ഇന്നും ഞെട്ടലിൽ...
Tuesday, November 23, 2021 2:59 PM IST
ഏകദേശം 35 വർഷങ്ങൾക്കു മുന്പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത്തിലെ ഇടുക്കി ജില്ലയിലെ പാന്പാടുംപാറ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ പണിക്കെത്തിയതാണ് പൊന്നുച്ചാമി എന്ന 60 വയസു കഴിഞ്ഞയാൾ. മക്കൾക്കും എസ്റ്റേറ്റിൽ ജോലി. പാന്പാടുംപാറയ്ക്കടുത്തു വട്ടപ്പാറ എന്ന സ്ഥലത്തു തോടിനരികിൽ പുല്ല് മേഞ്ഞ വീട്ടിൽ ഒറ്റയ്ക്കായിരുന്നു പൊന്നുച്ചാമിയുടെ താമസം.
മക്കളുടെ താമസം പാന്പാടുംപാറയിലും. എല്ലാവരോടും വളരെ അടുപ്പം കാണിക്കുന്ന പൊന്നുച്ചാമി നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. പൊന്നുച്ചാമിയുടെ കൊടും ക്രൂരതകൾ പിന്നീടു പുറത്തു വന്നതോടെ അന്ന് എട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന ഈ ലേഖകനെയും ഞെട്ടിച്ചിരുന്നു. അതിലേക്കു പിന്നാലെ വരാം...
ഒരു ദിവസം പാന്പാടുംപാറ എസ്റ്റേറ്റിലെ ഒരു തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ കാണാതായി. കൊച്ചുകുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൊന്നുച്ചാമിയും തോട്ടം തൊഴിലാളികൾക്കൊപ്പം ഏലത്തോട്ടത്തിൽ മുഴുവൻ തെരച്ചിൽ നടത്തി. പോലീസും കുട്ടിക്കായി അന്വേഷണമാരംഭിച്ചു. തൊഴിലാളികളെയെല്ലാം പോലീസ് ചോദ്യംചെയ്തു. പൊന്നുച്ചാമിയുടെ പരസ്പരവിരുദ്ധമായ ചില മൊഴികൾ പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്നു നടത്തിയ ചോദ്യംചെയ്യലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
തോട്ടത്തിലെ ജോലി കഴിഞ്ഞ് എസ്റ്റേറ്റ് ലയത്തിലെത്തിയ പൊന്നുച്ചാമി അടുത്ത ലയത്തിലെ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കുട്ടിയെ കാട്ടിലെ വലിയ ഒരു കുഴിയിൽ ഇട്ടശേഷം കരിയില ഇട്ടു മൂടി. ചോദ്യം ചെയ്യലിൽ പൊന്നുച്ചാമി കുറ്റം സമ്മതിച്ചു. മാത്രമല്ല, പിന്നീടുള്ള ചോദ്യം ചെയ്യലിൽ ഇയാൾ ഇത്തരത്തിൽ അഞ്ചു കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പോലീസിനോടു വെളിപ്പെടുത്തി. ഇതോടെ ഇടുക്കി ജില്ലയിൽ നടന്ന അഞ്ച് കുരുന്നുകളുടെ തിരോധാനം സംബന്ധിച്ചു പോലീസ് നടത്തിവന്ന അന്വേഷണം പൂർത്തിയായി.
പെൺകുട്ടികളുടെ തിരോധാനത്തിനു പിന്നിൽ ഇതുപോലുള്ള പീഡനമാണെന്ന് ഈ സംഭവത്തോടെ വ്യക്തമായി. പിന്നീടും ഇത്തരത്തിലുള്ള കുട്ടികൾക്കു നേരേയുള്ള കൊടിയ പീഡനങ്ങളും അതേത്തുടർന്നുണ്ടായ മരണവും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
ഇനി ഈ ലേഖകനെ ഞെട്ടിച്ച സംഭവത്തിലേക്കു വരാം. പൊന്നുച്ചാമി താമസിച്ച വീടിനോടു ചേർന്നുള്ള തോട്ടിൽ അന്നു ബാല്യം ആസ്വദിച്ചിരുന്ന ഞാനും ഇളയ സഹോദരിയും മീൻ പിടിക്കാനും കുളിക്കാനും വല്യമ്മച്ചിക്കൊപ്പം പോയിരുന്നു. എല്ലാവരോടും വലിയ അടുപ്പം കാണിച്ചിരുന്ന പൊന്നുച്ചാമിക്കു കൂടുതൽ ഇഷ്ടം എന്റെ ഇളയ സഹോദരിയോടായിരുന്നു. അന്നവൾക്ക് അഞ്ച് വയസ് മാത്രം പ്രായം. കൊച്ചുമോൾ എന്നാണവളുടെ വിളിപ്പേര്. എനിക്കന്ന് പ്രായം എട്ട്. കുടുംബവുമായുള്ള പരിചയം വച്ച് പൊന്നുച്ചാമി ഒന്നുരണ്ടു തവണ ഞങ്ങളുടെ വീട്ടിലും വന്നിരുന്നു...
കൊച്ചുമോളേ... ചിന്ന കൊളന്തേ എന്റെ കൂടെ വാങ്കോ ... എന്ന് സ്നേഹത്തോടെ അയാൾ പാടിയിരുന്നു... മിഠായികളും സ്നേഹപൂർവം സമ്മാനിക്കുമായിരുന്നു. കുഞ്ഞുമക്കളോടുള്ള ഇഷ്ടം കൊണ്ടാണെന്നു മാത്രമായിരുന്നു അന്നു കരുതിയത്. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴാണ് പൊന്നുച്ചാമിയുടെ കുരുന്നുകളോടുള്ള കൊടും പീഡനകഥകൾ പുറത്തുവന്നതും അയാൾ അഴിക്കുള്ളിലായതും... ഒരു വലിയ രക്ഷപ്പെടലിന്റെ... ദൈവാനുഗ്രഹത്തിന്റെ... ആ ഓർമകൾ വർഷങ്ങൾക്കിപ്പുറം ഇന്നും മനസിൽ മറയാതെ നിൽക്കുന്നു...
വണ്ടിപ്പെരിയാറിലും...
സമാന സംഭവം കഴിഞ്ഞ വർഷം ഇടുക്കി വണ്ടിപ്പെരിയാറിലും ആവർത്തിച്ചു. ഇടുക്കി പന്പാടുംപാറയിൽ 35 വർഷം മുന്പുനടന്ന പീഡനങ്ങളും കൊലപാതകങ്ങളും എല്ലാവരും മറന്നു... എന്നാൽ കൊടും ക്രൂരത ഇന്നും ആവർത്തിക്കപ്പെടുന്നു. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറു വയസുകാരിയെ പ്രതി അർജുൻ (22) മൂന്നു വർഷമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്തു മിഠായിയും മറ്റും നൽകിയായിരുന്നു ചൂഷണം.
ലയത്തിൽ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാൾ ഈ ബന്ധവും മുതലെടുത്തതായി പൊലീസ് പറഞ്ഞു. ഒരു ദിവസം പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസിലാക്കി അർജുൻ ലയത്തിലെ മുറിയിൽ കയറി. ഈ സമയം പെൺകുട്ടിയുടെ സഹോദരനുൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് പ്രതി അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെൺകുഞ്ഞ് ബോധരഹിതയായി.
മരിച്ചെന്നു കരുതി മുറിയിലെ കയറിൽ കുട്ടിയെ കെട്ടിത്തൂക്കി. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അർജുന്റെ മൊഴിയിലുണ്ട്.കുഞ്ഞിന്റെ ശരീരത്തിൽനിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി.
2020 ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്.
കൊടും ക്രൂരതയ്ക്കുശേഷം "ദുഃഖപ്രകടനം’ കൊണ്ടും കുടുംബത്തിനു "സഹായമെത്തിച്ചും’ പ്രതി അർജുൻ കൂസലില്ലാതെ നിറഞ്ഞുനിന്നു. മരണവീട്ടിൽ പന്തലിനു പടുത വാങ്ങാൻ പോയത് ഇയാളായിരുന്നു. പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചു പറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു.
കൊലപാതകം നടന്ന 30ന് ഉച്ചയ്ക്ക് അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു കേസിൽ വഴിത്തിരിവായത്. രണ്ടു ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു പോലീസിനോടു പ്രതി പറഞ്ഞിരുന്നത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ ഇയാളിലേക്കു സംശയമെത്തി. ഡിവൈഎഫ്ഐ പ്രവർത്തകനായ അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്നു നാട്ടുകാർ പറയുന്നു.
പ്രദീപ് ഗോപി