കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളുടെ തല്ലുകൊണ്ട് ആശുപത്രിയിലായി. കഷണ്ടി മറച്ചുവച്ചതു മാത്രമല്ല, വധുവിന്റെ കുടുംബക്കാരെ ചൊടിപ്പിച്ചത്.
രണ്ടാം വിവാഹമാണെന്ന കാര്യവും ഇയാൾ മറച്ചുവച്ചു. കല്യാണപ്പന്തലിൽ വച്ചാണ് ബന്ധുക്കൾ വരന്റെ തട്ടിപ്പ് അറിഞ്ഞത്. അതോടെ തങ്ങൾ കബളിപ്പിക്കപ്പെട്ടതിന്റെ ദേഷ്യം മുഴുവൻ വരന്റെ ദേഹത്തു തീർത്തു. ഇടികൊണ്ട് ഇഞ്ചപ്പരുവമായ വരൻ പിന്നീട് ആശുപത്രിയിൽ ചികിത്സ നേടി.
ബിഹാറിലെ ഇഖ്ബാൽ നഗർ മേഖലയിലെ താമസക്കാരനാണ് കല്യാണവിരുതൻ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വിവാഹവസ്ത്രങ്ങളണിഞ്ഞു പന്തലിലിരിക്കുന്ന വരനെ വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്യുന്നതും തുടർന്ന് അടിക്കുന്നതും കാണാം.
വധുവിന്റെ വീട്ടുകാരുടെ പല ചോദ്യങ്ങൾക്കും ഇയാൾ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇടി കിട്ടിയപ്പോൾ കൈകൂപ്പി തൊഴുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
വിവാഹവസ്ത്രങ്ങൾ അഴിച്ചുമാറ്റിയനിലയിൽ ബെഞ്ചിൽ ഇരിക്കുന്ന പ്രതിശ്രുതവരന്റെ തലയിൽനിന്ന് ഒടുവിൽ ചിലർ ബലമായി വിഗ് എടുത്തുമാറ്റുകയായിരുന്നു. ഇയാളുടെ പ്രായം സംബന്ധിച്ചു ബന്ധുക്കൾ സംശയം ആദ്യമേ പ്രകടിപ്പിച്ചിരുന്നുവെന്നു പറയുന്നു.
അവസാനം ഗ്രാമത്തലവന്മാർ ഇടപെട്ട് വരനെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.