സ്ട്രോക് ചികിത്സയിൽ സമയം അമൂല്യം
പക്ഷാഘാതത്തിന്റെ (സ്ട്രോക്)ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ചെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്കാന് സാധിക്കുകയുള്ളൂ. സ്ട്രോക്ക് ലക്ഷണങ്ങളുണ്ടായാല്‍ സമയബന്ധിതമായി ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന് രക്ഷിക്കുന്നതിനും സാധിക്കും.
വായ് കോട്ടം, കൈക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്നു സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.വളരെ വിലയേറിയ സ്ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കാനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്ട്രോക്ക് സെന്ററുകള്‍ സജ്ജമാണ്.
സ്ട്രോക് ഉണ്ടാകുന്നത്
മസ്തിഷ്ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. രക്താതിമര്‍ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.