ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
Sunday, April 9, 2023 3:08 PM IST
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്. എന്തുകൊണ്ടാണ് പ്രശസ്തയായത് എന്നല്ലേ, ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീയാണ് ആന്‍ഡ്രിയ. ജന്മനാ ലഭിച്ചതല്ല ഈ വന്പൻ ചുണ്ടുകൾ. ഇരുപതു ലക്ഷത്തിലേറെ രൂപ ചെലവാക്കി 43 അധരശസ്ത്രക്രിയകള് നടത്തി മാറ്റിയെടുക്കുകയായിരുന്നു.
ജീവിതത്തില്‍ എന്തിനുമേതിനും വ്യത്യസ്തത തേടുന്ന ആന്‍ഡ്രിയ 2018ലാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകള്‍ക്കു വേണ്ടി ശസ്ത്രക്രിയകൾ നടത്തിയത്. കൂടാതെ, കവിള്‍ത്തടങ്ങളില്‍ നാല് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പുകളും നടത്തി. തന്റെ ശരീരത്തില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നതായും അത്തരം കാര്യങ്ങള്‍ കൂടി ഇഷ്ടപ്പെടുന്ന ആളെയാണ് താന്‍ ജീവിതപങ്കാളിയായി തേടുന്നതെന്നും ഭാഷാശാസ്ത്ര വിദ്യാര്‍ഥിനി കൂടിയായ ആന്‍ഡ്രിയ പറഞ്ഞു.
ധാരാളം ആരാധകരും സുഹൃത്തുക്കളും ഉണ്ടെങ്കിലും യഥാര്‍ഥ പ്രണയം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധരസുന്ദരി പറയുന്നു. മനസിനിണങ്ങുന്ന ഒരാളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ദുഃഖിതയുമാണ്. ജീവിതപങ്കാളിക്കായി റിയാലിറ്റി ഷോ ആയ ദി ബാച്ചിലേഴ്സില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ആന്‍ഡ്രിയ. സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ഫോളേവേഴ്സ് ആണ് ഇവർക്കുള്ളത്.