ഒരു ക്വയറിന്റെ കഥ....
Tuesday, September 27, 2022 3:39 PM IST
ജി.ദേവരാജൻ മാസ്റ്ററുടെ ശക്തി ഗാഥ ക്വയറിന്റെ രജത ജൂബിലിയാണ് ഇന്ന്. അന്നുവരെ ഉണ്ടായിരുന്ന ഒരു ക്വയർ സംഗീത രീതിയിൽ നിന്നും മാറി ക്വയർ സംഗീതത്തെ ഏറ്റവും ആകർഷണീയവും ജനകീയവുമാക്കി മാറ്റി എന്നത് ജി.ദേവരാജന്റെ വലിയ സംഭാവനയാണ്.
സിനിമാലോകത്ത് തന്റെ അനശ്വര സംഗീതം നിറച്ച ശേഷം സിനിമയുടെ മാറുന്ന മുഖത്ത് നിന്നും സ്വയം മാറി ജി.ദേവരാജൻ എന്ന സംഗീത രാജശിൽപി ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെ കരമനയിലെ മഞ്ജുഷ എന്ന വാടക വീട് ഇടക്കാല താവളമാക്കുന്നതിനു പിന്നിൽ ചില സ്വപ്നങ്ങളുണ്ടായിരുന്നു. അതിൽ ഒന്നാണ് പുതിയ തലമുറയിലെ കുട്ടികളെ ഉദാത്ത സംഗീതത്തിന്റെ ലോകത്തെത്തിക്കുക.
അതിനായി ദേവരാജൻ മാസ്റ്റർ രൂപപ്പെടുത്തിയ ഗായക സംഘമാണ് ശക്തിഗാഥ ക്വയർ. ശക്തിഗാഥ എന്ന പേര് നൽകിയത് മലയാളത്തിന്റെ പ്രിയ കവിയും ജി.ദേവരാജന്റെ ആത്മമിത്രവുമായ പ്രഫ.ഒ.എൻ.വി. കുറുപ്പാണ്. 1997 സെപ്റ്റംബർ 27നു തിരുവനന്തപുരത്തെ ടാഗോർ തീയറ്ററിൽ ശക്തിഗാഥ ക്വയറിനു തുടക്കമായി. "അറബിക്കടലിൽ ഒരല അടിച്ചാൽ.. 'എന്നിങ്ങനെ ഗായകർ പല നിലകളിലായി പാടുന്പോൾ കടലലകൾ ഇളകിവരുന്ന പ്രതീതിയായിരുന്നു സദസ്യർക്കു അനുഭവപ്പെട്ടത്.
ജി.ദേവരാജൻ കണ്ട സ്വപ്നം പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രമുഖ വേദികളിൽ ക്വയർ സംഗീതമായി അലയടിക്കുകയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ ശക്തിഗാഥ ക്വയർ പിറന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു. ശക്തിഗാഥ ക്വയർ ഇന്നും പഴയ സംഗീത പ്രൗഢിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന ശിഷ്യനാണ് സതീഷ് രാമചന്ദ്രൻ.
സംഗീത സംവിധായകനും ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെയും ജി.ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാഡമി ദേവരാഗപുരത്തിന്റെയും ഡയറക്ടറുമായ സതീഷ് രാമചന്ദ്രൻ ശക്തിഗാഥയുടെ നാൾവഴികളെ ഓർമിക്കുന്നു...
""ദേവരാജൻ മാസ്റ്റർ തന്നെ നേരിട്ട് അഭിമുഖം നടത്തിയാണ് ഗായകരെ തെരഞ്ഞെടുത്തത്. കാരണം മാസ്റ്ററുടെ മനസിലുള്ള സംഗീതം അതുപോലെ അവതരിപ്പിക്കണമെങ്കിൽ ഗായകർക്കു സംഗീതത്തിൽ ഉറച്ച അടിത്തറയുണ്ടായിരിക്കണം. ക്വയർ ഗാനങ്ങൾ പാടണമെങ്കിൽ സ്വരങ്ങൾ തമ്മിലുള്ള ഹാർമണി നന്നായി ഗ്രഹിക്കുവാൻ കഴിയണം.
സാധാരണ സംഘഗാനം പാടുന്നതുപോലെ എളുപ്പമല്ല യഥാർഥ ക്വയർ ഗാനം ആലപിക്കുന്നത്. അതുകൊണ്ടു തന്നെ ഗവ.വിമൻസ് കോളജ്, സ്വാതി തിരുനാൾ സംഗീത കോളജ്, നീറമൺകര എൻഎസ്എസ് കോളജ്, സംസ്കൃത കോളജ് തുടങ്ങിയ കലാലയങ്ങളിൽ നിന്നും സംഗീതം അഭ്യസിക്കുന്ന കുട്ടികളെ മാസ്റ്റർ തെരഞ്ഞെടുക്കുകയായിരുന്നു. അന്നത്തെ ഗായകരായ ഗോപൻ, ബിജോയ്, രാജേഷ്, രാജേന്ദ്രൻ, അരുൺകുമാർ, വിനീത, ഗായത്രി, അശ്വതി, ദയ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ആദ്യ ശക്തിഗാഥ ക്വയർ അവതരിപ്പിക്കുന്നത്.
ആദ്യ അവതരണം ആൽബർട്ട് വിജയനാണ് കണ്ടക്ട് ചെയ്തത്. ദേവരാജൻ മാസ്റ്ററിന്റെ സാന്നിധ്യത്തിൽ തന്നെ. ഇളങ്കോ, എം.ജയചന്ദ്രൻ, ഗണേശ് കുമാർ തുടങ്ങിയ പ്രതിഭകളൊക്കെ ആദ്യകാലത്ത് ഓർക്കസ്ട്രയിൽ പ്രവർത്തിച്ചിരുന്നു. തുടക്ക കാലത്ത് ബാലൻ തിരുമല ചേട്ടന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. നല്ലൊരു കോർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കവി പെരുന്പുഴ ഗോപാലകൃഷ്ണൻ സാറും വലിയൊരു ഭാഗമായിരുന്നു.
അദ്ദേഹത്തിന്റെ "മലയാളത്തിന്റെ മുതൽമാസം' എന്ന ഗാനം ക്വയറിൽ ഉൾപ്പെടുത്തിയിരുന്നു. പ്രേംസൂരത്തിന്റെ അല്ലാഹുവിനെ പ്രകീർത്തിക്കുന്ന ഗാനവും ശ്രദ്ധേയമായി. കേരളത്തിലെ പല പ്രമുഖ വേദികളിലും പിന്നീട് ക്വയർ അവതരിപ്പിക്കപ്പെട്ടു. ടിക്കറ്റ് വച്ച പരിപാടിയായിപ്പോലും നടത്തിയിരുന്നു.
വളരെയേറെ സവിശേഷതകൾ ഉള്ളതാണ് ദേവരാജൻ മാസ്റ്ററുടെ ശക്തിഗാഥ. കവിതകൾ, സിനിമാഗാനങ്ങൾ തുടങ്ങിയവ കോറലൈസ് ചെയ്യുകയായിരുന്നു മാസ്റ്റർ. ക്വയറിനു വേണ്ടി മാഷ് ഏറെക്കാലം ഗവേഷണം നടത്തി മാഷിന്റേതായ രീതിയിൽ ഒരു ക്വയർ രൂപം സൃഷ്ടിക്കുകയായിരുന്നു. പതിനാറു പാട്ടുകാരെ നാലു തട്ടുകളായി തരംതിരിച്ചു കൊണ്ടാണ് ക്വയർ രൂപപ്പെടുത്തിയത്. ആൾട്ടോ, സുപ്രാനോ, ടെനർ, ബാസ് എന്നിങ്ങനെയാണ് ആ നാലു തട്ടുകൾ.
ഇതിൽ ആൾട്ടോയും സുപ്രാനോയും സ്ത്രീകളും ടെനറും ബാസും പുരുഷൻമാരുമാണ് പാടുന്നത്. പാട്ടിലെ വരികളും സ്വരങ്ങളും ഹമ്മിംഗും നാലു തട്ടുകളിലെ ഗായകർ വെവ്വേറെയായും ചിലപ്പോൾ ഒന്നിച്ചും പാടും. ഓരോ പാട്ടിന്റെയും അർഥവും ഭാവപ്പകർച്ചയും അനുസരിച്ച് ഓരോരോ തരത്തിൽ മാഷ് ചിട്ടപ്പെടുത്തുകയായിരുന്നു. മാഷ് തന്നെയാണ് ആദ്യകാലത്ത് ഗായകർക്കു പരിശീലനം നൽകിയിരുന്നതും. ''
ശക്തിഗാഥ ക്വയറിന്റെ പരിശീലകനായി സതീഷ് രാമചന്ദ്രൻ മാറുന്നത് തികച്ചും യാദൃശ്ചികമായാണ്. സതീഷിന്റെ വാക്കുകളിലേക്ക്...
""ക്വയർ തുടങ്ങി രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷമാണ് ഞാൻ എത്തുന്നത്. ശക്തിഗാഥയിൽ ഒരു ഗായകന്റെ ഒഴിവുണ്ടെന്നറിഞ്ഞ് മാഷിന്റെ കരമനയിലുള്ള വീട്ടിൽ അഭിമുഖത്തിന് എത്തുകയായിരുന്നു. അന്ന് സ്വാതി തിരുനാൾ ഗാനപ്രവീണ വിദ്യാർഥിയായിരുന്നു ഞാൻ. മാഷിന്റെ ശിഷ്യൻ സെൽവരാജ്(ഗായകൻ സാഗർ) സംഗീത കോളജിൽ വന്ന് ഗായകരെ അന്വേഷിക്കുന്പോഴാണ് കോളജ് ഭാരവാഹികൾ എന്റെ പേര് നിർദേശിക്കുന്നത്.
മാഷിന്റെ കീഴിൽ പരിശീലനം തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾ ആണ് ഗായകരെ പഠിപ്പിക്കുവാനുള്ള ചുമതല എന്നെ ഏൽപ്പിക്കുന്നത്. മാഷിന്റെ ആരോഗ്യത്തിന് കുറച്ചു ക്ഷീണം സംഭവിച്ച സമയത്താണ് "കാളിദാസന്റെ ഹിമാലയ വർണന' പഠിപ്പിക്കുവാൻ എന്നെ നിയോഗിക്കുന്നത്. ഏറ്റവും ജൂനിയറായിരുന്ന എന്നെ ഗായകരുടെ മുന്നിൽ നിർത്തി മാഷ് പറഞ്ഞത് ഒരിക്കലും മറക്കാൻ കഴിയില്ല.
ഇനി ഇവൻ നിങ്ങളെ പഠിപ്പിക്കും. ഞാൻ ഇവിടെ ഉണ്ടെന്ന് കരുതി തന്നെ നിങ്ങൾ കൃത്യമായി പഠിക്കണം. മാഷിന്റെ അനുഗ്രഹത്തോടെ എന്റെ പരിശീലനത്തിൽ കുറേ വർഷങ്ങൾ കടന്നുപോയി. ഇതിനിടെ കുറേപ്പേർ വിവാഹം കഴിഞ്ഞും ജോലി കിട്ടിയും ക്വയർ വിട്ടുപോയി. മാഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ""ഗായകർ വരും പോകും.അതൊന്നും പക്ഷെ ക്വയറിന്റെ നടത്തിപ്പിനെ ബാധിക്കുവാൻ പാടില്ല.
ആളുകൾ പോകുന്പോൾ നീ യോജിച്ച മറ്റ് ഗായകരെ കണ്ടെത്തി പരിശീലനം നൽകണം. ക്വയർ എന്നും മുന്നോട്ടു തന്നെ പോകണം. '' മാഷിന്റെ ഈ നിർദേശം ഹൃദയം കൊണ്ട് ഞാൻ സ്വീകരിച്ചു. അന്നും ഇന്നും മാഷിന്റെ നിർദേശങ്ങൾ അതുപടി പാലിക്കുന്നു. പിൽക്കാലത്ത് പുതിയ തലമുറയിലെ ഗായകരും ശക്തിഗാഥയിൽ കടന്നുവന്നു. ഇപ്പോൾ മുൻകാല ഗായകരും പുതിയ ഗായകരും ചേർന്ന് 24 ഗായകരുണ്ട്. എല്ലാ ഞായറാഴ്ചയും ദേവരാഗപുരം സംഗീത അക്കാഡമിയിൽ കൃത്യമായും പ്രാക്ടീസ് നടക്കുന്നുണ്ട്. തലമുറകൾ മാറിമാറി വന്ന് ശക്തിഗാഥ ക്വയർ മാഷിന്റെ ഗാനങ്ങൾ ഏറ്റുപാടുന്നു. ക്വയറിന്റെ അവതരണ ഗാനം ഒഎൻവി കുറുപ്പ് സാറിന്റേതാണ്. "കാലമാം പൊന്നരയാലിൻ ചില്ലയിൽ....'സിനിമയ്ക്കുവേണ്ടി മാഷ് ഈണം നൽകിയ "നിത്യവിശുദ്ധയാം കന്യാമറിയമേ' എന്ന ഗാനം ആറു തട്ടുകളിലായാണ് ശക്തിഗാഥ ആലപിക്കുന്നത്.
മാഷിന്റെ കാലത്ത് അവതരിപ്പിക്കുവാൻ കഴിയാത്ത "കാളിദാസന്റെ ഹിമാലയ വർണന' ഈ അടുത്തകാലത്ത് തിരുവനന്തപുരത്തെ അയ്യൻകാളി ഹാളിൽ അവതരിപ്പിച്ചു. ചന്പ താളത്തിലാണ് മാഷ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാസ്റ്ററുടെ അമ്മ പാടിയിരുന്ന പഴയ ഭക്തിഗാനമായ "അർക്കസൂര്യ ദിവാകര'യും ഇന്നും പഴയ ശൈലിയിൽ തന്നെ ആലപിക്കപ്പെടുന്നുണ്ട്. ദേവരാജൻ മാഷിനെ സ്വാധീനിച്ച നിരവധി ഗാനങ്ങൾ ക്വയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.''
ശക്തിഗാഥ ക്വയറിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം മാഷിന്റെ ജന്മദിനമായ ഇന്നു നടക്കും. ആറുമാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വൈഎംസിഎ ഹാളിൽ ചേരുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിഭകൾ 25 ദീപം തെളിയിക്കും.
ശക്തിഗാഥ ക്വയർ ഗാനങ്ങളുടെ അവതരണവും നടക്കും. തുടർന്ന് കേരളത്തിന്റെ പല വേദികളിലും ശക്തിഗാഥ ക്വയർ സംഗീതവും ക്ലാസുകളും ഉണ്ടായിരിക്കും. അടുത്ത വർഷം മാർച്ച് 14നു തിരുവനന്തപുരത്ത് നടക്കുന്ന വൻപരിപാടിയിൽ രജത ജൂബിലി ആഘോഷം സമാപിക്കും.
മറക്കാൻ പറ്റില്ല...
ജി.ദേവരാജന്റെ നിഴൽ പോലെ എന്നും അനുഗമിച്ചിരുന്ന മധു ശക്തിഗാഥ ക്വയറിന്റെ ആദ്യനാളുകളെക്കുറിച്ചു പറയുന്നു. ... എറണാകുളത്ത് സംഘടിപ്പിച്ച സിഐടിയുവിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ശക്തിഗാഥ ക്വയർ സംഗീതം അവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകരണം ജീവിതത്തിൽ മറക്കാൻ പറ്റില്ല.
സിഐടിയുവിന്റെ അഖിലേന്ത്യാ നേതാക്കന്മാർ ഉൾപ്പെടെയുള്ളവർ സദസിൽ ഉണ്ടായിരുന്നു. ബംഗാളിലെ രാജാക്കന്മാരുടെ പല്ലക്കു ചുമക്കുന്നവർ പാടിയിരുന്ന ഡോലാ ഹേ..ഡോലാ... എന്ന ഗാനം ശക്തിഗാഥ അംഗങ്ങൾ പാടിയപ്പോൾ വൻകരഘോഷമായിരുന്നു മൈതാനത്ത് മുഴങ്ങിയത്.
ക്വയർ സംഗീതത്തിനു യോജിച്ച ഓരോ വിഷയങ്ങളും മാസ്റ്റർ ഗാനരചയിതാക്കൾക്കു പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. കർണാടക കീർത്തനമായ "ദെലിസി രാമ...'യും ക്വയറിൽ ഉൾപ്പെടുത്തിയിരുന്നു. കുമാരനാശാന്റെ "ചന്തമേറിയ പൂവിലും' ... എന്ന കവിതയും പുതിയൊരു ശൈലിയിൽ ദേവരാജൻ മാസ്റ്റർ അവതരിപ്പിച്ചിരുന്നു.