ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയാൽ എന്താവും അവസ്ഥ. ഒന്നും ആലോചിക്കാനില്ല, മരണം ഉറപ്പ്!
പക്ഷേ, കർണാടകയിലെ രാജൻകുണ്ടെ റെയിൽവേ സ്റ്റേഷനു സമീപം ഇത്തരമൊരു സംഭവം ഉണ്ടായെങ്കിലും ട്രാക്കിൽ കുടുങ്ങിയയാൾ പോറൽപോലുമില്ലാതെ രക്ഷപ്പെട്ടു. അതും ഒരു യുവതി.
നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയില്‍ കൂടിയാണ് സാരിയുടുത്ത യുവതി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ട്രാക്കിനു നടുവിലെത്തിയപ്പോൾ ട്രെയിന്‍ ചലിച്ച് തുടങ്ങി. ട്രാക്ക് മറികടക്കാനുള്ള സമയം യുവതിക്കു കിട്ടിയില്ല.
നിരവധിപ്പേർ നോക്കിനിൽക്കേയായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്കു നോക്കിയവർക്ക് യുവതി പാളത്തിൽ കിടക്കുന്നതു കാണാമായിരുന്നു. മരിച്ചെന്നാണ് ഏവരും കരുതിയത്.
പക്ഷേ, ട്രെയിൻ പോയതിന് പിന്നാലെ ഓടിയെത്തിയവർ കണ്ടത് യുവതി കൂളായി എഴുന്നേറ്റു വരുന്നതാണ്. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ ട്രാക്കിനു സമാന്തരമായി അനങ്ങാതെ കിടന്നതാണു രക്ഷയായത്.
ദൃക്സാക്ഷിയായ ആരോ പകർത്തിയ ഇതിന്റെ വീഡിയോ പുറത്തുവന്നശേഷമാണു സംഭവം റെയില്‍വേ അറിഞ്ഞത്. ഓടുന്ന ട്രെയിനിനടിയിൽ പാളത്തിൽ യുവതി കിടക്കുന്നതും വണ്ടി പോയശേഷം എഴുന്നേറ്റു വന്ന അവരെ സമീപത്തുള്ളവർ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തിൽ കേസൊന്നും എടുത്തിട്ടില്ല.