ചരിത്രമുറങ്ങുന്ന പോംപെ നഗരം
Saturday, June 24, 2023 11:55 AM IST
ഇറ്റലിയിലെ കന്പാനിയ പ്രവിശ്യയിലാണ് ചരിത്രപ്രസിദ്ധമായ പോംപെ നഗരം സ്ഥിതി ചെയ്യുന്നത്. പുരാതന റോമൻ നഗരത്തിലെ പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു പോംപെ.
രണ്ടായിരം വർഷങ്ങൾക്കു മുന്പ് വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ച് ഈ നഗരത്തെ ഉരുകിയൊലിച്ച അഗ്നിപർവത ലാവാ വിഴുങ്ങി. നിമിഷ നേരം കൊണ്ട് മനുഷ്യനും വളർത്തുമൃഗങ്ങളും ഉൾപ്പടെ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശത്തെയും സർവ ജീവജാലങ്ങളും ഇല്ലാതായി.
മൂവായിരത്തോളം പേർ ലാവായ്ക്കടിയിലായി. ബാക്കിയുള്ളവർ മറ്റു നഗങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഖനനത്തിൽ കണ്ടെത്തിയ നഗരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
എഡി 79ലാണ് അഗ്നി പർവതം പൊട്ടിത്തെറിച്ച് നഗരം ലാവായാൽ മൂടപ്പെട്ടത്. അന്നു തന്നെ ഈ നഗരത്തിലുണ്ടായിരുന്ന സംവിധാനങ്ങൾ കണ്ടാൽ നാം അത്ഭുതപ്പെടും. 15,000 ആളുകൾക്ക് ഇരിക്കാനുള്ള ആംഫി തീയേറ്ററാണ് ഒരു പ്രധാന ആകർഷണം.

എക്സ്കവേഷനിൽ കണ്ടെത്തിയ ഇന്നത്തെ വാസ്തുവിദ്യയോടു കിടപിടിക്കുന്ന കെടിടങ്ങൾ, ടെംപിളുകൾ, ജിംനേഷ്യം, ആസൂത്രിതമായ ജല വിതാന സംവിധാനങ്ങൾ, തുറമുഖം, മനോഹരമായ ചുമർചിത്രങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന സംവിധാനങ്ങളാണ് ഈ നഗരത്തിലുണ്ടായിരുന്നത്.
കല്ലിൽ കൊത്തിയുണ്ടാക്കിയ രാജവീഥികളും തെരുവുകളും വളരെ മികവുറ്റതാണ്. നഗരത്തെ ഫലഫൂയിഷ്ടമാക്കിയിരുന്നു പ്രധാന നദിയായിരുന്നു സർനോ. ഈ നദിയും മൂടപ്പെട്ടുപോയി.
1598-99 ലാണ് ഒരു ആർക്കിടെക്റ്റ് മണ്ണിനടിയിൽ പുതഞ്ഞു കിടന്നിരുന്ന പോംപെ നഗരത്തെപ്പറ്റി സൂചന നൽകിയത്. സാർനോ നദിയെ അണ്ടർഗ്രൌണ്ടിലൂടെ വഴി തിരിച്ചു വിടാൻ വേണ്ടി ടണൽ കുഴിക്കുമ്പോഴാണ് അവിചാരിതമായി താഴെ മൂടിക്കിടന്ന പോംപിയിലെ ഒരു മതിൽ അദ്ദേഹം കണ്ടെത്തിയത്.
എന്നാൽ 1748 ലാണ് മണ്ണിനടിയിലുണ്ടായിരുന്ന നഗരം കുഴിച്ചെടുക്കാൻ തുടങ്ങിയത്. നഗരത്തിലെ കാഴ്ചകൾ ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തി. ഇപ്പോഴും ഈ മേഖലയിൽ പര്യവേഷണങ്ങൾ തുടരുകയാണ്. 1150 ഓളം മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെടുക്കപ്പെട്ടു.
ലാവായാൽ മൂടപ്പെട്ടതിനാൽ മൃതദേഹങ്ങൾക്ക് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. മരണ വെപ്രാളത്താൽ പിടയുന്ന നിസഹായരായ മനുഷ്യരും കുഞ്ഞിനെ കെട്ടിപ്പിടിച്ചു മരിച്ചു ശിലയായി കിടക്കുന്ന അച്ഛനമ്മമാരും കെട്ടിപ്പിടിച്ചുറങ്ങിക്കിടക്കുന്നതുപോലെ കിടക്കുന്ന ഭാര്യാഭർത്താക്കന്മാരും കുഞ്ഞുങ്ങളുമൊക്കെ കാഴ്ച ആരുടെയും കരളലിയിക്കും.
ലാവ ഉറഞ്ഞ് കോൺക്രീറ്റ് പോലെ മോൾഡായതു കൊണ്ട് അതിനു താഴെ പോംപി കാര്യമായ കേടുപാടുകളൊന്നുമില്ലാതെ വർഷങ്ങളോളം സംരക്ഷിക്കപ്പെട്ടിരുന്നു. വർഷം തോറും ഇവിടം സന്ദർശിക്കാനായി 2.5 മില്യനോളം പേരാണെത്തുന്നത്.