കൊട്ടാരത്തിൽ നിന്നുള്ള കത്തുകൾ
Tuesday, September 13, 2022 3:53 PM IST
ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും എലിസബത്ത് രാജ്ഞിയുടെ കത്ത് ലഭിക്കുക! അങ്ങനെയൊരു കാര്യം ചിന്തിക്കാൻ കഴിയുമോ? എന്നാൽ തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശമായ പെരിങ്ങമലയിലെ വെണ്ണിയൂർ ബാബുവിനു എലിസബത്ത് രാജ്ഞിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഒന്നല്ല പലതവണ..
കാമില പാർക്കറെ ചാൾസ് രാജകുമാരൻ രണ്ടാം ഭാര്യയായി സ്വീകരിക്കുന്ന രാജകീയ വിവാഹ ചടങ്ങിൽ എലിസബത്ത് രാജ്ഞി പങ്കെടുക്കില്ലെന്ന വാർത്ത വന്നിരുന്നു. അങ്ങനെയൊരു തീരുമാനം ബ്രിട്ടീഷ് രാജ്ഞി എടുക്കുവാൻ പാടില്ലെന്ന് വെണ്ണിയൂർ ബാബുവിനു തോന്നി. അദ്ദേഹം സ്വന്തം കൈപ്പടയിൽ രാജ്ഞിക്കു കത്തെഴുതി. "എലിസബത്ത് രാജ്ഞി ഒരു സാധാരണ അമ്മയല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തന്നെ രാജ്ഞിയാണ്.
അതിനാൽ ചാൾസ് രാജകുമാരന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടതുണ്ട്' എന്ന സൂചനയായിരുന്നു കത്തിൽ. 2008 ഏപ്രിലിൽ രാജ്ഞിയുടെ ഓഫീസിൽ നിന്നുള്ള മറുപടി വെണ്ണിയൂരിനു ലഭിച്ചു. "ബ്രിട്ടീഷ് രാജ്ഞി വിവാഹത്തിൽ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം രാജ്ഞി ശ്രദ്ധാപൂർവം വീക്ഷിച്ചിരിക്കുന്നു.'- എന്നതായിരുന്നു ഉള്ളടക്കം.
കത്ത് അവസാനിക്കുന്ന വരികൾ ഇങ്ങനെയാണ്- "Her majesty appreciates your thoughtfulness in kindly taking the time to let her know of your views..'(താങ്കളുടെ അഭിപ്രായം അറിയിക്കുവാൻ ഉള്ള സൗമനസ്യത്തിനു താങ്കളെ അഭിനന്ദിക്കുന്നു).
വിദേശ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്കു കത്തുകൾ അയയ്ക്കുന്ന മലയാളികൾ ഉണ്ട്. അത് പലപ്പോഴും ആശംസകളോ വിവാഹ ക്ഷണക്കത്തോ ആയിരിക്കും. അതിനുള്ള നന്ദിപ്രകാശനമോ ആശംസകളോ ചെറിയ വാക്കുകളിൽ ലഭിച്ചെന്നുമിരിക്കും. ഇവിടെ അതല്ല സംഭവിച്ചത്. ഒരു ചെറിയ വിയോജിപ്പ് ആണ് വെണ്ണിയൂർ ബാബു ബ്രിട്ടീഷ് രാജ്ഞിക്കു അയച്ചത്. കത്തിന് എത്ര സൂഷ്മതയോടെയാണ് രാജ്ഞിയുടെ ഓഫീസ് മറുപടി അയച്ചിട്ടുള്ളതെന്നും മനസിലാക്കുക.
ഒരു ശരാശരി മലയാളിക്കു ചിന്തിക്കുവാൻ പോലും കഴിയാത്ത വിശേഷങ്ങളാണ് ബാബു എലിസബത്ത് രാജ്ഞിയെ അറിയിക്കുക. എല്ലാ കത്തുകൾക്കും രാജ്ഞിയുടെ ഓഫീസിൽ നിന്നും കൃത്യമായ മറുപടിയുടെ ലഭിക്കും.
മഹനീയമായ സംസ്കാരമുള്ള രാജ്യമാണ് ഇംഗ്ലണ്ട്. ഭാരതത്തിലെ ചക്രവർത്തിമാർ കിരീടം അനന്തരാവകാശികൾക്ക് കൈമാറി ആധ്യാത്മിക ജീവിതം നയിച്ചവരാണ്. ഈ മഹത്തായ ദർശനം ഉൾക്കൊണ്ട് എലിസബത്ത് രാജ്ഞി ഇംഗ്ലണ്ടിന്റെ കിരീടം മകൻ ചാൾസ് രാജകുമാരന് കൈമാറണം എന്ന ആഗ്രഹവും വെണ്ണിയൂർ കത്തിലൂടെ അറിയിച്ചിരുന്നു. ചാൾസ് രാജകുമാരന്റെ കടുത്ത ആരാധകനായ വെണ്ണിയൂർ ബാബു രാജകുമാരനും കത്തുകൾ അയച്ചിരുന്നു.
വെണ്ണിയൂർ ആദ്യം കത്തെഴുതുന്നത് ചാൾസ് രാജകുമാരനാണ്, 2004ൽ. മേൽവിലാസം ഇങ്ങനെ- ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഓഫ് വെയിൽസ്, ബക്കിംഗ്ഹാം പാലസ്, ലണ്ടൻ, യുകെ. കത്ത് കിട്ടി അധികം വൈകും മുന്പേ മറുപടിയും വന്നു. വെയിൽസ് രാജകുമാരന്റെ സ്നേഹം നിറയുന്ന മറുപടി. 2004ൽ തന്നെയാണ് ബ്രിട്ടീഷ് രാജ്ഞിക്കും കത്തെഴുതി തുടങ്ങുന്നത്. എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ സിംഹാസനത്തിൽ ഉപവിഷ്ടയായതിന്റെ 60-ാം വർഷം ആഘോഷിച്ച 2012ൽ തന്റെ ആഹ്ലാദം നിറച്ചുകൊണ്ട് കത്തെഴുതി.
തന്റെ സിംഹാസനാരോഹണ വാർഷിക ചടങ്ങിൽ ഹൃദയം കൊണ്ട് പങ്കെടുത്ത വെണ്ണിയൂരിന് നന്ദി അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്തിന്റെ ചുവട്ടിൽ എലിസബത്ത്.ആർ. എന്നെഴുതിയിരുന്നു. രാജ്ഞിയുടെ യൗവനകാലത്തെ ചിത്രങ്ങൾ ആലേഖനം ചെയ്തതായിരുന്നു കത്ത്.

മിസോറാമിൽ അധ്യാപകനായിരുന്നു വെണ്ണിയൂർ ബാബു. മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിലും മനുഷ്യസ്നേഹത്തിലും ആരാധനയേറിയാണ് ജോലി ഉപേക്ഷിക്കുന്നത്. റോഡിൽ കൊടുംവെയിലത്ത് ജോലി ചെയ്യുന്നവർക്കൊപ്പം ചേർന്ന് കൽപ്പണി ചെയ്തു. പത്രവിതരണക്കാരനായി. ഇക്കാലത്താണ് ഏഴു കടലുകൾക്കുമപ്പുറത്തേക്ക് കത്തുകളുമെഴുതുന്നത്.
ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലഘട്ടം വായിച്ചുമനസിലാക്കിയിട്ടുള്ള വെണ്ണിയൂർ ബാബുവിന് ഏറ്റവും ആരാധന ജോർജ് അഞ്ചാമനോടാണ്. ജോർജ് അഞ്ചാമന്റെ വ്യക്തിപ്രഭാവവും പ്രജാവാത്സല്യവും ഏറ്റവും മാതൃകാപരമാണെന്ന് ബാബു പറയും.
ചാൾസ് രാജകുമാരന്റെ മകൻ വില്യം രാജകുമാരന് ഒരു മകൻ ജനിച്ച വാർത്ത അറിഞ്ഞ വെണ്ണിയൂർ ഒരു കത്തിലൂടെ കുഞ്ഞിന് ജോർജ് എന്ന് പേരിടണമെന്ന് നിർദേശിച്ചു. വില്യം രാജകുമാരന്റെ മകന് പേരിട്ടത് ജോർജ് അലക്സാണ്ടർ ഫിലിപ്പ് എന്നാണ്. ഇപ്പോഴത്തെ ബ്രിട്ടൺ രാജ്യാവകാശി ചാൾസ് മൂന്നാമൻ രാജാവിനെക്കുറിച്ച് കുറിച്ചുള്ള വാക്കുകൾ- "ഇന്ത്യൻ സംസ്കാരവും ആത്മീയതയും തിരിച്ചറിയുന്ന ചാൾസ് മൂന്നാമന് വിശാലമായ വീക്ഷണവും അനുഭവ സന്പത്തുമുണ്ട്.
ചാൾസിന്റെ മനുഷ്യസ്നേഹം, മതേതര ദർശനം, പ്രകൃതി സ്നേഹം തുടങ്ങിയവയൊക്കെ മാതൃകാപരമാണ്. ആംഗ്ലിക്കൻ ചർച്ചിന്റെ ഭാവിയിലെ അധിപൻ കൂടിയായിരുന്നു ചാൾസ് രാജകുമാരൻ(ഇപ്പോൾ അധിപൻ). ഈ പദവിയിലിരിക്കുന്പോൾ തന്നെ ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും സന്ദർശിച്ചിരുന്നു. ഭാരതീയ ദർശനങ്ങളേയും ബുദ്ധമതത്തേയും കുറിച്ച് ആഴത്തിലുള്ള അറിവുകളുമുണ്ട്.
' ഇതു കൂടാതെ ചാൾസിന്റെ ധീരതയും സാഹസികതയും വെണ്ണിയൂർ എടുത്ത് പറയും. വിമാനം പറപ്പിക്കുകയും മഞ്ഞുമലകൾ കയറുകയും സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്നു ചാൾസ്. നവംബർ 14 ആണ് ചാൾസ് മൂന്നാമന്റെ ജനനത്തീയതി. നീണ്ട വർഷങ്ങൾ ജന്മദിനാശംസകൾ നേർന്ന് വെണ്ണിയൂർ കത്തുകൾ അയച്ചിരുന്നു. ചാൾസ് രാജകുമാരനും കാമില്ലയും ചേർന്നാണ് നന്ദി അറിയിച്ചിരുന്നത്.
ഇൻഡ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കോളനികളാക്കി ഭരിച്ചിരുന്ന കാലം വേദനിപ്പിക്കുന്നതാണെങ്കിലും ഇംഗ്ലണ്ട് എന്ന രാജ്യത്തിന്റെ മഹത്വം വിസ്മരിക്കുക വയ്യ എന്ന് വെണ്ണിയൂർ. ലോകത്തിലെ തന്നെ പല പ്രാകൃത നിയമങ്ങളും ശിക്ഷകളും നിർത്തലാക്കുവാൻ ഇംഗ്ലണ്ടിനു സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ലോകത്തിനെ ഏകീകൃതമാക്കുവാൻ ഇംഗ്ലണ്ട് വഹിച്ച പങ്ക് വിസ്മരിക്കുവാൻ കഴിയില്ലെന്നും വെണ്ണിയൂർ പറയുന്നു.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായതിനാൽ തന്റെ പ്രിയപ്പെട്ട റാണിയുടെ മരണവാർത്ത വെണ്ണിയൂർ ബാബു അറിഞ്ഞിട്ടില്ല. അതുപോലെ ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ രാജാവായ കാര്യവും. ബാബുവിന്റെ സ്വപ്നമായിരുന്നു ചാൾസിന്റെ കിരീടധാരണം. വെണ്ണിയൂർ ബാബുവിന്റെ സഹധർമിണി ബീന മേരി ചെറിയാൻ പെരിങ്ങമല സർവോദയ നഴ്സറി സ്കൂൾ നടത്തുന്നു. ഏകമകൻ ആദർശ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
എസ്.മഞ്ജുളാദേവി