ലാലേ....കുനി.....!
Tuesday, December 7, 2021 4:20 PM IST
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ ചിത്രം മലയാളികൾ പിന്നെയും പിന്നെയും കാണും. അത്ര മനോഹരമായിട്ടാണ് കിലുക്കം എന്ന ചിത്രം സംവിധായകൻ പ്രിയദർശൻ മലയാളികൾക്ക് ഒരുക്കി നൽകിയിരിക്കുന്നത്. കിലുക്കത്തിലെ പാട്ടായാലും തമാശകളായാലും സംഭാഷണങ്ങളായാലും എല്ലാം മലയാളികളുടെ മനസിൽ ഇപ്പോഴും ഒളിമങ്ങാതെയുണ്ട്.
ചിത്രം പുറത്തിറങ്ങിയിട്ട് 30 വർഷം പിന്നിട്ടിട്ടും കാലത്തെ അതിജീവിച്ച സിനിമയായി ഇന്നും മലയാളികൾക്കിടയിൽ കിലുക്കമുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനായ ചിത്രം. രേവതി നായികയായ ചിത്രം. ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്റ് തുടങ്ങിയവരൊക്കെ തകർത്ത് അഭിനയിച്ച ചിത്രം.
എന്നാൽ ആ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അതും തലനാരിഴയ്ക്ക്.
കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്നു തുടങ്ങുന്ന അടിപൊളി പാട്ട് ചിത്രീകരിക്കുന്ന സമയം. ഈ സീനിൽ തീവണ്ടിയുടെ മുകളിൽ മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും നിൽക്കുന്നു. ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു ഒാടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ മുകളിലെ ഷൂട്ടിംഗ്. അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ല.
തീവണ്ടിയുടെ മുകളിൽ ഗാനരംഗം ചിത്രീകരിക്കുന്പോൾ ജഗതി ശ്രീകുമാർ മോഹൻലാലിന്റെ എതിർവശത്ത് തിരിഞ്ഞ് നിൽക്കുകയായിരുന്നു. രേവതി അവരുടെ തൊട്ടടുത്തും. പെട്ടെന്നാണ് എല്ലാവരും താഴ്ന്നു കിടക്കുന്ന ഇലക്ട്രിക് ലൈൻ കണ്ടത്. ജഗതി ശ്രീകുമാർ അത് കണ്ടപാടെ "ലാലേ കുനി’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ കുനി എന്ന് വിളിച്ചുപറഞ്ഞാൽ നമ്മൾ അവിടേക്ക് തിരിഞ്ഞ് നോക്കി ’എന്തിനാ’ എന്നായിരിക്കും ചോദിക്കുക. അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് മോഹൻലാലിനെ നഷ്ടമായേനെ.
നെഞ്ചിനൊപ്പം ആയിരുന്നു ഇലക്ട്രിക് ലൈൻ നിന്നത്. ജഗതി ചേട്ടൻ പറഞ്ഞപാടെ മോഹൻലാൽ കുനിഞ്ഞു. അദ്ദേഹത്തിന്റെ മുടിയിൽ തൊട്ടു തൊട്ടില്ലാ എന്ന നിലയിലാണ് അത് കടന്നുപോയത്. കുനിയാതെ അദ്ദേഹം നിന്നിരുന്നെങ്കിലോ കുനിയാൻ താമസിച്ചിരുന്നെങ്കിലോ മോഹൻ ലാലിന്റെ ജീവൻ തന്നെ അപകടത്തിലായേനേ. ഈ രംഗം കണ്ടതോടെ സെറ്റിലുണ്ടായിരുന്നു എല്ലാവരും സ്തബ്ധരായി നിന്നുപോയി.
വീഴ്ചയിൽ മൂക്കിനു പരിക്ക്
ചിത്രീകരണത്തിനിടെ താത്കാലികമായി നിർമിച്ച വീടിനു മുകളിൽ നിന്ന് വീണാണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റത്. പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഈ സമയത്താണ് താരത്തിന് വീണു പരിക്കേറ്റത്.
പരിക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുകളിൽനിന്നുള്ള വീഴ്ചയിൽ ഫഹദിന്റെ മൂക്കിനാണ് പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകൾ ഉണ്ടായി എന്നതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലായെന്നത് ഭാഗ്യമായി കാണാം. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടൊവിനോയ്ക്ക് കിട്ടിയത് ഒന്നാന്തരം ചവിട്ട്
സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടൻ ടൊവിനോ തോമസിന് പരിക്കേറ്റത്. പിറവത്തിനടുത്ത് ഏഴക്കരനാട് വെട്ടിത്തറയിൽ "കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേൽക്കുകയായിരുന്നു. എന്നാൽ, ആ സമയത്ത് വലിയ പ്രശ്നം തോന്നാതിരുന്നതിനാൽ ബുദ്ധിമുട്ടുകൾ അവഗണിച്ച് ടൊവിനോ ഷൂട്ടിംഗ് തുടർന്നു.
വയറുവേദനയും അസ്വസ്ഥതകളും കൂടിയപ്പോഴാണ് ടൊവിനോ ആശുപത്രിയിൽ പോയത്. തീവ്രപരിശോധനാ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. കുറച്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീണ്ടും അദ്ദേഹം സിനിമയിൽ സജീവമായി.
"എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് നേരത്തെ പൊള്ളലേറ്റിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടത്തിൽനിന്ന് താരം അന്നു രക്ഷപ്പെട്ടത്.(തുടരും)
തയാറാക്കിയത്: എൻ.എം.