ഇന്നലെ നീയൊരു സുന്ദര രാഗമായി...
Tuesday, August 2, 2022 12:18 PM IST
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്പതു വർഷം
"ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' ലോകം ഉറങ്ങുന്ന അർധരാത്രിയിൽ നിലാവ് ഒഴുകി പടരുന്ന സിറ്റൗട്ടിൽ ഇരുന്ന് മൊബൈൽ ഫോണിൽ ഈ ഗാനം കേട്ടപ്പോൾ മുൻപ് ഒരിക്കലും അനുഭവിക്കാത്തൊരു അനുഭൂതി. നൈറ്റ് ഷിഫ്റ്റിനിടയിൽ, മീറ്റിംഗുകൾ നിരന്തരം നൽകുന്ന സമ്മർദങ്ങൾ എല്ലാം മറന്ന് കണ്ണുകൾ അടച്ചിരുന്നുപോയി... പ്രമുഖമായ ഒരു മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്യുന്ന മുപ്പതു വയസുള്ള സോഫ്റ്റ്വെയർ എൻജിനിയറുടെ വാക്കുകളാണിത്.
വി.ദക്ഷിണാമൂർത്തി സംഗീതം പകർന്നതാണ് നിലാവ് പൊഴിഞ്ഞു വീഴുന്ന ഈ ഗാനം. 1968ൽ ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തന്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം പകർന്ന ഗാനമാണ് 2022ലെ സാങ്കേതികയ്ക്കു നടുവിലിരുന്ന് യുവ എൻജിനയർ ആസ്വദിക്കുന്നത്. 63 വർഷം സംഗീതമേഖലയിൽ പ്രവർത്തിച്ചുവെന്ന അത്യപൂർവ ബഹുമതിക്ക് അർഹനാണ് വി.ദക്ഷിണാമൂർത്തി.
കഴുത്തു നിറയെ രുദ്രാക്ഷമാലകളും നെറ്റി നിറയെ ഭസ്മക്കുറിയുമണിഞ്ഞ് എന്നും തൊഴുകൈയോടെ സഞ്ചരിച്ച വെങ്കിടേശ്വര അയ്യർ ദക്ഷിണാമൂർത്തി മലയാളികൾക്കെന്നും ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. ഇന്നും അതേ...
"സർവചരാചരങ്ങൾക്കും നമസ്കാരം ചരാചര ഗുരുവിനും നമസ്കാരം' ...വേദികളിൽ എത്തുന്പോൾ സദസിനു മുന്നിൽ കൈകൂപ്പി നിന്ന് ആദ്യം സ്വാമി പറയുന്നത് ഇങ്ങനെയാണ്. സ്വാമിയെ കാണുന്പോൾ എല്ലാം ഉള്ളിൽ നിറയുന്ന ഒരു ചോദ്യമുണ്ടായിരുന്നു. സന്യാസതുല്യനായ സ്വാമിക്ക് എങ്ങനെയാണ് പ്രണയ തീഷ്ണങ്ങളായ ഗാനങ്ങൾ വഴങ്ങിയത്?.
ഇന്നലെ നീയൊരു സുന്ദര രാഗമായെൻ, മനോഹരി നിൻ മനോരഥത്തിൽ, ഹൃദയ സരസിലെ പ്രണയ പുഷ്പമേ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു... അങ്ങനെ എത്ര കേട്ടാലും മതിവരാത്ത പ്രണയാർദ്ര ഗാനങ്ങൾ. ഒരു ചുംബനം ഒരു മധുചുംബനം പോലുള്ള തീവ്ര പ്രണയത്തിന്റെ ഗാനങ്ങളും വി.ദക്ഷിണാമൂർത്തിയുടെ ഹൃദയത്തിലൂടെ ഊർന്നിറങ്ങിയതാണല്ലോ.
2013 ഓഗസ്റ്റിൽ സ്വാമി വിടവാങ്ങുന്നതിനും മാസങ്ങൾക്കു മുന്പ് തിരുവനന്തപുരത്ത് അദ്ദേഹം എത്തിയ വേളയിൽ ചോദിച്ചു- ""ഒരു പ്രണയഗാനത്തിനു ഈണം പകരുന്പോൾ ആ വൈകാരികത മുഴുവൻ സംഗീത സംവിധായകനും ആവാഹിക്കേണ്ടതല്ലേ?'' അതിനു സ്വാമി നൽകിയ മറുപടി ഇങ്ങനെയായിരുന്നു-""ഈ പ്രണയവും സ്നേഹവും എല്ലാം ഭക്തിയല്ലേ. എനിക്കങ്ങനെ വേർതിരിച്ച് ഒന്നിനെയും കാണാൻ കഴിയാറില്ല. എങ്ങനെ ഇത്ര മധുരതരങ്ങളായ പ്രണയഗാനങ്ങൾ സൃഷ്ടിച്ചു, വേദന തിങ്ങിക്കൂടുന്ന വിരഹ ഗാനങ്ങൾ തീർത്തു എന്നതിനൊന്നും ഉത്തരമില്ല. എനിക്കെല്ലാം സംഗീതം മാത്രം.''
മുപ്പത്തിയൊന്നാമത്തെ വയസിലും തൊണ്ണൂറ്റി മൂന്നാമത്തെ വയസിലും താൻ ആത്മീയതയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വാമി പറഞ്ഞു. ""എനിക്കു സംഗീതം എന്നത് ഈശ്വരാരാധനയാണ്. ഹൃദയസരസിലെ പ്രണയ പുഷ്പവും വാതിൽപ്പഴുതിലൂടെൻ മുന്നിൽ എന്ന ഗാനവും സൃഷ്ടിക്കുന്പോൾ ഞാൻ ഈശ്വരനെ പൂജിക്കുകയായിരുന്നു. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഇരിക്കുന്പോൾ ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഈണങ്ങൾ ഒന്നൊന്നായി ഉണരുകയാണ്. ഞാൻ ഒരു നിമിത്തം മാത്രം.''
കർണാടക സംഗീതത്തിൻ ആഴങ്ങൾ അറിയുന്ന സംഗീതജ്ഞനായ ദക്ഷിണാമൂർത്തി കർണാടക രാഗങ്ങളുടെ അമൃതാണ് സിനിമാ ഗാനങ്ങളിലൂടെ പകർന്നു നൽകിയതും. അർധ ശാത്രീയ ഗാനങ്ങളിലൂടെ ശരാശരി മലയാള ഗാനാസ്വാദകന്റെ ആസ്വാദനതലം ഉയർത്തി എന്നതും സ്വാമിയുടെ വലിയ സംഭാവനയാണ്. ഈ സെമി ക്ലാസിക്കൽ സ്പർശം തന്നെയാണ് ദക്ഷിണാമൂർത്തി എന്ന സംഗീത സംവിധായകന്റെ മുദ്രയും.
"സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ കുമാരികളല്ലോ...', "ഇന്നലെ നീയൊരു സുന്ദരരാഗമായെൻ...,' "ഉത്തരാസ്വയംവരം കഥകളി കാണുവാൻ..,' "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും...' അങ്ങനെ എത്രയെത്ര അർധ ശാസ്ത്രീയ ഗാനങ്ങൾ ആണ് സ്വാമി മലയാള ഗാനശാഖയ്ക്കു സമ്മാനിച്ചത്. നാലു തലമുറകൾക്കൊപ്പം സഞ്ചരിച്ച സംഗീത സംവിധായകൻ കൂടിയാണ് സ്വാമി.
ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ഹൃദയത്തോട് എന്നും ചേർന്നു നിന്ന ദക്ഷിണാമൂർത്തി സ്വാമി യേശുദാസിന്റെ കുടുംബത്തിലെ നാലു തലമുറകളെകൊണ്ട് പാടിച്ചിട്ടുണ്ട്. അച്ഛൻ ആഗസ്റ്റിൻ ജോസഫ്, കെ.ജെ.യേശുദാസ്, വിജയ് യേശുദാസ്, പിന്നെ വിജയ്യുടെ കുഞ്ഞുമകൾ അമേയ എന്നിവരാണത്.
അമ്മ പാർവതി അമ്മാളാണ് സംഗീതത്തിലെ ആദ്യഗുരു. അമ്മ പകർന്ന സംഗീതത്തെക്കുറിച്ചുള്ള സ്വാമിയുടെ വാക്കുകൾ- ""ഞാൻ തീരെ കുട്ടിയായിരിക്കുന്പോൾ തന്നെ അമ്മ പാടുന്ന പാട്ടുകൾ കൗതുകത്തോടെ കേട്ടിരുന്നു. എന്റെ അനുജത്തിയെ തൊട്ടിലിൽ കിടത്തി ഉറക്കുന്പോൾ തൊട്ടിൽ കന്പിയിൽ പിടിച്ച് അമ്മ ഓരോരോ താരാട്ടു പാട്ടുകൾ പാടും. അതെല്ലാം ഞാനും ഏറ്റുപാടും. സംഗീതം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിൽ പാട്ടു കേട്ടും ഒപ്പം പാടിയുമാണ് ഞാൻ വളർന്നത്.''
സിനിമാഗാനങ്ങളിൽ നിന്നെല്ലാം അകന്ന് ചെന്നൈയിലെ മൈലാപ്പൂരിലെ ശാന്തി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭാര്യ കല്യാണി അമ്മാളുമൊത്ത് താമസിക്കുകയായിരുന്നു സ്വാമി. ആശ്രമ തുല്യമായ ഇവിടെയാണ് 2012ൽ അനിൽ വി.നാഗേന്ദ്രൻ തന്റെ വസന്തത്തിന്റെ കനൽ വഴികളിൽ എന്ന സിനിമയിലെ ഗാനമൊരുക്കുന്നതുമായി ബന്ധപ്പെട്ട് എത്തുന്നത്. അന്ന് സ്വാമി പറഞ്ഞത് ""ഞാൻ എല്ലാം നിർത്തി. ഇപ്പോൾ ഭഗവാനും ഞങ്ങളും മാത്രം'' എന്നാണ്. തന്റെ മനസിൽനിന്ന് ഇനിയും ഈണങ്ങൾ ഉണരുമോ എന്നുപോലും അറിയില്ല എന്നാണ് ദക്ഷിണാമൂർത്തി കൂട്ടിച്ചേർത്തത്.
എന്തായാലും സിനിമയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകളും സഹധർമിണി കല്യാണി അമ്മാളിന്റെ സ്നേഹ നിർബന്ധവും കൂടിച്ചേർന്നപ്പോൾ സ്വാമി ഒടുവിൽ സമ്മതം മൂളി.. പതിവുപോലെ നാരായണ നാരായണ എന്ന മന്ത്രജപത്തോടെ. അപ്പോൾത്തന്നെയാണ് ഡിസംബർ 9നു തന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം ആണെന്നും ശ്രീപദ്മനാഭന്റെ മണ്ണിൽ വരാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. സ്വാമിയുടെ മക്കളെയും കുടുംബത്തെയും മുഴുവൻ പങ്കെടുപ്പിച്ച് ജന്മദിനാഘോഷം നടത്താമെന്ന് അനിൽ.വി.നാഗേന്ദ്രൻ വാക്കു നൽകി.
അങ്ങനെ 2012ൽ തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ ജന്മദിനാഘോഷവും ദക്ഷിണാമൂർത്തി ഗാനസന്ധ്യയും ആഘോഷപൂർവം നടന്നു. സ്വാമിയുടെ അവസാനത്തെ ജന്മദിനാഘോഷം ആയിരുന്നു അത്. 2012 ഡിസംബറിൽ തന്നെയാണ് വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമയുടെ ഗാനവും സ്വാമി കന്പോസ് ചെയ്യുന്നത്. ഗാനം പൂർണമാകുന്നത് 2013ലും .
"കത്തുന്ന വേനലിലൂടെ
കനിവിനായ് കരഞ്ഞുകൊണ്ട്...'
എന്ന വിപ്ലവഗാനം കർണാടക സംഗീത ശൈലിയിൽ ഒരു കീർത്തനം പോലെയാണ് സ്വാമി ട്യൂൺ ചെയ്തത്. അനുരാധ ശ്രീറാം, ജി.ശ്രീറാം, ആർ.കെ. രാംദാസ് എന്നിവർ എന്നിവർ ചേർന്നാണ് അനിൽ.വി.നാഗേന്ദ്രൻ തന്നെ രചിച്ച ഗാനം പാടിയത്. റെക്കോർഡ് ചെയ്ത ഗാനം പിന്നീട് ചെന്നൈയിലെ വസതിയിലെത്തി സ്വാമിയെ കേൾപ്പിച്ചപ്പോൾ വിരലുകൾ കൊണ്ട് താളമിട്ട് തലയാട്ടി പൂർണമായും സ്വാമി ഗാനം ആസ്വദിച്ചു. 1948ൽ നല്ല തങ്കയിലെ തന്റെ ആദ്യഗാനം ആസ്വദിച്ചതുപോലെ.
എസ്.മഞ്ജുളാദേവി