കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി
Wednesday, February 15, 2023 3:36 PM IST
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യുവാക്കള്‍ കൂടുന്നിടത്തുമൊക്കെ മസാജിംഗ്, ക്രോസ് മസാജിംഗ് എന്നീ ബോര്‍ഡുകള്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി.
കൊച്ചി നഗരത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന ചില മസാജിംഗ് സെന്ററുകൾക്കു മറവിൽ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.
മലയാളികളും ഇതരസംസ്ഥാനക്കാരുമായ യുവതികളെയാണ് തെറാപ്പിസ്റ്റ് എന്ന പേരില്‍ ഇത്തരം സ്പാകളില്‍ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് പണം നല്കി മസാജിംഗ് സെന്ററുകളിലെത്തുന്നവര് എക്സ്ട്രാ മണി നല്കിയാല് ആഗ്രഹിക്കുന്നതൊക്കെ ലഭിക്കും.
നല്ല രീതിയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ആയുര്‍വേദ സുഖചികിത്സാകേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അനധികൃത സ്പാകളുടെ പ്രവര്‍ത്തനം. ഗുണ്ടാബന്ധങ്ങളുള്ളവരാണ് ഇവര്‍ക്ക് കാവൽ ഒരുക്കുന്നത്. ഉന്നത പോലീസ് ബന്ധങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് ഈ സ്പാ ഉടമകള്‍തന്നെ അവകാശപ്പെടുന്നു.
സ്പാകള്ക്കു മറവില്‍ ഹൈടെക് പെണ്‍വാണിഭം കൊഴുക്കുമ്പോള്‍ ജോലി തേടിയെത്തി ഇതില്‍ പെട്ടുപോകുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. ചതിക്ക് ഇരയാകുമ്പോഴും നാണക്കേടും ഭയവും മൂലം മനഃപൂര്‍വം മൗനംപാലിക്കാൻ ഇവർ നിർബന്ധിതരാകുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്പായില്‍ ജോലിക്കെത്തിയ യുവതി സ്പാ ഉടമയുടെ ലൈംഗികാതിക്രമത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ...
‘അയാള്‍ എന്നെ ഉപദ്രവിക്കുമെന്ന് ഉറപ്പായിരുന്നു. അയാളുടെ ആളുകളായിരുന്നു അവിടെയെല്ലാം. പേടിച്ചരണ്ട് ഇരുന്ന എനിക്ക് പെട്ടെന്നാണ് അവിടത്തെ ലൊക്കേഷന്‍, എന്റെ ഏട്ടന് ഇട്ടു കൊടുക്കാന്‍ തോന്നിയത്. നിമിഷങ്ങള്‍ക്കകം ഏട്ടനും കൂട്ടുകാരും അവിടെയെത്തി. അല്ലെങ്കില്‍ ഞാന്‍ ... വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ ആ പെണ്‍കുട്ടി ഇരുന്നു.
ആലുവയിലെ വീട്ടിലിരുന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറയുമ്പോഴും ആ 20 കാരിയുടെ മുഖത്ത് ഭയം നിഴലിച്ചിരുന്നു. പക്ഷേ, മറ്റൊരു പെണ്‍കുട്ടിക്കും ഈ ദുരനുഭവം ഇനി ഉണ്ടാകരുതെന്നത് അവള് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് എന്തൊക്കെ വന്നാലും പരാതിയുമായി താന്‍ മുന്നോട്ടു പോകുമെന്ന് ആ കുട്ടി ഉറപ്പിച്ചു പറയുന്നതും. അവളെ നവ്യയെന്നു (പേര് സാങ്കൽപ്പികം) വിളിക്കാം.
തെറ്റായ ലൊക്കേഷൻ
ഡിഗ്രി പഠനത്തിനുശേഷം ജീവിത സാഹചര്യങ്ങള്‍ക്കൊണ്ട് ഒരു ജോലി തേടുന്പോഴാണ് നവ്യ ഒഎല്‍എക്സിൽ ആ പരസ്യം കണ്ടത്. കൊച്ചിയിലെ സ്പായില്‍ പേഴ്സണല്‍ സെക്രട്ടറിയുടെ ഒഴിവ്. പരസ്യത്തില്‍ കണ്ട നമ്പറില്‍ സന്ദേശം അയച്ചു. നിമിഷങ്ങള്‍ക്കകം വാട്സാപ്പില്‍ തിരിച്ച് മെസേജ് വന്നു.
പേഴ്സണല്‍ സെക്രട്ടറിയുടെ ഒഴിവാണെന്നും നല്ല സ്ഥാപനമാണെന്നും ഉടന്‍ ബയോഡാറ്റയും ഫുള്‍സൈസ് ഫോട്ടോയും അയയ്ക്കാനും ഫോണ്‍ എടുത്ത യുവതി പറഞ്ഞു.
അതുപ്രകാരം നവ്യ ബയോഡാറ്റ അയച്ചു. പിറ്റേന്നു തന്നെ വിളിയെത്തി. നാളെത്തന്നെ ഇന്റര്‍വ്യൂവിന് എത്താനായിരുന്നു നിർദേശം. തുടര്‍ന്ന് ഇടപ്പള്ളിയിലെ ഡിഫ്ളോറ സ്പാ എന്ന സ്ഥാപനത്തിന്റെ ലൊക്കേഷനും അയച്ചു. തൃശൂര്‍ സ്വദേശിനിയായ യുവതി എട്ടിന് എറണാകുളത്തേക്കു പുറപ്പെട്ടു. ഇടപ്പള്ളിയിലെത്തിയിട്ട് വിളിക്കാനായിരുന്നു നിര്‍ദേശം.
യുവതി അവിടെയെത്തി വിളിച്ചപ്പോള്‍ ബുള്ളറ്റിലെത്തിയ യുവാവ് യുവതിയെ ഇടപ്പള്ളി ടോളിലെ ഒരു സ്പായിലാണ് എത്തിച്ചത്. ലൊക്കേഷന്‍ ഇതല്ലല്ലോ അയച്ചതെന്നു നവ്യ ചോദിച്ചപ്പോള്‍ ഇതും നമ്മുടെ സ്ഥാപനംതന്നെയാണ്, കൊച്ചിയില്‍ എട്ടോളം സ്ഥാപനങ്ങള്‍ ഉണ്ടെന്നുമായിരുന്നു മറുപടി. ഇന്റര്‍വ്യൂ കഴിഞ്ഞ് നാളെ മുതല്‍ ജോലിക്ക് വന്നോളു എന്നു പറഞ്ഞു പറഞ്ഞയച്ചു.
രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറര വരെയായിരുന്നു ജോലി സമയം. 15,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്. അവിടെ വേറെ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. സംശയാസ്പദമായി നവ്യയ്ക്ക് ഒന്നും തന്നെ തോന്നിയില്ല.
പിറ്റേന്ന് രാവിലെ പത്തരയ്ക്ക് യുവതി സ്പായില്‍ ജോലിക്കെത്തി. അന്ന് കമ്പനിയുടെ വിവിധ സ്പാകള്‍ പരിചയപ്പെടുത്തുന്നതിനായി പെണ്‍കുട്ടിയുമായി നിഥിന് എന്ന യുവാവ് പോയി. സ്പായുടെ സഹ ഉടമയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ സ്പായില്‍ തിരിച്ചെത്തിയ യുവതി അന്ന് വീട്ടിലേക്കു മടങ്ങി.
രാത്രി വന്ന മെസേജ്
നിഥിന്റെ മെസേജ് അന്ന് രാത്രി പെണ്കുട്ടിക്കെത്തി. നാളെ രാവിലെ ഇടപ്പള്ളിയിലെ സ്പായിലേക്കാണ് വരേണ്ടത്. അവിടെ മറ്റൊരു യുവതി ഉണ്ടാകും എന്നായിരുന്നു സന്ദേശം. അതുപ്രകാരം അവിടെയെത്തിയ പെണ്‍കുട്ടി ഏറെനേരം കാത്തിരുന്നിട്ടും ആരെയും കാണാത്തത്തിനെത്തുടര്‍ന്ന് നിഥിനെ ഫോണില്‍ വിളിച്ചു. വെയ്റ്റു ചെയ്യു, ഞാന്‍ ഉടനെയെത്താം എന്ന് അയാള്‍ മറുപടി നല്കി.
നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ നിഥിന് യുവതിയോട് സ്പായിലെ നിലവിളിക്കില്‍ ദീപം കൊളുത്താന്‍ പറഞ്ഞു. ആ സമയം അവിടെ കസ്റ്റമേഴ്സും എത്തിത്തുടങ്ങി. അതിനുശേഷം നവ്യ പ്രഭാത ഭക്ഷണം കഴിച്ചോയെന്നു നിഥിന് അന്വേഷിച്ചു. ഭക്ഷണം ഇവിടെനിന്ന് കിട്ടുമെന്നല്ലേ പറഞ്ഞത്, അതുകൊണ്ടു ഭക്ഷണം ഒന്നും കഴിച്ചില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
തുടര്‍ന്ന് അയാള്‍ ഭക്ഷണം വാങ്ങി നല്കാന് നവ്യയുമായി കാറില്‍ പുറത്തേക്കിറങ്ങി. അതിനിടയ്ക്ക് അവിടെ കസ്റ്റമേഴ്സിന്റെ എണ്ണം കൂടാന്‍ തുടങ്ങി. നവ്യ മറ്റൊന്നും സംശയിക്കാതെ അയാള്‍ക്കൊപ്പം പുറത്തേക്കു പോയി.
(തുടരും)
സീമ മോഹന്‍ലാല്‍