മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
Saturday, July 1, 2023 11:09 AM IST
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാകും. അവയിൽ പലതും അതിശയിപ്പിക്കുന്നതുമാകും. അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ ഒരു വയോധിക പൂച്ച സ്നേഹം മൂത്ത് ചെയ്തത് എന്തെന്ന് അറിഞ്ഞാൽ ശരിക്കും അന്പരക്കുകതന്നെ ചെയ്യും.
നാൻസി സോര്‍ എന്ന എണ്പത്തിനാലുകാരിയാണ് കഥയിലെ നായിക. പേർഷ്യൻ ഇനത്തിൽപ്പെട്ട ഏഴു വളർത്തു പൂച്ചകൾ അവർക്കുണ്ടായിരുന്നു. പൂച്ചകളോടാകട്ടെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടവും. വാര്‍ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിലായപ്പോഴും നാൻസിക്കു പൂച്ചകളുടെ കാര്യത്തിലായിരുന്ന ഉത്കണ്ഠ മുഴുവൻ.
താൻ മരിച്ചാൽ തന്റെ വളർത്തു പൂച്ചകൾക്ക് ആരുണ്ട് എന്ന ചിന്ത അവരെ ആകുലചിത്തയാക്കി. പിന്നെ ഒട്ടും മടിച്ചില്ല, തന്റെ പേരിലുണ്ടായിരുന്ന 2.4 കോടി രൂപയുടെ സ്വത്ത് ഏഴ് വളര്‍ത്തു പൂച്ചകളുടെ പേരില്‍ അവർ എഴുതിവച്ചു.
കഴിഞ്ഞ നവംബറിൽ നാൻസി മരിച്ചു. അവരുടെ മരണത്തോടെ കോടികളുടെ സ്വത്ത് പൂച്ചകളുടെ സ്വന്തമായി. മിഡ്നൈറ്റ്, സ്നോബോള്‍, ഗോള്‍ഡ് ഫിംഗര്‍, ലിയോ, സ്ക്വീക്കി, ക്ലിയോപാട്ര, നെപ്പോളിയൻ എന്നീ പൂച്ചകളാണ് സ്വത്തിന്റെ ഉടമകൾ. വലിയ സ്വത്തുണ്ടെങ്കിലും ഇവയെ ഇനി ആരു നോക്കും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
ഫ്ളോറിഡയിൽതന്നെയുള്ള ഒരു സന്നദ്ധ സംഘടനയാണ് നിലവിൽ പൂച്ചകളുടെ കാര്യങ്ങള്‍ നോക്കുന്നതെന്നു ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. പൂച്ചകളുടെ സ്വത്തിൽ കണ്ണ് വച്ച് അവയെ ദത്തെടുക്കാൻ നിരവധിപ്പേർ എത്തുന്നുണ്ട്. ഇതുവരെ നൂറ്റിയറുപതോളം അപേക്ഷകൾ സംഘടനയ്ക്ക് ലഭിച്ചു.
എന്നാല്‍ പണം മാത്രം മുന്നില്‍ കണ്ട് വരുന്നവരിലേക്ക് പൂച്ചകളെ വിട്ടുകൊടുക്കേണ്ടെന്നാണ് സംഘടനാ പ്രതിനിധികളുടെ തീരുമാനം. നാൻസി മുത്തശിയുടെ പൂച്ചകള്‍ അത്ര പെട്ടെന്ന് ഇണങ്ങുന്നതോ, കൈയിലോ മടിയിലോ ഇരുത്തി കൊഞ്ചിക്കാവുന്നതോ ആയ ടൈപ്പ് അല്ലെന്ന മുന്നറിയിപ്പും സംഘടന നൽകുന്നു.
ഒരു പൂച്ചയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളതിനാല്‍ അതിനെ ഒരു മൃഗഡോക്ടർ ആണ് നിലവിൽ നോക്കുന്നത്. ബാക്കി പൂച്ചകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്വത്ത് പൂച്ചകൾക്കു ഗുണമാണോ ദോഷമാണോ ചെയ്യുക എന്നത് കണ്ടുതന്നെ അറിയണം!