ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
ശ്രീജിത് കൃഷ്ണന്
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ മലയാളി. ബംഗളൂരുവിലെ രാജീവ്ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സര് എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന്‍ ട്രസ്റ്റ്, കൊല്ലത്തെ ടാഗോര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്മാന്. കൊല്ലം ഏഴുകോണ് സ്വദേശി. നിരവധി പുസ്തകങ്ങളുടെ രചയിതാവ്. കഴിഞ്ഞ ഏപ്രില്‍ 19 ന് തന്റെ 87-ാം വയസില്‍ കൊല്ലത്തുവച്ച് അന്തരിച്ചു.
ആര്.എല്‍. ജാലപ്പ. ജനതാദളിലും കോണ്‍ഗ്രസിലുമായി ഉന്നത സ്ഥാനങ്ങളിലെത്തിയ നേതാവ്. 1996-98 കാലയളവില്‍ ദേവഗൗഡ, ഗുജ്റാള്‍ മന്ത്രിസഭകളില്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി. അതിനുമുമ്പ് 1983-87 കാലത്ത് കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാ മന്ത്രിസഭയിലെ ശക്തനായ ആഭ്യന്തരമന്ത്രി. ഇപ്പോള്‍ കെജിഎഫിലൂടെ പ്രശസ്തമായ കോലാറിലെ ദേവരാജ് അരശ് സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ സ്ഥാപകന്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17 ന് തന്റെ 96-ാം വയസില്‍ അന്തരിച്ചു.
കേവലം നാലു മാസത്തിന്റെ ഇടവേളയില്‍ ഇവര്‍ രണ്ടുപേരും ചരിത്രത്തിലേക്ക് മറയുമ്പോള്‍ കാലത്തിന് ഓര്‍ത്തെടുക്കാന്‍ മറ്റൊരു പേര് കൂടിയുണ്ട്. പത്തനംതിട്ടക്കാരനായ അഡ്വ. എം.എ. റഷീദ്. 1987 ഓഗസ്റ്റ് 18 ന് ഇനിയും കൃത്യമായി തെളിയിക്കപ്പെടാത്ത സാഹചര്യങ്ങളില്‍ സേലത്തിന് സമീപം ധനുഷ്പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി അഭിഭാഷകന്.
1980 കളുടെ അവസാന പകുതിയില്‍ കര്‍ണാടകയില്‍നിന്നും കേരളത്തിലേക്കും ദേശീയതലത്തിലേക്കും വരെ കത്തിപ്പടര്‍ന്ന വിവാദമായിരുന്നു അഡ്വ. റഷീദിന്റെ മരണം. ആഭ്യന്തര മന്ത്രിയായ ജാലപ്പയുടെ നിര്‍ദേശപ്രകാരം പോലീസ് കസ്റ്റഡിയില്‍ വച്ചാണ് റഷീദ് കൊലചെയ്യപ്പെട്ടതെന്ന ആരോപണം കര്‍ണാടകയിലെ ജനതാ സര്‍ക്കാരിനെവരെ പിടിച്ചുലച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിനു പിന്നാലെ ജാലപ്പയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
ആരോപണവിധേയരായ ഏഴ് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇന്നും തെളിയിക്കപ്പെടാത്ത ദുരൂഹതകളിലൊന്നായി റഷീദിന്റെ കൊലപാതകം അവശേഷിക്കുന്നു.
ഏജന്റായി ബംഗളൂരുവിലേക്ക്
1970 കളില്‍ കേരളത്തിലെ സമാന്തര വിദ്യാഭ്യാസമേഖലയില്‍ പയറ്റിത്തെളിഞ്ഞ പി. സദാശിവന് അക്കാലത്ത് ഇവിടെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെത്തിയത്. 1980 ല്‍ ബംഗളൂരുവില്‍ സഞ്ജയ്ഗാന്ധി കോളജ് ഓഫ് എഡ്യുക്കേഷന്‍ എന്ന പേരിലുള്ള ബിഎഡ് കോളജാണ് ആദ്യം തുടങ്ങിയത്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥാപനം നല്ല നിലയില്‍ വളര്‍ച്ച നേടിയതോടെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് എന്നതായി അടുത്ത സ്വപ്നം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ നിന്നും സീറ്റുകിട്ടാതെ വരുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ അന്നാട്ടുകാര്‍ തന്നെ സ്വകാര്യ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബിഎഡ് കോളജുകള്‍ തുടങ്ങുന്ന കാലമായിരുന്നു.
ഇവിടങ്ങളിലേക്ക് കേരളത്തില്‍നിന്നും വിദ്യാര്‍ഥികളെ എത്തിക്കാന്‍ ഏജന്റുമാരും ഉണ്ടായിരുന്നു. ഈ രീതിയില്‍ സദാശിവന്റെ ബിഎഡ് കോളജിലേക്ക് കേരളത്തില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ചിരുന്ന ഏജന്റുമാരിലൊരാളായിരുന്നു റഷീദ്. അഭിഭാഷകനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നതിനാല്‍ കോളജുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും നോക്കി നടത്തിയിരുന്നു.
കര്‍ണാടകയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആദ്യകാല സിവില്‍ എന്‍ജിനിയറിംഗ് വിദഗ്ധനും കൃഷ്ണരാജസാഗര്‍ അണക്കെട്ടിന്റെ മുഖ്യശിൽപിയും മൈസൂര്‍ ദിവാനുമായിരുന്ന സര് എം. വിശ്വേശ്വരയ്യയുടെ പേരില്‍ രൂപം നല്കിയ ട്രസ്റ്റിനു കീഴില്‍ കോലാറില്‍ ഒരു മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനായി സദാശിവന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. സ്ഥാപനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന നല്ല ബന്ധവും ഇക്കാര്യത്തില്‍ സദാശിവന് തുണയായിരുന്നു.
അതേസമയം കേരളത്തില്‍നിന്ന് വന്ന ഒരാള്‍ കര്‍ണാടകയുടെ മണ്ണില്‍ പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി വളര്‍ച്ച നേടുന്നതില്‍ അസഹിഷ്ണുതയുള്ള ഒരു വിഭാഗവും മെല്ലെ ശക്തിപ്രാപിക്കുകയായിരുന്നു. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി സദാശിവന്റെ സ്ഥാപനങ്ങളെ തളര്‍ത്തുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നു. കര്‍ണാടകയിലെ അന്നത്തെ ജനതാ സര്‍ക്കാരില്‍ ഉയര്‍ന്ന സ്വാധീനമുള്ള ആളുകള്‍തന്നെ അതിന് ചൂട്ടുപിടിച്ചുകൊടുത്തു. ഒരുപക്ഷേ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും അതിന് കാരണമായിരുന്നു.
പൊടുന്നനേ 1984 ല്‍ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടതോടെ മെഡിക്കല്‍ കോളജ് നേടിയെടുക്കുന്നതിനായുള്ള സദാശിവന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഇതേസമയം കോലാര്‍ തന്നെ കേന്ദ്രീകരിച്ച് മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ പേരില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ആഭ്യന്തരമന്ത്രി ജാലപ്പ ചെയര്‍മാനായി മറ്റൊരു ട്രസ്റ്റും ശ്രമം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണയുള്ളതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മെഡിക്കല്‍ കോളജിനുള്ള അനുമതി ഈ ട്രസ്റ്റ് നേടിയെടുത്തതോടെ സദാശിവന് തത്കാലത്തേക്കെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി.
എന്നാല്‍, ഈ വിജയംകൊണ്ടും ജാലപ്പ തൃപ്തനായില്ല. സഞ്ജയ്ഗാന്ധി ബിഎഡ് കോളജിന്റെ തലപ്പത്തുനിന്നുകൂടി സദാശിവനെ പുകച്ചുപുറത്താക്കാനായി അടുത്ത ശ്രമം. അതിനായി കോളജിന്റെ മാനേജിംഗ് ട്രസ്റ്റിലെ കര്‍ണാടകക്കാരായ ഒരുവിഭാഗം അംഗങ്ങളെ ചാക്കിട്ടുപിടിച്ചു. ഇതോടെ കോളജിന്റെ നിയന്ത്രണം ഇവരുടെ കൈയിലായി. സദാശിവന്റെ ഏജന്റുമാര്‍ കൊണ്ടുവന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശനം പോലും ലഭിക്കാത്ത സ്ഥിതിയായി.
ഇന്റർനെറ്റില്ലാത്ത കാലം
താന്‍ മുഖേന ബംഗളൂരുവിലെത്തി ഫീസടച്ച വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ശരിയാകാത്ത കാര്യം അന്വേഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുമായും കോളജ് ട്രസ്റ്റുമായും ബന്ധപ്പെട്ട നിയമപ്രശ്നങ്ങളില്‍ സദാശിവനെ സഹായിക്കുന്നതിനുമായാണ് റഷീദ് ബംഗളൂരുവിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്നത്തെപ്പോലെ മൊബൈലോ ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത കാലമാണെന്ന് ഓര്‍ക്കണം.
വിവരമറിയാന്‍ ആകെ ചെയ്യാവുന്നത് എസ്ടിഡി ബൂത്തില്‍ കയറി ലാന്ഡ്ഫോണില് വിളിക്കുക മാത്രമാണ്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ കോളജ് ലോബികള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നതിനും ഫീസ് പിഴിഞ്ഞുവാങ്ങുന്നതിനും എതിരാളികളെ ചെറുത്തുനിൽക്കാനുമായി ഗുണ്ടാസംഘങ്ങളെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നതും പതിവായിരുന്നു.
കേരളത്തില്‍ നിന്നും താന്‍ പറഞ്ഞയച്ച വിദ്യാര്‍ഥികളോട് അന്നത്തെ നിരക്കില്‍ ഭീമമായ ഫീസ് വാങ്ങിയിട്ടും അവര്‍ക്ക് അഡ്മിഷന് ശരിയാകാത്ത കാര്യം അന്വേഷിക്കുന്നതിനായി സദാശിവനെ കാണാന്‍ ബിഎഡ് കോളജിലെത്തിയ റഷീദിന് നേരിടേണ്ടിവന്നത് ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളെയാണ്. കോളജിന്റെ നിയന്ത്രണം സദാശിവനില്‍നിന്നും ഏറെക്കുറെ നഷ്ടമായ നിലയായിരുന്നല്ലോ. റഷീദിന് ക്രൂരമായ മര്‍ദനമേൽക്കുകയും കോളജില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന കുറ്റം ചുമത്തി പോലീസിലേൽപിക്കുകയും ചെയ്തു.
1987 ഓഗസ്റ്റ് 14 നായിരുന്നു ഈ സംഭവം. പിന്നീട് റഷീദിനെ നേരത്തേ പരിചയമുണ്ടായിരുന്ന ബംഗളൂരുവിലെ ചില അഭിഭാഷകര്‍ പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹത്തെ ജാമ്യത്തിലിറക്കുകയായിരുന്നു.
സദാശിവനോടുള്ള വിരോധം തീര്‍ക്കാന്‍വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രി ജാലപ്പയുടെ ഒത്താശയോടെ പോലീസ് ശ്രമിക്കുകയാണെന്നു കാണിച്ച് റഷീദ് തൊട്ടടുത്ത ദിവസം, ഓഗസ്റ്റ് 15 ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എ.ജെ. സദാശിവയ്ക്ക് പരാതി നല്കി.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്കുമുമ്പു തന്നെ റഷീദ് ബംഗളൂരുവില്‍ എത്തിയതായിരുന്നു. സദാശിവന് സ്ഥിരമായി താമസിക്കാറുള്ള സന്ധ്യ ലോഡ്ജില്‍ തന്നെയാണ് റഷീദും മുറിയെടുത്തിരുന്നത്. അതേസമയം ഓഗസ്റ്റ് 11 ന് അക്ഷയ എന്ന മറ്റൊരു ലോഡ്ജിലെത്തി ഏഴു മണിക്കൂര്‍ താമസിക്കുകയും ഈ സമയത്തിനുള്ളില്‍ അവിടുത്തെ എസ്ടിഡി ബൂത്തില്‍ നിന്നും 35 ഫോണ്‍കോളുകള്‍ വിളിക്കുകയും ചെയ്തിരുന്നതായും പിന്നീട് കണ്ടെത്തിയിരുന്നു. സന്ധ്യ ലോഡ്ജില്‍ തന്നെ എസ്ടിഡി സംവിധാനം ഉണ്ടെന്നിരിക്കേ മറ്റൊരിടത്തെത്തി ഇത്രയും കോളുകള്‍ വിളിച്ചത് സദാശിവനും റഷീദിനുമിടയിലും അവിശ്വാസം രൂപപ്പെട്ടിരുന്നതിന്റെ സൂചനയാണ്.
പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അടച്ച ഫീസ് തിരികെ കിട്ടുന്നതിനായാണ് റഷീദ് ശ്രമങ്ങള്‍ നടത്തിയതെന്നും പറയപ്പെടുന്നു. ഇതിനായി മറ്റെല്ലാ വഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് 14 ന് ബിഎഡ് കോളജിലേക്ക് നേരിട്ട് കയറിച്ചെല്ലാന്‍ തീരുമാനിച്ചത്. അവിടെ നേരിടേണ്ടിവന്നതാകട്ടെ ഗുണ്ടാസംഘങ്ങളെയായിരുന്നു. കോളജിലേക്ക് കയറിച്ചെല്ലുന്നതിന് തൊട്ടുമുമ്പ് റഷീദ് തന്റെ ബ്രീഫ്കേസ് പരിചയക്കാരനും ടിവിഎസ് ഇലക്ട്രോണിക്സിലെ വാച്ച്മാനുമായ പ്രസാദ് ബാബുവിന്റെ പക്കല്‍ ഏൽപിച്ചിരുന്നു.
ഇത് തനിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നതിന്റെ സൂചനയാണ്. ബ്രീഫ്കേസിലെ രേഖകള്‍ പിടിച്ചെടുക്കാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചേക്കുമെന്ന സംശയം മൂലമാകാം അത് മറ്റൊരിടത്ത് സുരക്ഷിതമായി ഏൽപിച്ചത്.
ബാര്‍ അസോസിയേഷന് പരാതി നൽകിയതിനു പിന്നാലെ ജാലപ്പയ്ക്കും പോലീസിനുമെതിരായ ആരോപണങ്ങളുമായി റഷീദ് കേന്ദ്രമന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ടെലിഗ്രാമുകള്‍ അയച്ചു. ഇതും ഓഗസ്റ്റ് 15 നായിരുന്നു. ഇവയിലെല്ലാം തന്റെ ബ്രീഫ്കേസ് പോലീസ് പിടിച്ചെടുത്തതായാണ് ആരോപണം ഉന്നയിക്കുന്നത്.
റഷീദ് തന്റെ ബ്രീഫ്കേസ് ടിവിഎസില്‍ ഏൽപിച്ചിരുന്നതിന്റേയും പിന്നീട് 16 ന് അത് അവിടെനിന്നും തിരികെ വാങ്ങിയതിന്റേയും തെളിവുകള്‍ പിന്നീട് സിബിഐ അന്വേഷണത്തില്‍ ലഭിച്ചിരുന്നു. ഈ തെളിവുകള്‍ ബന്ധപ്പെട്ടവര്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നതും വ്യക്തമല്ല. റഷീദിന്റെ മരണത്തിനുശേഷം ഈ ബ്രീഫ്കേസ് എവിടെ പോയെന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചതുമില്ല.
(തുടരും)