ഇടയിലെക്കാട്ടെ വാനരസദ്യ
ഉറുമീസ് കുത്തോട്ടുങ്കൽ
Sunday, September 3, 2023 10:36 AM IST
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മനുഷ്യർക്കൊപ്പം കുരങ്ങുകളും ഓണം ആഘോഷിക്കും, ഓണസദ്യ കഴിക്കും.
തൃക്കരിപ്പൂരിലെ ഇടയിലെക്കാടാണ് കാവിലാണ് കഴിഞ്ഞ 16 വർഷമായി വാനരന്മാർക്കും ഓണസദ്യ നല്കി വരുന്നത്. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിലെ ബാലവേദിയുടെ നേതൃത്വത്തിലാണ് ഓണസദ്യ നല്കുന്നത്.
ഒരുമയുടെ ഓണമുണ്ണാൻ മനുഷ്യർക്ക് മാത്രമല്ല സർവ ജീവജാലങ്ങൾക്കും അവകാശമുണ്ടെന്ന സന്ദേശം നൽകിയാണ് വാനരർക്ക് ഓണസദ്യ ഒരുക്കുന്നത്. മനുഷ്യർക്ക് വിളമ്പുന്ന വിഭവങ്ങളിൽ വ്യത്യസ്തതയുണ്ട് വാനരന്മാർക്ക് വിളന്പുന്ന ഓണ സദ്യയിൽ.
ചക്ക, പൈനാപ്പിൾ, തണ്ണിമത്തൻ, കാരറ്റ്, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി, ചെറുപഴം, നേന്ത്രപ്പഴം, ഉറുമാൻ പഴം, മത്തൻ, സീതപ്പഴം, പപ്പായ, പാഷൻ ഫ്രൂട്ട്, നെല്ലിക്ക, സപ്പോട്ട എന്നീ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഉപ്പുചേർക്കാത്ത ചോറിനൊപ്പം സദ്യയിൽ വിളമ്പുന്നത്.
ഓരോ വാനരനും ഓരോ പഴങ്ങളോടാണ് താത്പര്യം. വാനരന്മാരുടെ നേതാവായ പപ്പിക്ക് വർഷങ്ങളായി ചക്കയോടാണ് ഇഷ്ടം.16-ാമത്തെ വർഷമായതിനാൽ പതിനാറ് വിഭവങ്ങളാണ് ഉപ്പുചേർക്കാത്ത ചോറിനൊപ്പം ഇത്തവണ വിളന്പിയത്.
ബാലവേദി ഗ്രന്ഥാലയ പരിസരത്തു നിന്നും പഴങ്ങളും പച്ചക്കറികളും നീളത്തിലും വട്ടത്തിലുമൊക്കെ പാത്രത്തിൽ മുറിച്ചിട്ട് നിരത്തി ഓണപ്പാട്ടുകൾ പാടിയാണ് കുട്ടികൾ ഘോഷയാത്രയായി ഓണസദ്യയുമായി കാവിനരികിലെത്തുന്നത്.
തുടർന്ന്, മേശമേൽ തൂശനിലയിടുന്നു. തുടർന്ന് സദ്യ വിളന്പുന്നു. പിന്നെ, സദ്യ കഴിക്കാൻ വാനരൻമാരുടെ ഒരു മത്സരമാണ്. കുരങ്ങുകളിൽ കുറുമ്പന്മാരായവർ ആദ്യം കുഞ്ഞന്മാരെ കണ്ണുരുട്ടിയും ഭയപ്പെടുത്തിയും ആദ്യം സദ്യ കഴിക്കും. വയറു നിറയുന്പോൾ ഇവർ പിൻമാറും.
പിന്നെ, സദ്യ കഴിക്കാൻ കുഞ്ഞന്മാരുടെ അവസരമാണ്. കുട്ടികുരങ്ങുകൾ അമ്മക്കുരങ്ങിന്റെ ശരീരത്തിൽ തൂങ്ങി സദ്യയുണ്ണാനെത്തുന്നതും കൗതുകകരമായ കാഴ്ചയാണ്. വാനരരുടെ പ്രത്യുത്പാദനത്തെ ബാധിക്കാത്ത പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണമായി നല്കുന്നത്.
ഇടയിലെക്കാട് കാവിൽ ഏതാണ്ട് മുപ്പതിൽപരം വരുന്ന കുരങ്ങുകളാണുള്ളത്. മനുഷ്യരുമായി നല്ല ഇണക്കം കാട്ടുന്നവയാണ് ഭൂരിഭാഗവും. മരങ്ങളിൽ വാൽചുറ്റി കിടന്നു മറിഞ്ഞും ആടിയും ഭക്ഷണവിഭവങ്ങൾ ആവോളം തിന്ന് കാണികൾക്കു നേരേ കൊഞ്ഞനം കുത്തി ആഹ്ലാദം പ്രകടിപ്പിച്ചാണ് വാനരപ്പട ഓണസദ്യ ഉണ്ണാറ്.
പതിറ്റാണ്ടുകളായി കാവിലെ വാനര സംഘത്തിന് ഭക്ഷണം നൽകി വന്ന പ്രദേശത്തെ ചാലിൽ മാണിക്കമാണ് ഇത്തവണ കാവിനരികിൽ എത്തി ഇലകളിൽ ഉപ്പു ചേർക്കാത്ത ചോറ് വിളമ്പിയത്.
ഇത്തവണ സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണനാണ് സദ്യയ്ക്ക് ഇലയിട്ടത്.വർഷങ്ങളായി നാട്ടുകാർക്ക് ഇതൊരു സാധാരണ കാഴ്ചയാണെങ്കിലും വലിയപറമ്പിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് വാനരരുടെ ഓണ സദ്യ ആഹ്ലാദകരമാണ്.