ടൂറിസം കേന്ദ്രങ്ങളുണർന്നു, ശിവദാസൻ തിരക്കിലായി
Monday, December 13, 2021 4:09 PM IST
കോവിഡ് വ്യാപനം കുറഞ്ഞ് വിനോദസഞ്ചാര മേഖല ഉണർന്നതോടെ കൊടകരയിലെ ആളൂരുത്താൻ വീട്ടിൽ ശിവദാസൻ തിരക്കിലായി. ചിരട്ട കൊണ്ട് ഈ കലാകാരൻ ഒരുക്കുന്ന കമനീയരൂപങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതാണ് ശിവദാസന്റെ പണിശാലയെ ശബ്ദമുഖരിതമാക്കുന്നത്.
കഴിഞ്ഞ 14 വർഷത്തോളമായി ചിരട്ടയിൽ കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്നയാളാണ് കൊടകര കാവുംതറ സ്വദേശിയായ ശിവദാസൻ. ശിവദാസന്റെ പ്രധാന ഉപജീവനമാർഗവും ഇതുതന്നെ.
ടൂറിസം കേന്ദ്രങ്ങളിലെ കരകൗശല വിൽപ്പനശാലകൾ വഴിയാണ് ശിവദാസന്റെ കരവിരുതിൽ രൂപപ്പെടുന്ന ചിരട്ട ഉത്പന്നങ്ങൾ കൂടുതലും വിറ്റഴിയുന്നത്. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ അടച്ചുപൂട്ടലിൽ ടൂറിസം മേഖല തളർന്നപ്പോൾ ഈ കലാകാരന്റെ ജീവിതമാർഗവും അടഞ്ഞിരുന്നു. കോവിഡ് വ്യാപനതോത് കുറഞ്ഞ് വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും സജീവമായതോടെ ശിവദാസനും കരകൗശല നിർമ്മാണത്തിൽ സജീവമായി കഴിഞ്ഞു.
നേരത്തെ അലൂമിനിയം ഫാ ബ്രിക്കേഷൻ ജോലി ചെയ്തുവന്നിരുന്ന ശിവദാസൻ കരകൗശല വിദഗ്ധൻ കല്പക മുരളിയുടെ കീഴിലാണ് ചിരട്ടകൊണ്ട് ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലിച്ചത്. ലവണാംശം കൂടുതലുള്ള ചിരട്ടകൾക്ക് ഉറപ്പുകൂടുമെന്നതിനാൽ തീരദേശമേഖലയിൽനിന്നാണ് കരകൗശല നിർമാണത്തിന് ചിരട്ടകൾ കൊണ്ടുവരുന്നത് .
വിവിധ തരം തൂക്കുവിളക്കുകൾ, ചെടിച്ചട്ടികൾ, കിളിക്കൂടുകൾ, മേശവിളക്ക്, സ്പൂണുകൾ, കറിപാത്രങ്ങൾ തുടങ്ങിയവയാണ് ഈ കലാകാരൻ ചിരട്ടയിൽ രൂപപ്പെടുത്തുന്നത്.
മൂന്നാർ, തേക്കടി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വയനാട് എന്നിവിടങ്ങളിലെ കരകൗശല വില്പനശാലകളിലേക്കാണ് ചിരട്ടകൊണ്ടുള്ള കൗതുകങ്ങൾ ശിവദാസൻ വിസ്പനയ്ക്കായി നൽകുന്നത്.
ഏതാനും വർഷം മുന്പ് കണ്ണൂർ ജയിലിലെ വനിതാ തടവുകാർക്ക് ചിരട്ടകൊണ്ട് കൗതുക വസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകിയത് ശിവദാസനായിരുന്നു.
കൊടകരയിലെ കൊച്ചുവീട്ടിലിരുന്ന് ശിവദാസൻ ചിരട്ടയിൽ നിർമ്മിച്ചെടുത്ത കൗതുകളും പാത്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വിൽപ്പനശാലകൾ വഴി വിദേശരാജ്യങ്ങളിലുമെത്തിയിട്ടുണ്ട്.
ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്കും ഈ കാലാകരൻ ചിരട്ടയിൽ കരകൗശലങ്ങളൊരുക്കി നൽകാറുണ്ട്.
ടൂറിസം മേഖല സജീവമായെങ്കിലും വിദേശടൂറിസ്റ്റുകൾ ഇനിയും എത്തിതുടങ്ങാത്തത് കരകൗശല ഉത്പന്നങ്ങളുടെ വില്പനയെ ബാധിക്കുന്നുണ്ട്.