സ്വാതി ഹൃദയം പാടുന്നു
Tuesday, April 12, 2022 11:10 AM IST
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാരാജാവിന്റെ ഹൃദയ ശ്രീലകത്താണ് നൃത്തം വച്ചത്. സുഗന്ധവല്ലിക്കുവേണ്ടി സ്വാതി തിരുനാൾ അനന്തപുരിയിൽ തഞ്ചാവൂർ അമ്മവീട് പണിതു. തന്റെ പ്രിയതമയ്ക്കു നൃത്തമാടുവാൻ മഹാരാജാവ് രാഗമധുരങ്ങളായ പദവർണങ്ങൾ രചിച്ചു. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുള്ള തഞ്ചാവൂർ അമ്മവീടിന്റെ അങ്കണത്തിലിരുന്ന് സ്വാതി തിരുനാൾ ആ പദവർണങ്ങൾ പാടി.
‘അളിവേണീ എന്തു ചെയ്വൂ
അലർശര പരിതാപം....'
തീവ്രമായ പ്രണയവും വിരഹവും തിങ്ങിനിൽക്കുന്ന പദവർണത്തിനൊപ്പം സുഗന്ധവല്ലി നൃത്തം വച്ചു. മഞ്ഞിൻകണങ്ങൾ അടർന്നുവീഴുന്ന പോലുള്ള ഈ മായിക സ്വപ്നം ഇന്നും മലയാളത്തിലുണ്ട്. ഒരു സ്വപ്നം പോലെ സുന്ദരമാണ് സ്വാതി തിരുനാൾ മഹാരാജാവും സ്വാതി സംഗീതവും. രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം സ്വാതി തിരുനാൾ മലയാളികളുടെ മനസുകളെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എഴുത്തായി, സിനിമയായി, നാടകങ്ങളായി, ഗാനങ്ങളായി ഇന്നും സ്വാതി തിരുനാൾ ചുറ്റിവരിയുക തന്നെയാണ്.
1813 ഏപ്രിൽ 16നാണ് ചരിത്രം ഗർഭശ്രീമാൻ ആയി വാഴ്ത്തുന്ന മഹാരാജാവിന്റെ ജനനം. 1833 മുതൽ 1846വരെ തിരുവിതാംകൂർ ഭരിച്ച സ്വാതി തിരുനാൾ രാമവർമയുടെ ഭരണകാലം നാടിനു സമ്മാനിച്ച നേട്ടങ്ങളിൽ ഒബ്സർവേറ്ററിയും അച്ചുകൂട(ഗവൺമെന്റ് പ്രസ്)വും പബ്ലിക് ലൈബ്രറിയും ധർമാശുപത്രിയും എല്ലാം ഉൾപ്പെടുന്നു.
എന്നാൽ ഈ ഭരണ മുന്നേറ്റങ്ങളല്ല, പാണ്ഡിത്യമല്ല, സ്വാതി തിരുനാളിനെ പിൻതലമുറകളുടെ ഹൃദയത്തിൽ ഇത്രയ്ക്കങ്ങനെ ചേർത്തു വയ്ക്കുന്നത്. ചെങ്കോലിനും ആത്മനൊന്പരങ്ങൾക്കുമിടയിൽ പിടഞ്ഞിരുന്ന ഒരു രാജാവിന്റെ ഹൃദയത്തിൽ നിന്നുമടർന്ന സംഗീതം ഇന്നും ഇവിടെയുണ്ട്. സ്വാതിയുടെ പ്രണയം, ഉന്മാദം, വിങ്ങൽ ശ്രീപത്മനാഭനോടുള്ള മധുരഭക്തി എല്ലാം ഇന്നും അതേ ഭംഗിയോടെ തന്നെ നിലനിൽക്കുന്നുണ്ട്.
എതോ ജന്മകൽപ്പനയിലെന്നപോലെ സ്വാതി തിരുനാളുമായി ബന്ധപ്പെട്ട് ഒരുപിടി കഥകളും സങ്കൽപ്പങ്ങളും സ്വാതി തിരുനാളിനു ചുറ്റുമുണ്ട്, എന്നുമുണ്ടായിരുന്നു.
വർഷങ്ങളായി മലയാളി വായനക്കാരുടെ നെഞ്ചിൽ പതിഞ്ഞുപോയ സുഗന്ധവല്ലി ഒരു ഉദാഹരണമാണ്. തഞ്ചാവൂരിൽ നിന്നെത്തിയ നർത്തകിയായ സുന്ദരലക്ഷ്മി പിന്നീട് സ്വാതി തിരുനാളിന്റെ ഭാര്യമാരിൽ ഒരാളായി എന്നും സുന്ദരലക്ഷ്മിയുടെ സഹോദരി സ്വാതിയുടെ ഭാര്യയായിരുന്നുവെന്നും ചില ചരിത്രക്കുറിപ്പുകൾ പറയുന്പോഴും വിശ്വസിക്കുവാൻ തയ്യാറാകാത്ത വിഭാഗമുണ്ട്. എഴുത്തുകാരും പത്രക്കാരുമാണ് സുഗന്ധവല്ലിയെന്ന പ്രണയിനിയെ സൃഷ്ടിച്ചതെന്നുമുള്ള അഭിപ്രായവും ഇവർ മുഖവിലയ്ക്കെടുക്കുന്നില്ല.
സ്വാതി ആരാധകർക്കു സുഗന്ധവല്ലി സ്വാതിയുടെ എക്കാലത്തേയും പ്രണയിനി തന്നെയാണ്. പരദേശി നർത്തകിയായ സുഗന്ധവല്ലി തിരുവിതാംകൂറിന്റെ രാജ്ഞിയാകുന്നത് സഹിക്കുവാൻ കഴിയാത്ത ബന്ധുക്കളും കൊട്ടാര പ്രമുഖരും ചേർന്ന് സുഗന്ധവല്ലിയെ തഞ്ചാവൂരിലേക്ക് മടക്കി അയച്ചുവത്രേ. പ്രാണനോട് ചേർന്നുപോയ സുഗന്ധവല്ലിയെ നഷ്ടമായ സ്വാതി ഹൃദയം നുറുങ്ങിയ വേദനയിൽ എഴുതിയ കൃതികളായി സ്വാതി തിരുനാളിന്റെ പല കീർത്തനങ്ങളും- അവർ ചൂണ്ടിക്കാട്ടുന്നു.
ശ്രീപത്മനാഭനെന്ന നായകനെ കാണാതെ ഉഴറുന്ന നായികയുടെ ഭാവത്തിലാണ് സ്വാതി തിരുനാൾ പല പദവർണങ്ങളും രചിച്ചത് എന്നത് വസ്തുതയാണ്. എന്നാൽ സ്വന്തം വിരഹവേദനയും ഇതിൽ സ്വാതി തിരുനാൾ ഇഴ ചേർത്തിരിക്കുകയാണ് എന്നും പറയാം. പ്രണയപരവശനായ സ്വാതി തിരുനാളിന്റെ തേങ്ങലുകൾ തന്നെയാണ് പല പദവർണങ്ങളിലും നിറയുന്നത്. അല്ലെങ്കിൽ"വളരുന്നു ഹൃദിമോഹം എന്നോമലേ...
തളരുന്നൂ മമദേഹം മധുമൊഴി... 'എന്നും മറ്റും എഴുതുവാൻ കഴിയില്ലല്ലോ.
സുഗന്ധവല്ലിക്കു നൃത്തം ചെയ്യുവാൻ വേണ്ടി തന്നെയാണ് പദവർണങ്ങൾ രചിച്ചത് എന്ന് കരുതപ്പെടുന്നു.
ബ്രിട്ടീഷ് ഭരണം അടിച്ചേൽപ്പിച്ച പ്രതിസന്ധികളും ജനറൽ കല്ലൻ ഉണ്ടാക്കിയ പ്രശ്നങ്ങളും സ്വാതി തിരുനാൾ മഹാരാജാവിന്റെ വലിയ വേദനയായിരുന്നു. ഈ സംഘർഷം പല കൃതികൾക്കും ആധാരമായി മാറി. "പന്നഗേന്ദ്രശയന ശ്രീപത്മനാഭ...' എന്ന രാഗമാലികയിലെ പദം സ്വാതി ഹൃദയത്തിൽ നിന്നും അറിയാതെ ഊർന്നിറങ്ങിയതാണ്.
ശാരീരിക വിഷമതകളും നെഞ്ചിലെ സംഘർഷങ്ങളും ഉറക്കം കെടുത്തിയ ഒരു രാത്രി തന്റെ പ്രാണനായകനായ ശ്രീപത്മനാഭന്റെ പാദങ്ങളിൽ വീണ് സ്വാതി പാടിക്കൊണ്ടിരുന്നു..
പന്നഗേന്ദ്രശയന ശ്രീപത്മനാഭ...
വിരഹാഗ്നിയിൽ വെന്തുനീറി കുയിലിന്റെയും പഞ്ചവർണ തത്തയുടേയും ഗാനം പോലും കഠിനമായി അനുഭവപ്പെട്ട സ്വാതിയുടെ മനസ് "പന്നഗേന്ദ്ര ശയനയി'ൽ നിറഞ്ഞു തുളുന്പി. രാത്രിയുടെ ഓരോ യാമങ്ങൾക്കനുസരിച്ച് രാഗങ്ങൾ മാറിമാറിവന്നു.
കാംബോജിയിൽ, ഭൈരവിയിൽ, തോടിയിൽ അങ്ങനെ കീർത്തനം ഒഴുകി. ഒടുവിൽ നേരം പുലർന്നപ്പോൾ മോദയാമീ ജഗദീശ എന്ന് ഭൂപാളരാഗത്തിലായി പദചരണം. പുലർകാല രാഗമാണ് ഭൂപാളം. കണ്ണിമ ഒന്നു ചിമ്മാതെ സ്വാതി തിരുനാൾ പാടിയ പന്നഗേന്ദ്ര ശയന ഇന്നും സംഗീത അരങ്ങുകളിൽ പ്രശസ്ത സംഗീതജ്ഞന്മാർ ആലപിക്കുന്നു.
കാലത്തിന്റെയും ഭാവിയുടേയും അതിരുകൾക്കപ്പുറമായിരുന്നു സ്വാതിയുടെ മനസ്. മേരുസ്വാമി, സുലൈമാൻ ഖാദർ സാഹിബ്, അലാവുദീൻ എന്നീ ഉത്തരേന്ത്യൻ പണ്ഡിതൻമാരുമായുള്ള സൗഹാർദം ഹിന്ദുസ്ഥാനി രാഗങ്ങളുമായി സ്വാതിയെ അടുപ്പിച്ചു. സംസ്കൃതം, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ നിരവധി ഭാഷകളിൽ നാന്നൂറോളം കൃതികൾ സ്വാതി തിരുനാളിന്റേതായുണ്ട്.
ആറുകാലങ്ങളിൽ പല്ലവി പാടിയിരുന്ന ഷഡ്കാല ഗോവിന്ദമാരാരും വടിവേലുവും ഇരയിമ്മൻ തന്പിയും ധന്യമാക്കിയിരുന്നു സ്വാതി തിരുനാളിന്റെ കൊട്ടാരം. മഹാപ്രതിഭകളെ സ്വീകരിച്ച് ആദരിച്ച സ്വാതി തിരുനാളിന് അറിയാമായിരുന്നു നാടിന്റെ യശസും സാംസ്കാരിക പെരുമയും അവരുടെ കണ്ഠങ്ങളിലായിരുന്നുവെന്ന്.
എസ്.മഞ്ജുളാദേവി