പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം
Wednesday, October 26, 2022 4:05 PM IST
ഏത് മനോഹര കാഴ്ചയും നിമിഷങ്ങൾ കൊണ്ട് കവിതയായി, ഗാനമായി ചാലിക്കുവാൻ കഴിഞ്ഞിരുന്ന അനശ്വര കവിയാണ് വയലാർ. വികാരങ്ങൾ കടലലകൾ പോലിളകുന്ന ആ ഹൃദയം ഒന്നു തുടിക്കുന്പോൾ തന്നെ മന്ത്ര തൂലികയിൽ നിന്നും കവിത അങ്ങനെ ഒഴുകിയ നിറയും. ചെറിയൊരു പോറൽ നെഞ്ചിൽ ഏറ്റാലും അഗാധ ദുഃഖമായി അത് പുറത്തേക്ക് പ്രവഹിക്കും.
ഈ ഒരു കാൽപനികതയിൽ നിന്നും സർഗസിദ്ധിയിയിൽ നിന്നും മലയാള ഗാനലോകത്തിനു അനവധി ഗാനങ്ങൾ ലഭിച്ചിട്ടുണ്ട്.
അത്തരത്തിലെ ഗാനനിമിഷത്തെക്കുറിച്ച് പ്രശസ്ത ചലച്ചിത്രഗാന നിരൂപകൻ ടി.പി.ശാസ്തമംഗലത്തിന്റെ "കാവ്യഗീതിക'യിൽ അദ്ദേഹം പറയുന്നതിങ്ങനെ- കെ.പി.കുമാരന്റെ ആദ്യചിത്രമായ അതിഥിയിൽ പ്രണയസുന്ദരമായ ഒരു ഗാനമുണ്ട്. ഇന്നും ആസ്വാദകർ നെഞ്ചിലേറ്റുന്ന "സീമന്തിനി നിൻ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം..' എന്ന ഗാനമാണത്. നിമിഷങ്ങൾക്കൊണ്ട് വയലാർ രചിച്ച ഗാനമാണിത്. സംവിധായകൻ കെ.പി.കുമാരന്റെ വീട്ടിൽ സാക്ഷാൽ വയലാർ തന്നെ അതിഥിയായി എത്തിയപ്പോഴാണ് ഗാനത്തിന്റെ സ്പാർക്ക് കവിക്കു ലഭിച്ചത്.
അതിഥി എന്ന സിനിമയുടെ പ്രവർത്തനങ്ങളുമായി കെ.പി.കുമാരൻ മുന്നേറുന്ന കാലത്താണ് യാദൃശ്ചികമായി ഒരു ഉച്ചനേരത്ത് വയലാറിനെ കാണുന്നതും വീട്ടിലേക്കു കൂട്ടുന്നതും. വയലാറിനെ ഒരു മുറിയിൽ ഇരുത്തിയശേഷം ഊണ് നൽകാനായി കെ.പി.കുമാരൻ അകത്തേക്കു പോയി. പഴയ കാലത്തൊക്കെ വീട്ടിൽ വിശേഷപ്പെട്ട ആൾക്കാർ വന്നാൽ വാഴയിലയിൽ ഊണ് നൽകി വിളന്പുമായിരുന്നു.
മുറിയിലെ ജനാലക്കന്പികളിൽ പിടിച്ച് പുറത്തെ ചെടികളും പൂക്കളും നോക്കി വയലാർ നിൽക്കുന്ന സമയത്താണ് തൊടിയിൽ നിന്നും വാഴയില മുറിക്കുവാൻ വീട്ടിലെ ഒരു സ്ത്രീ എത്തുന്നത്. സുന്ദരിയായ അവർ സീമന്തിനിയായിരുന്നു. വിവാഹശേഷം സ്ത്രീകൾ നെറുകയിൽ(സീമന്തത്തിൽ) സിന്ദൂരം ചാർത്തുന്നതിനെയാണ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിഥിയിലെ നായികയായ ഷീലയെ സീമന്തിനി എന്ന വാക്കു കൊണ്ടാണ് വയലാർ സംബോധന ചെയ്യുന്നത്. അതിഥി എന്ന സിനിമയിലെ ഈ ഗാനരംഗത്തിൽ ഷീലയുടെ വിവാഹവേളയാണ് ചിത്രീകരിച്ചിരിക്കുന്നതും.
ഏറ്റവും പ്രണയാർദ്രമായ ഹൃദയമായിരുന്നുവല്ലോ വയലാർ രാമവർമയ്ക്ക്. അതുകൊണ്ടുതന്നെ വയലാറിന്റെ പ്രണയഗാനങ്ങളിലെല്ലാം ഏറ്റവും സ്നേഹമസൃണമായ പദങ്ങൾ കൊണ്ടാണ് നായികമാരെ സംബോധന ചെയ്യുന്നത്. സീമന്തിനി എന്നു തുടങ്ങുന്നതുപോലെ ഗാനത്തിന്റെ തുടക്കത്തിൽ തന്നെ ഇഷ്ടപ്രാണേശ്വരി എന്നും ചക്രവർത്തിനി എന്നും പ്രിയേ പ്രണയിനി എന്നും പുഷ്പഗന്ധി സ്വപ്നഗന്ധി എന്നുമൊക്കെ വയലാർ വിളിക്കും. മരാളികേ, മൃണാളിനി എന്നീ പദങ്ങൾ ഒരു ഗാനത്തിൽ തുടക്കത്തിൽ തന്നെയാണ് വയലാർ പ്രയോഗിക്കുന്നത്.
"അഴകുള്ള സെലീന'യിലെ പുഷ്പഗന്ധി.. എന്നു തുടങ്ങുന്ന ഗാനത്തിൽ പ്രകൃതിയോടുള്ള നായകന്റെ ആരാധനയും കടന്നു വരുന്നുണ്ട്. മലനിരകളും മനോഹരമായ താഴ്വാരങ്ങളും നിറയുന്ന പ്രദേശത്തിരുന്നാണ് നായകനായ വിൻസന്റ് ഈ ഗാനം ആലപിക്കുന്നത്. പുഷ്പഗന്ധിയായ, സ്വപ്നഗന്ധിയായ പ്രകൃതിയോട് "നിന്റെ പച്ചിലമേടയിൽ അന്തിയുറങ്ങാൻ എന്ത് രസം' എന്നും പറയുന്നുണ്ട്.
പ്രകൃതിയും സ്ത്രീയും ഒന്നാകുന്ന ഒരു മാന്ത്രികതയും ഗാനത്തിലുണ്ട്. ഗാനത്തിന്റെ അനുപല്ലവിയിലും ചരണത്തിലും അതിമനോഹരമായ സംബോധനകൾ ആവർത്തിക്കുന്നുണ്ട്. സുഭാഷിണി, പ്രേമസ്വരൂപിണി എന്നിങ്ങനെയാണ് വയലാർ നായകനെക്കൊണ്ട് നായികയെ വിളിപ്പിക്കുന്നത്. ഇതുപോലെ പല്ലവിയുടെ തുടക്കത്തിൽ മാത്രമല്ല ഗാനത്തിനിടയിലും പ്രണയസംബോധനകൾ വരുന്ന നിരവധി ഗാനങ്ങളുണ്ട്.
ചക്രവർത്തിനി നിനക്കു ഞാനെന്റെ ശിൽപഗോപുരം തുറന്നു.. എന്ന ഗാനം പോലെ അനശ്വരമാണ് സന്യാസിനീ..എന്നു തുടങ്ങുന്ന ഗാനവും. തന്റെ മാനസ സാമ്രാജ്യത്തിലെ ചക്രവർത്തിനിയായി പ്രാണനായികയെ കാണുന്ന വയലാർ സന്യാസിനി എന്ന ഗാനത്തിൽ മറ്റൊരു അഭൗമ തലത്തിലെത്തുകയാണ്.
ഈ മണ്ണിലെ പ്രണയത്തിൽ നിന്നെല്ലാം ഉയർന്ന് പൊങ്ങി ആത്മത്യാഗത്തിന്റെയും ഉദാത്ത സ്നേഹത്തിന്റെയും സ്വർഗത്തിലേക്കാണ് വയലാർ എത്തുന്നുന്നത്. "സന്യാസിനി നിൻ പുണ്യാശ്രമത്തിൽ' എന്ന ഗാനത്തിൽ തന്റെ ആദ്യഭാര്യയോടുള്ള വയലാറിന്റെ അഗാധമായ സ്നേഹമാണ് നിറയുന്നത് എന്ന് പല ഗാനനിരൂപകരും വിശ്വസിക്കുന്നു.
വയലാറിന്റെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ആദ്യഭാര്യ ചന്ദ്രമതി തന്പുരാട്ടിയിൽ നിന്നും അകന്ന് ചന്ദ്രമതിയുടെ ഇളയ സഹോദരി ഭാരതി തന്പുരാട്ടിയെ വയലാറിനു വിവാഹം കഴിക്കേണ്ടി വരുന്നു. ആദ്യവിവാഹം കഴിഞ്ഞ് ദീർഘനാളുകൾക്കുശേഷവും വയലാർ-ചന്ദ്രമതി ദന്പതികൾക്കു കുഞ്ഞ് ജനിക്കാത്തതായിരുന്നു കാരണം.
കുടുംബം അന്യം നിന്നു പോകാതിരിക്കാൻ തന്റെ ഒറ്റമകനായ രാമവർമയെ രണ്ടാം വിവാഹത്തിനു അമ്മ നിർബന്ധിക്കുകയായിരുന്നു. ഭാര്യ എന്ന നിലയിൽ മാത്രമല്ല തന്റെ കവിതകളുടേയും ഗാനങ്ങളുടേയും വലിയൊരു ആസ്വാദകയും കൂടിയായ ചന്ദ്രമതിയിൽ നിന്നും വേറിട്ട് മാറിയത് അതിലോലനായ വയലാറിനു സഹിക്കുവാൻ കഴിയുമായിരുന്നില്ല. ഈ കൊടുംവിങ്ങലിൽ നിന്നാണ് ഒരു സന്യാസിനിയെപ്പോലെ സ്വന്തം തറവാട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ചന്ദ്രമതിയെ മനസിൽ കണ്ട് "സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ..' എന്ന ഗാനം എഴുതുന്നത്.
ഇങ്ങനെ വയലാർ എന്ന ആർദ്രമനസുള്ള കവിയുടെ ഉന്മാദവും വീർപ്പുമുട്ടലും കാലത്തെ വെല്ലുന്ന മനോഹര ഗാനങ്ങളായി മാറി.
എസ്.മഞ്ജുളാദേവി