ആയിരം സർഗപൗർണമികൾ
Friday, February 24, 2023 3:02 PM IST
""കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതി നാളെന്നും’’ എന്ന പൂന്താനത്തിന്റെ തന്നെ വരികളിലൂടെയാണല്ലൊ നമ്മൾ അദ്ദേഹത്തിന്റെ പിറന്നാൾ എന്നാണെന്നു കണ്ടുപിടിച്ചത്.
പൂന്താനത്തിന്റെ ജന്മദിനം ഏതാണെന്ന് ഓർത്തുവച്ചാൽ മതി പൂന്താനത്തിന്റേതുപോലെ മനസിനെ ശുദ്ധീകരിക്കുന്ന കാവ്യസമാനമായ സാഹിത്യസൃഷ്ടികൾ രചിച്ച സി. രാധാകൃഷ്ണന്റെ ജന്മദിനവും കണ്ടുപിടിക്കാം. കുംഭമാസത്തിലെ അശ്വതി തന്നെ! സി. രാധാകൃഷ്ണന് ഈ അശ്വതി നാളിൽ, അതായത് ഇന്ന് എണ്പത്തി നാലു വയസു പൂർത്തിയാവുകയാണ്.
‘പശ്യേമ ശരദശ്ശതം; ജീവേമ ശരദശ്ശതം’ എന്ന സൂക്തത്തിലേതുപോലെ ആയിരം പൂർണചന്ദ്രന്മാരെ കണ്ട് നൂറു വയസിനെ കടന്നുപോവേണ്ട യാത്ര തുടരുകയാണു സി. രാധാകൃഷ്ണൻ. ഇതു മലയാളത്തിന്റെ സുകൃതം. ആസ്വാദകമനസുകളുടെ ധന്യത. പൂന്താനത്തിന്റെ മാത്രമല്ല, എഴുത്തച്ഛന്റെയും സർഗ്ഗാത്മകത ഉൗറിക്കുടിയിരിക്കുന്നു ഈ സാഹിത്യസാരസത്തയിൽ. അല്ലെങ്കിൽ തീക്കടൽ കടഞ്ഞു തിരുമധുരം കണ്ടെത്തി മലയാളത്തിനു പകർന്നുതരാൻ അദ്ദേഹത്തിന് സാധ്യമാവുമായിരുന്നില്ലല്ലൊ.
എഴുത്തച്ഛന്റെ മനസറിഞ്ഞ എഴുത്തുകാരനാണ് സി. രാധാകൃഷ്ണൻ എന്ന് ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന കൃതി വ്യക്തമാക്കുന്നു.
തലമുറകൾ കൈമാറി വന്ന സത്യങ്ങളും മനസുകണ്ടെത്തിയ സത്യങ്ങളും ഒരുപോലെ കടഞ്ഞു സി. രാധാകൃഷ്ണൻ കണ്ടെത്തിയ ഈ കൃതിയിൽ ഒരേ താളത്തിൽ ഭാഷാപിതാവിന്റെയും നോവലിസ്റ്റിന്റെയും ഹൃദയങ്ങൾ സ്പന്ദിക്കുന്നു. ഐതിഹ്യവും ചരിത്രവും ഭാവനയും സ്വപ്നസന്നിഭമായ ഒരു അപൂർവാനുഭവത്തിൽ സമന്വയിക്കുന്നു. അപരിമേയമായ ആന്തരിക ശോഭയുള്ള കൃതി!
നിഴൽപ്പാടുകൾ മുതൽക്കിങ്ങോട്ട് എത്രയോ നോവലുകളിലൂടെ മലയാള മനസിനൊപ്പം സഞ്ചരിച്ചു ഈ സാഹിത്യനായകൻ. നമ്മുടെ തന്നെ ഹൃദയങ്ങളുടെ സ്പന്ദമാപിനിയായി നിന്നു സർഗാത്മകത കൊണ്ടു ധന്യമായ ആ മനസ്.
മാറിവരുന്ന കാലങ്ങളിലെ ഏറ്റവും പുതിയ ഫാഷൻ ഏതെന്നു നോക്കിയോ, എങ്ങനെ എഴുതിയാൽ കൊണ്ടാടപ്പെടുമെന്നു നോക്കിയോ സി. രാധാകൃഷ്ണൻ ഒരിക്കലും എഴുതിയില്ല. മനസിൽ നിന്നു വാർന്നു വീഴുന്ന സ്വാഭാവികശൈലിയെത്തന്നെ പിന്തുടർന്നു. ആ പ്രക്രിയയിൽ അകൃത്രിമമായ, നിസർഗസുന്ദരമായ, സുതാര്യവിശുദ്ധിയാർന്ന ഒരു കഥാഖ്യാന ശൈലി തീർത്തും മൗലികമായ നിലയിൽ അദ്ദേഹത്തിൽ രൂപപ്പെട്ടുവന്നു.
ഈ മണ്ണിൽ നിന്നുള്ള, മനസിൽ നിന്നുള്ള കൃതികളായി അദ്ദേഹത്തിന്റേത്. അതാകട്ടെ, നമ്മുടെ ഭാഷയുടെ, സാഹിത്യത്തിന്റെ, സംസ്കാരത്തിന്റെ, വിലപ്പെട്ട ഈടുവെയ്പ്പിന്റെ ഭാഗമായി നിൽക്കുന്നു, ഭാഷയെയും സംസ്കാരത്തെയും ഭാവുകത്വത്തെയും നവീകരിക്കുന്നു.
ശാസ്ത്രവും സാഹിത്യവും ഒരുമിച്ചു പോവില്ല എന്നാണു പൊതുവേ പറയാറ്. എന്നാൽ ഇവയ്ക്കു രണ്ടിനുമിടയിലെ പാരസ്പര്യത്തിന്റെ തലങ്ങൾ സി. രാധാകൃഷ്ണൻ തന്റെ മൗലികമായ മനഃപര്യവേഷണങ്ങളിലൂടെ കണ്ടെത്തി.
“അറിവിൻ വെളിച്ചമേ, ദൂരെപ്പോ ദൂരെപ്പോ നീ
വെറുതേ സൗന്ദര്യത്തെ കാണുന്ന കണ്പൊട്ടിച്ചു”
എന്നതായിരുന്നിട്ടുണ്ടല്ലൊ പൊതുവേ എഴുത്തുകാരുടെ നിലപാട്. എന്നാൽ, സി. രാധാകൃഷ്ണൻ അറിവിന്റെ വെളിച്ചം വന്നാൽ സൗന്ദര്യത്തെ കാണുന്ന കണ്ണ് കൂടുതൽ തെളിച്ചമുള്ളതാവുകയേ ഉള്ളൂ എന്ന് തന്റെ രചനകളിലൂടെ തെളിയിച്ചു.
പാരന്പര്യവും ആധുനികതയും സമന്വയിക്കുന്നതിന്റെ സവിശേഷ ശക്തിയും ചൈതന്യവും ആ സാഹിത്യലോകത്തെ വ്യതിരിക്തമാംവിധം ശ്രദ്ധേയമാക്കി. സൂക്ഷ്മ മനസു മുതൽ കോസ്മിക് മനസുവരെ അദ്ദേഹത്തിന്റെ അന്വേഷണവിഷയമായി.
പൊഴിയും മുന്പുള്ള കാറ്റത്തെ ഇലയുടെ പിടച്ചൽ മുതൽ സർവനാശത്തിലേക്കു കൂപ്പുകുത്തുന്നുവോ എന്ന് ആശങ്കപ്പെടേണ്ട ഭൂമിയുടെ ഉത്കണ്ഠവരെ ആ കൃതികളിലെ കഥാപാത്രങ്ങളുടെ ഉൾത്തുടിപ്പുകളിലൂടെ പകർന്നുവച്ചു സി. രാധാകൃഷ്ണൻ, ദേശാതിർത്തികളെന്നല്ല, കാലാതിർത്തികൾ വരെ കടന്നുനീങ്ങുന്ന രചനാ സപര്യയിലാണിന്നും. അസാധാരണമായ പ്രത്യാശയുടെ, ശുഭവിശ്വാസത്തിന്റെ, അതിജീവനബോധത്തിന്റെ ഉൾക്കരുത്താണു വ്യക്തിമനസിനും സമഷ്ടിമനസിനും സി. രാധാകൃഷ്ണന്റെ കൃതികളിൽ നിന്നു ലഭിക്കുന്നത്.
‘ഉള്ളിൽ ഉള്ളതി’ന് ഉൾക്കരുത്തു നൽകുന്നത്, സ്വന്തം ആത്മാവിനെ തിരയുന്ന മനുഷ്യന്റെ മനസിലൂടെയുള്ള സഞ്ചാരമാണ്. ഇങ്ങനെ നോക്കിയാൽ ഓരോ കൃതിയെക്കുറിച്ചും ഏറെ പറയാനുണ്ട്. എഴുത്തിന്റെ മായികപിഞ്ഛികാചലനത്തിലൂടെ അനുവാചകനെ വിസ്മയ വിഹായസുകളിലേക്ക് ആ കൃതികൾ ആനയിക്കുന്നു. കേവല നരവർഗ ജന്തുതയിൽ നിന്നു മനുഷ്യത്വത്തിന്റെ മഹാനുഗ്രഹ പ്രകാശാവസ്ഥയിലേക്ക് ഉപനയിക്കുന്നു.
കാപ്സ്യൂൾ രചനകളുടെ കാലത്ത് ബൃഹദ്കൃതികളിലേക്കു കടന്നു. അവയിലാകട്ടെ, ലോകവും കാലവും നിറഞ്ഞു. ‘കണ്ണിമാങ്ങകൾ’, ‘അഗ്നി’ എന്നിവയിൽ നിന്ന് ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്നിടത്തേക്കും ‘കാലം കാത്തുവെക്കുന്നതി’ലേക്കും ഒക്കെ എത്തുന്പോൾ സി. രാധാകൃഷ്ണന്റെ സാഹിത്യകാരവ്യക്തിത്വത്തെ അതുവരെ എത്തിപ്പെടാത്ത അനുഭൂതിമേഖലകളിലേക്കും
അനുഭവമണ്ഡലങ്ങളിലേക്കും വ്യത്യസ്ത ഘട്ടങ്ങളിൽ എടുത്തുയർത്തിയ ആന്തരികമായ സർഗവിസ്ഫോടനങ്ങളെക്കൂടി അറിയുകയാണ് നമ്മൾ. ഇത്തരം ആന്തരിക വിസ്ഫോടനങ്ങളാണല്ലൊ, ഏത് എഴുത്തുകാരനെയും കാലാനുസൃതമായി നവീകരിക്കുന്നതും മാറിവരുന്ന തലമുറകൾക്കു സ്വീകാര്യനാക്കുന്നതും.
പലതലങ്ങളിലായി പടർന്നു നിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണു സി. രാധാകൃഷ്ണൻ. ഇംഗ്ലീഷ് പത്രപ്രവർത്തകൻ, ശാസ്ത്രചിന്തകൻ, വേദ ചിന്തകൻ, കവി, ചലച്ചിത്രകാരൻ, എന്നിങ്ങനെ പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന എത്രയോ തലങ്ങൾ.
അദ്ദേഹത്തിന്റെ കൃതികൾക്കുള്ള വലിയ ഒരു പ്രത്യേകത, അവയുടെ ശീർഷകത്തിലെ കാവ്യസ്പർശമാണ്. ആകാശത്തിൽ ഒരു വിടവ്, തീക്കടൽ കടഞ്ഞു തിരുമധുരം, ഇനിയൊരു നിറകണ്ചിരി, മുൻപേ പറക്കുന്ന പക്ഷികൾ, സ്പന്ദമാപിനികളേ നന്ദി, നിഴൽപ്പാടുകൾ, വേരുകൾ പടരുന്ന വഴികൾ, എന്നിങ്ങനെയുള്ള പുസ്തക നാമങ്ങളിൽ ഉൗറിക്കൂടിയിട്ടുള്ള കാവ്യരസം ഗവേഷണ വിഷയമാവേണ്ട താണ്; ഓരോ കൃതിക്കുമൊപ്പം. കവിത നിറഞ്ഞ മനസ്സുകളിൽ നിന്നുമാത്രമേ ഇത്തരം ശീർഷകങ്ങളുണ്ടാവൂ.
സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ കരുത്തും ചൈതന്യവും നിറഞ്ഞുനിൽക്കുന്നു ശില്പഭദ്രതയും ഭാവഭദ്രതയും ഒരുപോലെ ചേർന്നു നിൽക്കുന്ന സി.രാധാകൃഷ്ണന്റെ രചനകളിൽ. കാലത്തിന്റെ അപാരതയെ സൂക്ഷ്മസമയബിന്ദുവിലേക്കൊതുക്കുന്നതും കേവലസ്ഥലരാശിയെ സൗരയൂഥമാനങ്ങളിലേക്കു വിസ്തൃതിപ്പെടുത്തുന്നതുമായ കയ്യടക്കത്തിന്റെ വിശിഷ്ടകലയാവുന്നു സാഹിത്യം സി. രാധാകൃഷ്ണന്. ലോകവും കാലവും അതിൽ അടയാളപ്പെടുത്തപ്പെടുന്നു.
ഒരു കൃതിയിൽ നിന്നു കഥാഗതി മറ്റൊരു കൃതിയിലേക്ക്, അവിടെ നിന്ന് അടുത്തതിലേക്ക് എന്ന നിലയ്ക്ക് ഒഴുകിത്തുടരുന്ന രീതിയാൽ ശ്രദ്ധിക്കപ്പെട്ട നോവൽ പരന്പര സി. രാധാകൃഷ്ണന്റെ കണ്ടെ ത്തലാവണം മലയാളത്തിൽ. ഒന്നിന്റെ ധാര മറ്റൊന്നിലേക്കു ചെന്നെത്തുന്നതു മലയാളത്തിൽ പുതുമയാർന്ന അനുഭവമാവുന്നു.
മലയാളത്തിന്റെ മഹത്വം അടയാളപ്പെടുത്തപ്പെടുന്നത് ഓരോ ഘട്ടത്തിൽ ഓരോ എഴുത്തുകാരിലൂടെയാണ്. അവരുടെ ശ്രദ്ധേയമായ ചില കൃതികളിലൂടെയാണ്. ഒരു കാര്യം നിസംശയം പറയാം മലയാള സാഹിത്യത്തിന്റെ ഭാവി ചരിത്രം ഇക്കാലത്തിൽ നിന്നു തൊട്ടെടുക്കുന്നത് സി. രാധാകൃഷ്ണന്റെ സർഗാത്മകതയുടെ പരാഗരേണുക്കളെക്കൂടിയാവും.
കാലത്തിന്റെ പാറ്റിക്കൊഴിക്കലുകളെ അതിജീവിക്കുന്ന കൃതികളാണ് അദ്ദേഹത്തിന്റേത്. ആയിരം ചന്ദ്രോദയത്തിന്റെ ദീപ്തിയുമായി ആ എഴുത്തുജീവിതം ഇനിയുമേറെയേറെക്കാലം മലയാളത്തെ ധന്യമാക്കിക്കൊണ്ടേയിരിക്കട്ടെ.