പ്രകാശം പരത്തുന്ന കുഞ്ഞൂഞ്ഞ്
Monday, October 31, 2022 10:30 AM IST
ഉമ്മൻചാണ്ടിക്ക് ഇന്ന് (ഒക്ടോബർ 31) 80-ാം ജന്മദിനം
“ഒരു നേതാവ് പ്രത്യാശയുള്ള വ്യാപാരിയാണ്”, നൂറ്റാണ്ടുകൾക്കും മുമ്പ് ജീവിച്ചിരുന്ന ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഈ വചനം ഇന്നും പ്രസക്തമാകുന്നത് ജനതയ്ക്കു വഴിയും വെളിച്ചവുമാകുന്ന നായകന്മാർ നമുക്കിടയിലുള്ളതുകൊണ്ടാണ്. ഇന്ന് 80ലേയ്ക്കു പ്രവേശിക്കുന്നതിന്റെ വേളയിലും തനിക്കു ചുറ്റുമുള്ള ലോകത്തിനു പ്രത്യാശയും തണലുമാകുന്ന നന്മ മരമായി നിലകൊള്ളുകയാണ് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി.
സാധാരണക്കാരുടെ കണ്ണുനീരിന്റെ സ്പർശനത്താൽ ഹൃദയം പിടയുന്ന, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഒരു നേതാവിനു മാത്രമേ വലിയൊരു കൂട്ടത്തിന്റെ പ്രത്യാശയുടെ ഉറവയാകാൻ സാധിക്കൂ. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഉമ്മൻ ചാണ്ടിയെന്ന പൊതുപ്രവർത്തകൻ വിപണനം ചെയ്തത് പ്രത്യാശ നശിച്ചു പോയവർക്കു പുതുജീവിതവും വെളിച്ചവുമാണ്. ചുളിഞ്ഞു മുഷിഞ്ഞ ഖദറും അലസമായ മുടികളും അടഞ്ഞ ശബ്ദവുമായി കക്ഷി രാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കുവേണ്ടിയും അദ്ദേഹം കർമനിരതനാകുന്നു.
ജനങ്ങളുടെ ലീഡർ
ജനാധ്യപത്യ വ്യവസ്ഥിതിയിൽ ഒരു നേതാവിന് ഏറ്റവും യോജിച്ച പേരാണ് ലീഡർ. ലീഡർ നയിക്കുകയും വഴിനടത്തുകയും ചെയ്യുന്നത് തന്റെ ഒപ്പമുള്ളവരെ മാത്രമല്ല, തനിക്കു ചുറ്റുമുള്ള ജനങ്ങളെയും ആശയപരമായി എതിരിടുന്നവരേയുമാണ്. അതുകൊണ്ടാണ് പ്രായത്തിന്റെ ആവലാതികളെ പോലും മറന്ന് ജനങ്ങൾക്കായുള്ള ഇടപെടലുകൾ ഉമ്മൻ ചാണ്ടി ഇന്നും തുടരുന്നത്. പ്രതികാരത്തിന്റെയും കൊലപാതകത്തിന്റെയും നശീകരണത്തിന്റെയും ഇടമായി മാറുന്ന ഇന്നത്തെ പൊതുപ്രവർത്തന രംഗത്ത് സ്വന്തം ശരീരത്തിലേക്ക് കല്ല് വലിച്ചെറിഞ്ഞവരെ പോലും സ്നേഹത്തോടെ കെട്ടിപ്പുണരാൻ കഴിയുന്ന മനോഭാവം ഒരുപക്ഷേ ഉമ്മൻ ചാണ്ടിയുടെ മാത്രം പ്രത്യേകതയാണ്.
മുഖ്യമന്ത്രിവരെയായി അര നൂറ്റാണ്ടിലേറെയുള്ള വിപുലമായ പാർലമെന്ററി പ്രവർത്തന പാരമ്പര്യമുള്ള ഒരു നേതാവ് ജനങ്ങൾക്കിടയിലേക്ക് അവരെ വിശ്വസിച്ച് ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ എത്തുന്നിടത്താണ് ഉമ്മൻ ചാണ്ടിയുടെ കർമപാതയുടെ തെളിമയും ജീവിതത്തിന്റെ ലാളിത്യവും മലയാളികൾ തിരിച്ചറിയുന്നത്.
ആമുഖങ്ങൾ വേണ്ടാത്ത ജനനായകൻ
രാഷ്ട്രീയത്തിലെ അതികായനെങ്കിലും കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലും ആമുഖങ്ങൾ വേണ്ടാത്ത വ്യക്തിയാണ് അദ്ദേഹം. ഒരേ മണ്ഡലത്തിൽനിന്നും കേരള നിയമസഭയില്‍ എംഎല്‍എയായി എത്തി 50 വര്‍ഷം തികച്ചു എന്ന അപൂർവ നേട്ടം അദ്ദേഹത്തിനു മാത്രമുള്ളതാണ്. 1970ല്‍ പുതുപ്പള്ളിയില്‍നിന്നു നിയമസഭയിലെത്തിയ ഉമ്മന്‍ ചാണ്ടി പരാജയത്തിന്റെ കയ്പുനീർ കുടിക്കാതെ ഇന്നും ജൈത്രയാത്ര തുടരുകയാണ്. 1943 ഒക്ടോബര്‍ 31ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.
പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ പരേതനായ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകൻ പുതുപ്പള്ളി എംഡി സ്കൂളിലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂളിലും കോട്ടയം സി എംഎസ് കോളജിലും വിദ്യാഭ്യാസം നേടി. ജനങ്ങളുടെ ഇടയിലേക്ക് പ്രവർത്തനം ആരംഭിച്ചതിനൊപ്പംതന്നെ ചങ്ങനാശേരി എസ്ബി കോളേജില്‍നിന്നു ബിഎ ബിരുദവും എറണാകുളം ലോ കോളേജില്‍നിന്നു നിയമബിരുദവും കരസ്ഥമാക്കി.
പിടിച്ചെടുത്ത സാമ്രാജ്യം
ഉമ്മൻ ചാണ്ടി 27 ാം വയസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. അന്ന് പുതുപ്പള്ളി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്ക്കുന്ന സമയം. കാര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ലെങ്കിലും മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പും ജന്മനാടെന്നുള്ള വിശ്വാസവും ഉമ്മന്‍ചാണ്ടിക്കു ധൈര്യമേകി.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കണക്കുകൂട്ടലുകളെല്ലാം തിരുത്തിക്കുറിച്ച് സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജിനെ 7,233 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു. 1977ലെ കെ. കരുണാകരന് മന്ത്രി സഭയിൽ തൊഴില്‍മന്ത്രിയായ ഉമ്മൻ ചാണ്ടി പിന്നീട് വിവിധകാലങ്ങളിൽ ആഭ്യന്തര, ധന, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചതിനു ശേഷം 2004ല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. 2011-16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി.
ഇന്നും കാത്തു സൂക്ഷിക്കുന്ന യുവത്വം
ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പും കർമോത്സുകതയുമാണ് കർമവീഥിയില്‍ ഉമ്മൻ ചാണ്ടിയെ മൗലികമായി നിലനിർത്തുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സംഘടനാ വൈഭവം.
ആ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്തെ ജനസമ്പര്‍ക്ക പരിപാടി. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടന്നുവെന്നുള്ള തിരിച്ചറിവായിരുന്നു അദ്ദേഹത്തെ ആ ധീരമായ മുന്നേറ്റത്തിലേക്കു പ്രേരിപ്പിച്ചത്.
ലളിതം സുന്ദരം ആ ജീവിതം
സഹപ്രവർത്തകർ ഒസി എന്ന സ്നേഹപ്പേരില്‍ വിളിക്കുന്ന ഉമ്മൻ ചാണ്ടി വ്യക്തി ജീവിതത്തിലെ അപൂര്‍വതകളെ പോലും ആഘോഷമാക്കാറില്ല.
പിറന്നാള്‍ദിനത്തിനു പതിവു ദിവസങ്ങളിൽ കവിഞ്ഞുള്ള നിറങ്ങൾ നൽകാറില്ല. കേക്ക് മുറിക്കലിനോ ആഘോഷങ്ങൾക്കോ നിന്നുകൊടുക്കാറില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് ആഘോഷം ലളിതമാക്കും. മിക്കവാറും പിറന്നാൾ ദിനങ്ങളിലും ഉമ്മന്‍ ചാണ്ടി യാത്രയിലായിരിക്കും. തനിക്കുചുറ്റുമുള്ള ലോകത്തിൽനിന്നും ഊര്‍ജം കണ്ടെത്തുന്ന നേതാവ് പിറന്നാള്ദിനത്തിലും പ്രവർത്തകരോടൊപ്പം തന്നെയാണുള്ളത്.
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഉമ്മന്‍ ചാണ്ടി ജന്മദിനം ആഘോഷമാക്കാറില്ലെന്നതാണ് മറ്റൊരു വസ്തുത. ഓരോദിനവും പുതിയ പ്രതിസന്ധികളെ അതിജീവിച്ചു ജനക്ഷേമത്തിനായി ഇറങ്ങിത്തിരിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ശൈലി. ഇത്തരം കുഞ്ഞ് കുഞ്ഞ് ശൈലികളാണ് മലയാളികളുടെ കുഞ്ഞൂഞ്ഞിന്റെ ജീവിതം സുന്ദരമാക്കുന്നതും...