സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
Tuesday, December 7, 2021 4:11 PM IST
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത്തിലും ശബ്ദത്തിലുമൊക്കെ മമ്മൂട്ടിയെന്ന നടനെ വ്യത്യസ്തനാക്കിയ ചിത്രം. അമൽ നീരദിന്റെ സംവിധാനത്തിൽ പിറവിയെടുത്ത ബിഗ്ബി ഒരു മെഗാഹിറ്റ് ചിത്രമായിരുന്നു. ബിലാൽ ജോണ് കുരിശിങ്കൽ എന്ന തകർപ്പൻ നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത്.
ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമൽ നീരദ് ഇത്തരമൊരു ചിത്രം ചെയ്തത്. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യഭാഷ്യം ആയിരുന്നു ചിത്രത്തിന്റേത്. ഉണ്ണി. ആർ ആണ് സംഭാഷണം ഒരുക്കിയത്.
വളർത്തമ്മയായ മേരി ടീച്ചറിന്റെ കൊലപാതകത്തിനു പകരം ചോദിക്കാനായി ബിലാൽ ജോണ് കുരിശിങ്കൽ എന്ന നായകൻ മുംബൈയിൽ നിന്നു കൊച്ചിയിൽ എത്തുന്നു. നാട്ടിലെത്തിയ ബിലാൽ തിരിച്ചു പോവാതെ മേരി ടീച്ചറിന്റെ മറ്റു ദത്ത് പുത്രൻമാരായ മുരുകനും എഡ്ഡിക്കും ബിജോയ്ക്കും ഒപ്പം കൊച്ചിയിൽ തുടരുന്നു. മേരി ടീച്ചറിന്റെ കൊലപാതകികളെ കണ്ടെത്തുകയാണ് ലക്ഷ്യം. മേരി ടീച്ചറായി നഫീസ അലി വേഷമിട്ടു.
"കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും, പക്ഷേ ബിലാല് പഴയ ബിലാലു തന്നെയാണ്’ എന്ന ചിത്രത്തിലെ ഈ മാസ് ഡയലോഗ് ഇന്നും മലയാളി മറന്നിട്ടില്ല.
ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണു മെഗാസ്റ്റാർ മമ്മൂട്ടി വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മരണം മമ്മൂട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പറന്നു പോവുകയായിരുന്നു.
കുണ്ടന്നൂരിലെ പുൽ മൈതാനത്ത് ഷൂട്ടിംഗ് നടക്കുന്പോഴായിരുന്നു സംഭവം. മേരി ടീച്ചറുടെ കൊലയാളികൾ സഞ്ചരിച്ച ജിപ്സിയെ പിൻതുടർന്നു വന്ന ബിലാൽ ജോണ് മറിഞ്ഞു കിടന്ന ജിപ്സിക്കു തീ കൊളുത്തുന്നതായിരുന്നു രംഗം. ഷൂട്ടിംഗ് തുടങ്ങി. മറിഞ്ഞു കിടക്കുന്ന ജിപ്സിയിൽ മമ്മൂട്ടി പെട്രോൾ ഒഴിച്ചു. ഇരുപതടിയിലേറെ പിന്നിലേക്കു മാറി നിന്ന് ലൈറ്റർ കത്തിച്ചു ജിപ്സിയിലേക്ക് എറിഞ്ഞു. തീ ആളിപ്പടർന്നു.
പിന്നീട്, ആരും ചിന്തിക്കാത്ത ഒന്നാണു സംഭവിച്ചത്. പൊട്ടിത്തെറിച്ച ജിപ്സിയിൽ നിന്നു തീ പിടിച്ച ഒരു ലോഹപാളി മമ്മൂട്ടിക്ക് നേരെ പാഞ്ഞു വന്നു. മിന്നൽവേഗത്തിൽ തല വെട്ടിച്ചതുകൊണ്ടു മാത്രമാണ് മമ്മൂട്ടി വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഷൂട്ടിംഗ് സെറ്റ് മുഴുവൻ നിലവിളിച്ചു പോയ നിമിഷം ആയിരുന്നു അത്. ബിഗ് ബി എന്ന സിനിമയിൽ ഈ ഷോട്ട് വ്യക്തമായി കാണിക്കുന്നുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ രംഗം സിനിമയിൽ കാണുന്പോൾ ഇന്നും സിനിമയുടെ അണിയറ പ്രവർത്തകർ വീർപ്പടക്കിയാണ് കാണാറുള്ളത്.
പൃഥ്വിരാജ് വേദന കടിച്ചമർത്തി അഭിനയിച്ചു
സാഹസിക രംഗങ്ങളിൽ അഭിനയിക്കുന്നതിൽ യാതൊരു മടിയും കാട്ടാത്ത നടനാണ് പൃഥ്വിരാജ്. സിനിമയെന്ന പാഷൻ മുറുകെ പിടിക്കുന്ന, സിനിമയെ ആത്മാർഥതയോടെയും സമർപ്പണ മനോഭാവത്തോടെയും സ്വീകരിക്കുന്ന നടൻ. നിഷേധിയെന്നും മുൻകോപിയെന്നുമൊക്കെ അദ്ദേഹത്തെക്കുറിച്ച് ശത്രുക്കൾ പറയാറുണ്ട്. പക്ഷേ പൃഥ്വിയെ അടുത്തറിയാവുന്നവർക്ക് അയാൾ നല്ലൊരു മനുഷ്യനാണ്. പൃഥ്വിയുടെ പല പ്രസ്താവനകളും വിവാദത്തിലായി മാറാറുണ്ട്.
മേക്കപ്പ് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് അപകടം സംഭവിച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെ്യത ചിത്രമാണ് മേക്കപ്പ്മാൻ. ഷീല കൗൾ നായിക. ഈ ചിത്രത്തിൽ ജയറാം ആണ് നായകൻ. എങ്കിലും പൃഥ്വിരാജ് പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരിക്കുന്നു.
ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ രാത്രിയിൽ നടന്ന ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. നായികയ്ക്കൊപ്പം ഡാൻസ് കളിക്കുന്നതിനിടെ പൃഥ്വിരാജ് സ്റ്റേജിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ പൃഥ്വി കിടന്നു. തുടർന്ന് ലൊക്കേഷനിൽ ഉള്ളവരെല്ലാവരും ചേർന്ന് പൃഥ്വിരാജിനെ എടുത്തുയർത്തി. ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചെങ്കിലും പൃഥ്വി സമ്മതിച്ചില്ല.
കുറച്ചു ഭാഗം കൂടിയല്ലേ ഉള്ളൂ, അതുകൂടി കഴിഞ്ഞാൽ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. റിസ്ക് ആണെന്ന് അണിയറ പ്രവർത്തകരെല്ലാം പറഞ്ഞിട്ടും പൃഥ്വി കേട്ടില്ല. പിറ്റേദിവസം പൃഥ്വിയുടെ കാലിനു നീരു വന്നു, കുറച്ചു ദിവസം കാൽ അനക്കാൻ പറ്റാതെയായി. ഭാഗ്യത്തിന് പൊട്ടലുണ്ടായില്ല. (തുടരും)
തയാറാക്കിയത്: എൻ.എം.