നിറംകെട്ട്...കാവടിയാട്ടക്കാരുടെ ജീവിതം
Thursday, December 2, 2021 12:05 PM IST
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നുവെങ്കിലും ഷഷ്ഠി ആഘോഷങ്ങൾ സജീവമാകാത്തതു കാവടി തൊഴിലാളികളെ വലയ്ക്കുന്നു. കോവിഡിന്റെ പകർന്നാട്ടം നിറംകെടുത്തിയ ജീവിതം തിരിച്ചു പിടിക്കാനാവാതെ വിഷമിക്കുകയാണ് ഈ മേഖലയിലെ തൊഴിലാളികൾ.
കാവടി നിർമാണവും കാവടിയാട്ടവുമായി ഉപജീവനം നടത്തുന്ന നൂറുകണക്കിനു തൊഴിലാളികളാണു തൃശൂർ ജില്ലയിലെന്പാടുമുള്ളത്. കോവിഡിനു മുന്പു കൊടകരയിലും പരിസരത്തുമായി പത്തോളം കാവടി നിർമാണശാലകൾ സജീവമായി പ്രവർത്തിച്ചിരുന്നു. കോവിഡ് മഹാമാരിയിൽ ഷഷ്ഠി - വേല ആഘോഷങ്ങൾ ഇല്ലാതായപ്പോൾ കാവടി നിർമാതാക്കളും ആട്ടക്കാരും പട്ടിണിയിലായി.
വൻതുക മുടക്കി നിർമിച്ച പീലിക്കാവടികളും പൂക്കാവടികൾക്കുമൊപ്പം ഇവരുടെ ജീവതവും നിറംകെട്ടു. ഈ വർഷം പുത്തൻ കാവടികളുടെ നിർമാണം ഇവർക്ക് ആരംഭിക്കാനായിട്ടില്ല.
പുതിയ കാവടികൾ നിർമിക്കാനായി വാങ്ങിക്കൂട്ടിയ സാമഗ്രികളും കോവിഡ് കാലത്തു നശിച്ചുപോയി. കോയന്പത്തൂരിൽ നിന്നു വാങ്ങികൊണ്ടുവന്ന 44 കിലോ മയിൽപ്പീലി ഉപയോഗിക്കാനാവാതെ നശിച്ചുപോയതായി കൊടകരയിലെ കാവടി നിർമാതാവ് വെങ്ങലശേരി രാജൻ പറയുന്നു.
കിലോഗ്രാമിനു 4,000 രൂപ നിരക്കിലാണു മയിൽപ്പീലി വാങ്ങിയത്. ഉപയോഗിക്കാതെ ഏറെ മാസങ്ങൾ സൂക്ഷിച്ചപ്പോൾ ഇവ പൊടിഞ്ഞുപോകുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നുവെങ്കിലും കാവടിത്തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നാണ് രാജൻ പറയുന്നത്.
രണ്ടോ മൂന്നോ കാവടികൾ മാത്രം ഉൾപ്പെടുത്തിയുള്ള ചെറിയ ആഘോഷങ്ങൾക്കു ജില്ലയിലെ പല ഭാഗങ്ങളിലും തുടക്കം കുറിച്ചിട്ടുള്ളതു കാവടിയാട്ടക്കാർക്കു നേരിയ പ്രതീക്ഷ പകരുന്നുണ്ട്.
ഡിസംബറിൽ ആഘോഷങ്ങൾ സജീവമാകുമെന്ന പ്രതീക്ഷയിൽ കാവടികൾ ഷെഡുകളിൽ നിന്നു പുറത്തിറക്കി മിനുക്കിയെടുക്കാനുള്ള തയാറെടുപ്പിലാണു കാവടി നിർമാതാക്കളും തൊഴിലാളികളും.