കലിപ്പന്റെ കാന്താരികൾ
Wednesday, November 23, 2022 4:13 PM IST
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു ‘കലിപ്പന്റെ പെണ്ണ്’, ‘കലിപ്പന്റെ കാന്താരി’ തുടങ്ങിയ പേരുകളിലിറങ്ങിയ വീഡിയോകള്‍. മൂക്കത്ത് ശുണ്ഠിയുള്ള കാമുകനും അവന് വിധേയയായി കഴിയുന്ന കാമുകിയുമാണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍.
തന്റെ ഇഷ്ടാനുസരണം വസ്ത്രമിട്ടില്ലെങ്കില്, തന്നോട് പറയാതെ പുറത്തുപോയാല്‍, മറ്റാര്‍ക്കെങ്കിലുമൊപ്പം ബൈക്കില്‍ യാത്ര ചെയ്താൽ.... സ്ഥലകാലബോധമില്ലാതെ കാമുകിയോട് തട്ടിക്കയറുന്ന കാമുകനാണ് കലിപ്പന്. കാമുകന് എന്ത് പറഞ്ഞാലും അതെല്ലാം അംഗീകരിച്ച്, അയാളുടെ ദേഷ്യവും ധാര്‍ഷ്ട്യവും സമ്മതിച്ചുകൊടുത്ത് വിനീതവിധേയയായ കാമുകിയാണ് വീഡിയോയിലെ നായിക. പുതുതലമുറയിലെ കമിതാക്കളുടെ പ്രതിനിധികളാണ് ഈ കഥാപാത്രങ്ങൾ
‘എനിക്കില്ലെങ്കിൽ ആർക്കും വേണ്ട’
പരസ്പരം പ്രണയിച്ചവരില്‍ ഒരാള്‍ ഒഴിവായി പോകുകയോ, മറ്റൊരാളെ വിവാഹം കഴിക്കുകയോ ചെയ്താൽ അത് സഹിക്കാനോ ക്ഷമിക്കാനോ അപ്പുറത്തുള്ളയാള്‍ തയാറാകുന്നില്ല. പകരം ഒരുപാടുനാൾ ജീവനു തുല്യമായി കണ്ടിരുന്ന പാതിയെ അരുംകൊല ചെയ്യുന്നു. ‘അവള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട’ എന്ന പക്വതയുള്ള ചിന്തയ്ക്ക് പകരം ‘എനിക്കില്ലെങ്കിൽ ആർക്കും വേണ്ട’ എന്ന രാക്ഷസചിന്തയാണ് കാമുകിമാരുടെ ജീവനെടുക്കുന്നത്.
പാലായില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് സഹപാഠി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തേപ്പും കമന്റുകളും
പ്രണയക്കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്ക് താഴെ അപകടകരമായ കമന്റുകൾ കാണാം. ‘തേച്ചിട്ട് പോയിട്ടല്ലേ, അവള്‍ക്ക് അതുതന്നെ വേണം’, ‘തേപ്പ് ഒരു ക്രിമിനല്‍ കുറ്റമാക്കണം’ എന്നിങ്ങനെയാണ് കമന്റുകള്‍. ഈ കമന്റുകൾ പ്രണയക്കൊലകൾക്ക് ഒരു പരിധിവരെ വീരപരിവേഷം ചാർത്തിക്കൊടുക്കുന്നു. ഇത്തരം കമന്റുകൾ ഇടുന്നവർ ഓർക്കുക; നിങ്ങൾ അരുംകൊലകൾക്കു വളംവച്ചു കൊടുക്കുകയാണ്. പ്രണയം പിടിച്ചുവാങ്ങാൻ പറ്റുന്ന ഒന്നല്ലെന്ന് ഇവർക്ക് ആരാണ് പറഞ്ഞു കൊടുക്കുക.
(തുടരും)
പി. ജയകൃഷ്ണന്