കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോളമുണ്ട്. വിധിയെ പഴിക്കാതെ ജീവിതസാഹചര്യങ്ങളോടു പൊരുതിയാണു മുന്നോട്ടുള്ള യാത്ര.
കൃഷിയാണ് ഈ നാൽപതുകാരന്റെ മുഖ്യതൊഴിൽ. ഇത്തവണത്തെ ഓണക്കാലത്തും തന്റെ കൃഷിയിടങ്ങളിലെ വിളവുകൾ വിൽപനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ശ്രീധരൻകാണി.
12 വർഷം മുൻപ് പന്നിപ്പടക്കം പൊട്ടിയാണ് ഇരുകൈപ്പത്തികളും നഷ്ടമായത്. എന്നാൽ, കൈകൾ ഉള്ളവരേക്കാൾ ജീവിതവിജയം നേടിയ ശ്രീധരൻകാണി അഗസ്ത്യമലനിരകളിലെ ജീവിക്കുന്ന പ്രതിഭാസമായി മാറുകയാണ്.
കമ്പി വളച്ചുണ്ടാക്കിയ ചെറുവളയങ്ങൾക്കുള്ളിൽ കൈപ്പത്തിയില്ലാത്ത ഇരു കൈകളും കയറ്റി ശ്രീധരൻ കാണി മണ്ണിലേക്ക് ആഴ്ത്തുന്നത് മൂർച്ചയുള്ള പിക്കാസും മൺവെട്ടിയും.
കരിമണ്ണിളക്കി വിത്തിറക്കി കൊയ്യുന്നത് നൂറ്മേനി. നീളമുള്ള പൈപ്പിൽ പിടിപ്പിച്ച ടാപ്പിംഗ് കത്തിയിൽ കൈക്കുഴ കയറ്റി പട്ട തെളിക്കുമ്പോൾ റബർമരങ്ങൾ ചുരത്തുന്നത് അളവില്ലാത്ത പാൽ.
പേപ്പാറ വന്യജീവി സങ്കേതത്തിലെ കൊമ്പിടി സെറ്റിൽമെന്റിലെ ശ്രീധരൻ കാണിയുടെ നേട്ടങ്ങൾ മലയുടെ നേട്ടം കൂടിയായി മാറുകയാണ്. നാനൂറോളം വരുന്ന റബർമരങ്ങൾ ശ്രീധരൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ ടാപ്പിംഗ് നടത്തുന്നതു ശ്രീധരൻതന്നെ.
ഇതിനായി പ്രത്യേക ഉപകരണവും ശ്രീധരൻ തയാറാക്കിയിട്ടുണ്ട്. ആറ് പാത്തി വെറ്റില കൃഷിയാണ് ശ്രീധരനുള്ളത്. ഇതിൽനിന്നു 30 കെട്ടോളം വെറ്റിലയും ലഭിക്കും.
കുരുമുളക്, കപ്പ, മുളക്, മഞ്ഞൾ, വാഴ, പയർ, കൂവ, ചേന തുടങ്ങിയവയും ശ്രീധരന്റെ കൃഷിയിടത്തിലുണ്ട്. കവുങ്ങ് കയറുന്നതിൽ ശ്രീധരനുള്ള വൈദഗ്ധ്യം അത്ഭുതപ്പെടുത്തുന്നതുതന്നെയാണ്.
ആടുവളർത്തലും കോഴിവളർത്തലുമൊക്കെ ഇവിടെ കാണാൻ കഴിയും. പ്രതിസന്ധികൾ നേരിടാനുള്ള മനഃക്കരുത്തിൽ ശ്രീധരന് മുന്നിൽ വഴങ്ങാത്തതായി കൃഷിയുടെ ഒരു വഴിയുമില്ല. അപകടം നടന്ന് രണ്ട് കൊല്ലത്തിനുള്ളിൽ ശ്രീധരൻ മണ്ണിലേക്കിറങ്ങി.
സ്വന്തമായി വികസിപ്പിച്ച ‘ടെക്നോളജി'യിലൂടെ ശ്രീധരൻ ചെയ്യാത്ത ജോലികളില്ല. അതിരാവിലെ റബർ ടാപ്പിംഗ്. സ്വന്തമായുള്ള എല്ലാ മരങ്ങളും ഒറ്റയ്ക്ക് ശ്രീധരൻ ടാപ്പ് ചെയ്യും. പിന്നെ മറ്റൊരു പറമ്പിലേക്ക് ഓടും.
അവിടെ 500 മരങ്ങളിൽ ശ്രീധരന്റെ കത്തി താഴും. പിന്നാലെ പിക്കാസും മൺവെട്ടിയും കുന്താലിയുമായി കരിമണ്ണിലേക്ക്. തെങ്ങിന് തടമെടുക്കും.
വാഴയ്ക്കൊപ്പം പച്ചക്കറി, വെറ്റില കൃഷി. വെറ്റിലക്കൊടിയിലെ പതിവയ്ക്കലും വെള്ളം കോരലുമൊക്കെ സ്വന്തമായി. കിണറ്റിൽനിന്ന് വെള്ളം കോരിയിരുന്ന ശ്രീധരന് രണ്ട് മാസം മുമ്പ് ഒരു സംഘം ചെറുപ്പക്കാർ പമ്പ് സെറ്റ് നൽകി.
കാട്ടിലൂടെയുള്ള യാത്രയിൽ വഴിമുടക്കുന്ന മരച്ചില്ലകൾ വെട്ടാനും വിറക് വെട്ടാനുമൊക്കെയുള്ള മഴുവും വെറ്റില നുള്ളാനുള്ള ചെറു പിച്ചാത്തിയുമെല്ലാം ശ്രീധരൻകാണിയുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ വഴങ്ങുന്നു.
കൃഷിക്കു പുറമേ തൊഴിലുറപ്പ് പദ്ധതി ജോലിയിലും സജീവം. എവിടെയും മറ്റാരെക്കാളും ഒരു മുഴം മുന്നിലാണ്. എല്ലാറ്റിനും ശ്രീധരന്റെ മനസിൽ ടെക്നിക്കുണ്ട്. ശാസ്ത്രീയമായി രൂപകൽപന ചെയ്ത പണി ആയുധങ്ങൾ ഉപയോഗിച്ചല്ല മണ്ണിനോടുള്ള പോരാട്ടം.
തന്റെ വഴക്കത്തിനനുസരിച്ച് പിക്കാസിന്റെയും മൺവെട്ടിയുടെയുമൊക്കെ പിടിയിൽ കമ്പി കൊണ്ട് ഉണ്ടാക്കിയ ചെറിയ വളയങ്ങൾ തുളച്ചു കയറ്റിയിട്ടുണ്ട്. ഓട്ടോറിക്ഷയുടെ ഗിയർ കേബിൾ കൊണ്ട് ചുറ്റി ബലപ്പെടുത്തിയിട്ടുണ്ട്.
വിധി വേദനിപ്പിച്ചെങ്കിലും അത് ബാക്കി വച്ച കൈപ്പത്തിക്ക് മുകളിലെ ഭാഗം വേദനിക്കാതിരിക്കാൻ വളയങ്ങൾ തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഈ വളയത്തിലേക്ക് കൈകളിറക്കിയാണ് ശ്രീധരൻ പണി തുടങ്ങുന്നത്.
സ്വന്തം ‘എൻജിനീയറിംഗ്' വൈദഗ്ധ്യത്തിൽ ശ്രീധരൻകാണി എല്ലാം വരുതിയിൽ നിർത്തുന്നു. വെറ്റില വിൽപനയിലൂടെ മാത്രം ആഴ്ചതോറം ആയിരത്തിലേറെ രൂപ പോക്കറ്റിലെത്തുന്നുവെന്ന് ശ്രീധരൻകാണിയുടെ സാക്ഷ്യം.
വെല്ലുവിളികളെ നേരിട്ട് മണ്ണിൽ പണിയെടുക്കുന്നവർക്കായി സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ശ്രീധരന് ലഭിച്ചിരുന്നു. ഭാര്യ സിന്ധുവും മകൻ ശ്രീരാജും മകൾ സീതാലക്ഷമിയുമടങ്ങുന്ന കുടുംബം.
അതിനിടെ ഒരു സിനിമയിൽ നായകനുമായി. അശോക് ആർ.നാഥ് സംവിധാനം ചെയ്ത ഒരിലത്തണലിൽ എന്ന ചിത്രത്തിലാണ് ശ്രീധരൻ മുഖ്യകഥാപാത്രമായത്.
ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട് അതിജീവനത്തിനായി പോരാടുന്ന അച്യുതൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശ്രീധരൻ അവതരിപ്പിച്ചത്.
കോട്ടൂർ സുനിൽ