മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
Saturday, January 22, 2022 8:55 AM IST
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ. ഹോട്ടലിലെ ഉപയോഗശേഷം ഉണ്ടാകുന്ന മലിനജലം സംസ്കരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഏകദേശം 1000 ലിറ്റർ മലിനജലമാണ് പ്രതിദിനം ഉണ്ടാകുന്നത്. ഉച്ചഭക്ഷണം മാത്രമേ ഇവിടെ ഉണ്ടാക്കുന്നുള്ളൂ.
ഹോട്ടലിൽ പ്രതിദിനം ഉണ്ടാകുന്ന മലിനജലം വലിയൊരു ടാങ്കിലേക്കാണ് ആദ്യം എത്തുന്നത്. മൂന്ന് അറകളുള്ള ഈ ടാങ്കിൽ നിന്നും മലിനജലം അനേറോബിക് വിഘടനം സംഭവിച്ച് ആദ്യത്തെ സോക്ക്പിറ്റിലേക്ക് എത്തുന്നു. രണ്ട് അറകളുള്ള ഈ സോക്ക്പിറ്റിൽ നിന്നും മലിനജലം കൂടുതൽ ശുദ്ധീകരിച്ച് രണ്ടാമത്തെ സോക്ക്പിറ്റിലേക്ക് എത്തുന്നു.
ഈ സോക്ക്പിറ്റിൽ നിന്നുമാണ് കന്ന ചെടികൾ നട്ടുപിടിപ്പിച്ച പ്രത്യേക സംവിധാനത്തിലേക്ക് മലിനജലം എത്തുന്നത്. ഈ ചെടികളുടെ പ്രത്യേകത, മലിനജലത്തിലെ ജൈവമാലിന്യങ്ങൾ വലിച്ചെടുക്കാൻ കഴിയുന്നു എന്നതാണ്.കന്ന ചെടികൾ മാലിന്യങ്ങളും ജലവും വലിച്ചെടുത്ത് സ്റ്റാർച്ച് രൂപത്തിൽ ശേഖരിക്കുന്നു. ഈ പ്രവർത്തനം പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും, ഫലപ്രദമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനും സഹായിക്കുന്നു.
പ്രധാന മലിനജല കളക്ഷൻ ടാങ്കിൽ നടക്കുന്ന അനേറോബിക് പ്രോസസിനു ശേഷം പുറത്തുവരുന്ന ജലത്തിൽ ശേഷിക്കുന്ന ജൈവമാലിന്യത്തെ ഈ കന്ന ചെടികൾ വലിച്ചെടുക്കുന്നു. ഇപ്രകാരം, പരമാവധി ശുദ്ധീകരിക്കപ്പെട്ട വെള്ളമാണ് ശേഷിക്കുന്ന ഭാഗത്തേക്ക് ഒഴുകുന്നത്.
ഹോട്ടലുകളിലെയും മറ്റു സ്ഥാപനങ്ങളിലും മലിനജല സംസ്കരണം ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സ്ഥല ദൗർലഭ്യമാണ് പലയിടത്തും മലിനജല സംസ്കരണ സംവിധാനത്തിന് വെല്ലുവിളിയാകുന്നത്.
കളക്ഷൻ ടാങ്കിൽനിന്നും പുറത്തുവരുന്ന മലിനജലം എത്തിച്ചേരുന്ന സോക് പിറ്റിനോടാനുബന്ധിച്ച് ചെറിയ വിസ്തൃതിയുള്ള സ്ഥലമുണ്ടെങ്കിൽ അവിടെ ഇത്തരം കന്നച്ചെടികൾ വെച്ചുപിടിപ്പിച്ചാൽ മലിനീകരണത്തിന്റെ തോത് വളരെയധികം കുറയ്ക്കാമെന്ന് ഈ അനുഭവം തെളിയിക്കുന്നു.
മലിന ജലത്തിന്റെ വിതരണത്തിലും മിണാലൂർ ജനകീയ ഹോട്ടൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. കൈ കഴുകുന്ന സ്ഥലത്തുനിന്നുള്ള വെള്ളം മലിനജല ടാങ്കിലേക്ക് വിടുന്നില്ല, പകരം പ്രത്യേക സോക്പിറ്റ് ഉണ്ടാക്കി അതിലേക്കു വിട്ട് ഭൂമിയിൽ താഴാൻ അനുവദിക്കുന്നു.
പാചകം ചെയ്ത ശേഷമുള്ള കഞ്ഞിവെള്ളം അടക്കമുള്ള മറ്റു ദ്രാവകങ്ങളും പാത്രം കഴുകുന്ന വെള്ളം ഉൾപ്പെടെയുള്ളവയാണ് മലിനജല ടാങ്കിൽ എത്തുന്നത്. പാചകത്തിന് ശേഷം പാത്രത്തിൽ ശേഷിക്കുന്ന എണ്ണ മുഴുവൻ ആദ്യമേ പ്രത്യേകം തുടച്ച് എടുത്ത ശേഷമാണ് കഴുകുന്നത്. ആയതിനാൽ മലിനജല സംസ്കരണത്തിന് എണ്ണ ഒരു തടസമാകുന്നില്ല.
ഇത് ഒരു പരീക്ഷണം കൂടിയാണ്. കൂടുതൽ മെച്ചപ്പെടുത്തി ശാസ്ത്രീയമായി വിശാലമായ അടിസ്ഥാനത്തിൽ ചെയ്യാവുന്ന മാതൃക കൂടിയാണ് മിണാലൂരിലെ ഹോട്ടലിൽ നടക്കുന്നത്.