന്ന് എന്നെ കൂട്ടിക്കൊണ്ടുപോകണം. എനിക്ക് നാട്ടിലേക്കു വരാന്‍ ചില പ്രശ്നങ്ങളുണ്ട് എന്നായി അനൂപ് മേനോന്. ഇതോടെ ഇയാള്‍ ഇവിടെ എന്തോ കുഴപ്പമൊപ്പിച്ച് നാടുവിട്ട ആള് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.
അവസാനം "പെണ്‍കുട്ടി'യുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി മംഗളൂരു വരെ വരാന്‍ മേനോന് സമ്മതിച്ചു. കേരള അതിര്‍ത്തി കടക്കില്ലെന്നു മാത്രം പറഞ്ഞു. സാരമില്ല ഞങ്ങള്‍, സോറി, ഞാന്‍ അങ്ങോട്ടുവന്നോളാമെന്ന് ഷാജുവും പറഞ്ഞു.
അങ്ങനെ തീരുമാനിച്ചുറച്ച ദിവസമെത്തി. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലെത്തി, അവിടെനിന്ന് മംഗളൂരുവിലേക്ക് രാജധാനി എക്സ്പ്രസില്‍ കയറിയതിന്റെ സെല്‍ഫി അനൂപ് മേനോന് അയച്ചുനല്‍കി.
പഴയ ലുക്കിന് ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ട് ഇത് തങ്ങള്‍ തേടിനടന്ന ആന്റോ ചാക്കോച്ചന് തന്നെയാണെന്ന് പോലീസിന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി.
പക്ഷേ പരീക്ഷണം കഴിഞ്ഞില്ലല്ലോ. നാട്ടില്‍നിന്നും മംഗളൂരുവിലേക്ക് പുറപ്പെട്ട ചക്കരക്കുട്ടിയുടെ പടം ചോദിച്ച് അനൂപ് മേനോന്റെ അടുത്ത മെസേജ് വന്നു. മുന്‍കൂട്ടി പടം അയച്ചാല്‍ നേരിട്ടു കാണുന്നതിന്റെ ത്രില്‍ പോകുമെന്നുപറഞ്ഞ് ഷാജു തത്കാലം ഒഴിവായി.
എന്നാലും തുരുതുരാ മെസേജുകള്‍ വരുമ്പോള്‍ ആന്റോയ്ക്ക് വല്ല സംശയവും തോന്നിത്തുടങ്ങിയോ എന്ന് പോലീസിനും സംശയമായി. ഇനി ഇയാള്‍ വഴിക്കെങ്ങാനും ഇറങ്ങി തിരിച്ചുപോയാല്‍ ഇതുവരെ പാടുപെട്ട് ചാറ്റിയതെല്ലാം വെറുതെയാവും.
നേരെ മുംബൈയിലെ റെയില്‍വേ പോലീസിനെ വിളിച്ച് സീറ്റ് നമ്പര്‍ കൈമാറി. കേരള പോലീസ് കാത്തിരിക്കുന്നൊരു കുറ്റവാളിയാണ് ആ വരുന്നതെന്നും ഗോവ വരെ അയാളെ നിരീക്ഷിക്കണമെന്നും പറഞ്ഞേൽപ്പിച്ചു.
ട്രെയിന്‍ ഗോവയിലെത്തുമ്പോള്‍ തങ്ങള്‍ വന്ന് അയാളെ പിടികൂടിക്കൊള്ളാമെന്നും പറഞ്ഞു. എന്നിട്ട് മംഗളൂരുവിനു പകരം നേരെ ഗോവയിലേക്ക് പുറപ്പെടാന്‍ തയാറായി.
റെയില്‍വേ പോലീസിന്റെ അതിബുദ്ധി
എന്നാല്‍, റെയില്‍വേ പോലീസ് അതിലും കടന്ന് ചിന്തിച്ചുകളഞ്ഞു. ഇത്ര വലിയൊരു കുറ്റവാളിയെ ഗോവ വരെ നിരീക്ഷിക്കുന്നത് വലിയ റിസ്കാണ്.
രാത്രിയിലെങ്ങാന്‍ ഏതെങ്കിലും സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിപ്പോയാലോ..? അതുകൊണ്ട് അവര്‍ മുംബൈയില്‍ വച്ചുതന്നെ നേരെ പോയി ആന്റോയെ കസ്റ്റഡിയിലെടുത്തു.
എന്നിട്ട് നേരെ കേരള പോലീസിനെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ കാത്തിരുന്ന കൊടുംകുറ്റവാളിയെ ഞങ്ങള്‍തന്നെ അതിസാഹസികമായി കീഴടക്കിയിട്ടുണ്ട്. ഇനി സമാധാനമായി ജീപ്പെടുത്ത് ഇങ്ങോട്ട് വന്നോളൂ.
പോലീസ് വണ്ടിക്ക് പെട്രോളടിക്കാന്പോലും കാശില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് മുംബൈയിലെ റെയില്‍വേ പോലീസിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഉള്ള വണ്ടികള്‍ തന്നെ പഴഞ്ചനാണ്.
ഇതുപോലൊരു തല്ലിപ്പൊളി പ്രതിക്കുവേണ്ടി ഇത്രയും കാശ് ചെലവാക്കുന്നത് വലിയ നഷ്ടവുമാണ്. മുംബൈ പോലീസിനോട് പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ പ്രതി സുഖമായി മംഗളൂരു വരെ എത്തുമായിരുന്നു.
ഇങ്ങനെ ഓരോന്ന് ചിന്തിച്ചും എങ്ങനെ പോയാലും പോലീസിന് മെനക്കേടുണ്ടാക്കുന്ന ആന്റോയെ മനസാ ശപിച്ചുകൊണ്ടും പോലീസ് നേരെ മുംബൈയിലേക്ക് പുറപ്പെട്ടു.
കേരള പോലീസ് മുംബൈയിലേക്ക്
ചിറ്റാരിക്കല്‍ എസ്ഐ യു. അരുണനും ഡ്രൈവര്‍ രാജനും ഷാജുവും ഡിവൈഎസ്പിയുടെ സ്ക്വാഡിലെ മറ്റൊരംഗമായ നികേഷുമാണ് ഇവിടത്തെ ഓണത്തിരക്കിനിടയില്‍ നേരെ വണ്ടിയെടുത്ത് 2,500 കിലോമീറ്റര്‍ ഓടി മുംബൈയിലെത്തിയത്.
അവിടെനിന്ന് ആന്റോയെ സ്വീകരിച്ചാനയിച്ച് ചിറ്റാരിക്കലിലെത്തിച്ചു. ഡബിള്‍ പോക്സോ കേസ് കോടതിയില്‍ കാണിച്ച് റിമാന്‍ഡ് വാങ്ങിച്ച് കൈയോടെ ജയിലിലെത്തിച്ച് സ്വസ്ഥമാക്കി.
അങ്ങനെ ജാമ്യത്തിലിറങ്ങി പിന്നെയും അലമ്പുണ്ടാക്കി മുങ്ങിയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന പോലീസിന്റെ ദുഷ്പേരും മാറ്റിയെടുത്തു.
ഒറിജിനല്‍ ഷാജുവിനെ തിരിച്ചറിയാതിരുന്ന ആന്റോ ഇപ്പോഴും മംഗളൂരുവില്‍ തന്നെ കാത്തിരുന്ന ചക്കരക്കുട്ടിയെ ഓര്‍ത്ത് മനസ് നീറി കഴിയുന്നുണ്ടാകണം.
ഗുണപാഠം: കേരള പോലീസ് ഒരുങ്ങിയിറങ്ങിയാല്‍ നേപ്പാളിലേക്കല്ല, നിക്കരാഗ്വയിലേക്ക് മുങ്ങിയാലും പ്രതിയെ പൊക്കിയിരിക്കും. ഒരുങ്ങിയിറങ്ങാന്‍ മാത്രമേ ബുദ്ധിമുട്ടുള്ളൂ.
പിന്നെ, രണ്ട് പോക്സോ കേസില്‍ പെട്ടിട്ടും പെണ്ണിന്റെ പേരുവച്ച് ഒരുത്തന് വന്ന് ചാറ്റിയാല്‍ ചാടിവന്ന് കൊത്തുന്നവള്ക്ക് മറ്റെന്ത് സാമര്ഥ്യമുണ്ടായിട്ടും കാര്യമില്ല.
അതിബുദ്ധി കാണിച്ചാല്‍ പോലീസായാലും പ്രതിയായാലും കുഴിയില്‍ ചാടേണ്ടിവരുമെന്നത് മറ്റൊരു ഗുണപാഠം.
ശ്രീജിത് കൃഷ്ണന്