പണം തരുന്ന പുഴുക്കൾ
Thursday, September 22, 2022 3:12 PM IST
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഞാറക്കൽ സ്വദേശിയായ മരോട്ടിക്കൽ ദീപു. അരുമകളായ പക്ഷികൾക്കും മറ്റും തീറ്റയ്ക്കു വേണ്ടിയാണ് ദീപു പുഴുക്കളെ വളർത്തി വില്പന നടത്തുന്നത്. ഉയർന്ന നിരക്കിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഈ പുഴുക്കൾ വളർത്തു പക്ഷികൾളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പല രാജ്യങ്ങളിലും പുഴുക്കളെ ഒരു വിഭവമായി ആളുകൾ ഉപയോഗിക്കുന്നുണ്ട്.
പക്ഷികളോട് താത്പര്യം
വിദേശത്തായിരുന്ന ദീപുവിനു വളർത്തുപക്ഷികളോട് വളരെ കന്പമായിരുന്നു. ഞാറയ്ക്കലെ വീട്ടിൽ ധാരാളം അരുമപക്ഷികളെ വളർത്തുന്നുമുണ്ട്. ദീപുവിന്റെ അഭാവത്തിൽ ഭാര്യ നിഖിതയും മക്കളായ മരിയയും മിയയുമൊക്കെയാണ് ഇവയെയൊക്കെ പരിപാലിച്ചിരുന്നത്. ഇതിനിടയിലാണ് കോവിഡ് മഹാമാരി ദീപുവിനെ വിദേശത്ത് തൊഴിൽ രഹിതനാക്കിയത്. പിന്നെ അവിടെ നിന്നില്ല. നേരെ നാട്ടിലേക്ക് തിരിച്ചു.
കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ ദുരവസ്ഥയിൽനിന്നും വളർത്തുപക്ഷികളാണ് ദീപുവിനും കുടുംബത്തിനും ആശ്വാസമായത്. ഇവയുമായി സല്ലപിച്ചും ഇവയെ പരിപാലിച്ചുമൊക്കെ ഇവർ കോവിഡുകാലം കഴിച്ചുകൂട്ടി. ഇതിനിടിയിലാണ് വളർത്തുപക്ഷികൾക്ക് പോഷകപ്രദമായ ഭക്ഷണമേതെന്ന് അന്വേഷണം തുടങ്ങിയത്. അവസാനം ഗൂഗിളിലും മറ്റും തെരഞ്ഞ് പുഴുഭക്ഷണത്തെക്കുറിച്ച് അറിവുനേടി. പിന്നെ ഇതിനെ എങ്ങനെ വീട്ടിൽ വളർത്താൻ കഴിയുമെന്നായി ചിന്ത. അടുത്തപടി അന്വേഷണം ഇതിലേക്കായി.
പൂനെയിൽനിന്ന് വണ്ടുകളെ വാങ്ങി
പുഴുക്കളെ ഉത്പാദിപ്പിക്കാനായി പൂനെയിൽനിന്നും വലിയ പയർ മണിയുടെ വലിപ്പമുള്ള പറക്കാൻ കഴിയാത്ത പ്രത്യേക ഇനത്തിൽപെട്ട വണ്ടുകളെ വാങ്ങി വീട്ടിലെത്തിച്ച് അതിനു മുട്ടയിടാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. പ്ലാസ്റ്റിക് ട്രേകളിൽ ഗോതന്പ് തവിട് നിറച്ച് ഉരുളക്കിഴങ്ങ്, ആപ്പിൾ, ഓട്സ് എന്നിവ ഭക്ഷണമായി വച്ചശേഷം വണ്ടുകളെ അതിൽ നിക്ഷേപിച്ചു.
ഇവയെല്ലാം മുട്ടയിട്ട് ലാർവകളായി, പ്യൂപ്പകളായി വീണ്ടും ഇവ വണ്ടുകളായി. അങ്ങനെ ഒട്ടേറെ ട്രേകളിലായി ഇദ്ദേഹം നൂറുകണക്കിന് വണ്ടുകളെ വളർത്തിയെടുത്തു. ഒപ്പം മുട്ടവിരിഞ്ഞുണ്ടാകുന്ന നല്ലൊരു ഭാഗം പുഴുക്കളെ സ്വന്തം അരുമ പക്ഷികൾക്കു തീറ്റയായും നൽകി.
മൂന്നര മാസത്തോളം ആയുസുള്ള ഒരു വണ്ട് ഈ കാലയളവിൽ 500 ഓളം മുട്ടയിടുമെന്നാണ് കണക്ക്. ഇതിൽ ഏറെയും വിരിഞ്ഞു പുഴുക്കൾ ആകും. ഒരു ഹോബിയായി ആരംഭിച്ച പുഴുവളർത്തൽ കാര്യമായതോടെ ഇതിന്റെ വിപണനസാധ്യതയെക്കുറിച്ചു ദീപു ചിന്തിക്കാൻ തുടങ്ങി. ഇതോടെ തുരത്താൻ ഉള്ളതല്ല മറിച്ച് വളർത്താൻ ഉള്ളവയാണ് വണ്ടുകൾ എന്ന് ദീപു സ്വയം മനസിലാക്കുകയും മറ്റുള്ളവരെ മനസിലാക്കികൊടുക്കുകയും ചെയ്യുകയായിരുന്നു.
പുഴു മാർക്കറ്റിംഗ്
സമൂഹമാധ്യമങ്ങളിലൂടെയാണ് ദീപു പുഴു മാർക്കറ്റ് ചെയ്തത്. പക്ഷികളെ വളർത്തുന്ന ചില സുഹൃത്തുക്കൾക്കും ഉത്പന്നത്തിന്റെ പ്രചാരണത്തിനായി പുഴുക്കളെ സൗജന്യമായും നൽകി.
അങ്ങനെ കണ്ടും കേട്ടുമറിഞ്ഞ് ഇന്ന് ദീപുവിന്റെ പുഴുവിന് ആവശ്യക്കാർ ഏറെയാണ്. ഇപ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിലേക്ക് തീറ്റ പുഴുക്കളെ ദീപു കൊറിയറായി അയച്ചു കൊടുക്കുന്നുണ്ട്.
വായുസഞ്ചാരമുള്ള പെട്ടിയിലാണ് പാക്കിംഗ്. ഒരു പുഴുവിന് ഒരു രൂപ മുതൽ രണ്ടു രൂപ വരെ വില ലഭിക്കുമെന്നതിനാൽ മോശമല്ലാത്ത വരുമാനമാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രധാനമായും വിപണനം.
പുഴുഫ്രൈ നമ്മുടെ നാട്ടിലുമെത്തുമോ
പക്ഷികളുടെ തീറ്റ എന്നതിനപ്പുറം നമ്മുടെ നാട്ടിൽ മനുഷ്യന്റെ ആഹാരം എന്ന ഒരു വിപണന സാധ്യത ഈ പുഴുക്കൾക്കു വരുംകാലങ്ങളിൽ ഉണ്ടാകുമെന്നാണ് ദീപു ഉറപ്പിച്ചു പറയുന്നത്. ചൈന, സിംഗപ്പൂർ, ഹോംങ്കോംഗ്, മലേഷ്യ എന്നീ വികസിത രാജ്യങ്ങളിലെല്ലാം തന്നെ എല്ലാവരുടേയും തീൻമേശയിൽ മറ്റ് ഇഴജന്തുക്കൾക്കൊപ്പം പുഴുക്കളും ഒരു വിഭവമാണെന്ന് ദീപു വിശദമാക്കുന്നു.
ഇത്തരം പുഴുക്കളെ കഴിക്കുന്നവർ ഇപ്പോൾ തന്നെ നമ്മുടെ ഇടയിലുണ്ട്. ഇത്തരക്കാരെ ലക്ഷ്യമിട്ട് പല സൂപ്പർമാർക്കറ്റുകളും കണ്ടെയ്നറുകളിൽ പുഴുക്കളെ വില്പനയ്ക്ക് എത്തിച്ചു തുടങ്ങിയിട്ടുമുണ്ട്.
എന്നാൽ മറ്റുള്ളവർ അറപ്പ് പ്രകടിപ്പിക്കുന്നത് കാണേണ്ടി വരുന്നതിനാൽ ആരും ഇത് ഷെയർ ചെയ്യുന്നില്ലെന്നാണ് ദീപു പറയുന്നത്. ഈ വിപണി പച്ചപിടിച്ചാൽ കാലക്രമേണ നമ്മുടെ രാജ്യത്തും പുഴു വളർത്തലിന് വലിയ വിപണന സാധ്യതകൾ തെളിയുമെന്നാണ് ദീപുവിന്റെ അഭിപ്രായം.