ഈ പെൺകുട്ടികൾ എവിടെയാ..?
Saturday, November 20, 2021 5:32 PM IST
ഒട്ടേറെ തിരോധാനങ്ങള്‍ക്കു കേരളം സാക്ഷിയായിട്ടുണ്ട്. ചിലർ തിരിച്ചെത്തി. വര്‍ഷങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്കും ശേഷവും ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിട്ടുള്ള ചരിത്രവുമുണ്ട്. പക്ഷേ, ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം ഇപ്പോഴും ഉത്തരംകിട്ടാതെ നില്ക്കുന്നു. അതേ, ജെസ്ന എന്ന പെണ്‍കുട്ടിയെ കാണാതായി മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും കേരളം ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു ജെസ്നേ നീ എവിടെ.. ?
കേരളത്തില്‍ ഇനി ജെസ്നക്കുവേണ്ടി അന്വേഷിക്കാന്‍ ഇടമില്ല എന്നാണ് പോലീസ് വിശദീകരണം. ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എങ്കിലും സംശയത്തിന്റെ കണിക പോലും ബാക്കി നിർത്താതെ നിര്‍മാണത്തിലിരിക്കുന്ന വീടുപോലും മണ്ണുമാറ്റി അന്വേഷണ സംഘം പരിശോധിച്ചു. ഇടുക്കി മലനിരകളിലും കൊക്കകളിലും വരെ പരിശോധന നടത്തി. പക്ഷേ, ഒരു സൂചനയും ലഭിച്ചില്ല. ഇനി സിബിഐ എങ്ങനെയാണ് ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2018 മാർച്ച് 22നാണ് എരുമേലി മുക്കൂട്ടുത്തറ സ്വദേശി ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതേത്തുടർന്ന് ജെസ്നയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി കാണാതെ വന്നതോടെ ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയായിരുന്നു.
ഫോൺ കോളുകളിലുമില്ല
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ജെസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീടു കണ്ടിട്ടില്ല. മകൾ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.
മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെത്തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.
തിരോധാനം നിയമസഭയിലും കോലാഹലങ്ങൾക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പൂന, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.
ആ രണ്ടു പേർ
ജെസ്നയെന്നു കരുതിയ പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇന്നും അറിയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പോലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചും വിവരം തേടി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്കു ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2020 മേയിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി ജെസ്നയെക്കുറിച്ചു വ്യക്തമായ ചില വിവരങ്ങൾ കിട്ടിയെന്ന സൂചന പുറത്തുവിട്ടതോടെ വിഷയം വീണ്ടും വഴിത്തിരിവിലെത്തി.
വാർത്തയ്ക്കു പിന്നാലെ അന്നത്തെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തിയതും ഊഹോപോഹങ്ങൾക്കു വഴിവച്ചു. ഇതിനിടെ ബംഗളൂരുവിൽ ജെസ്നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാൽ, അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സംഘം തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണ്.
ഹൈക്കോടതി നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് സിബിഐ ജെസ്ന കേസ് ഏറ്റെടുത്തത്. കേസ് സിബിഐ ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. ഇതോടെ ജെസ്നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഏറെക്കാലം സംസ്ഥാന പോലീസും ക്രൈം ബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ ഈ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.ജി. സൈമണ്‍ വിരമിക്കുന്നതിനു തൊട്ടു മുമ്പു നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ജെസ്നയുടെ തിരോധാനത്തെ അടുത്ത കാലത്തു വാര്‍ത്തകളില്‍ നിറച്ചിരുന്നു.
ഷബ്നയെ കാത്ത്...
ജെസ്നയുടെ തിരോധാനം വലിയ വാർത്തയായിരിക്കെയാണ് ഏതാനും മാസത്തിനു ശേഷം 2018 ജൂലൈ 17ന് കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂര്‍ ഇബ്രാഹിം കുട്ടിയുടെ മകള്‍ ഷബ്നയെ (18) കാണാതായതാണ്. പിഎസ്സി പരിശീലനകേന്ദ്രത്തില്‍ പോയതാണ് ഷബ്ന. പിന്നീട് ഒരു വിവരവുമില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തെങ്കിലും പോലീസിനു സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു പോലീസ് പെണ്‍കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. ഇതിനിടെ കൊല്ലം ബീച്ചില്‍നിന്നു ഷബ്നയുടെ ബാഗും അതിൽനിന്നു ചില സർട്ടിഫിക്കറ്റുകളും പോലീസ് കണ്ടെടുത്തു. കാണാതായ ദിവസം ഷബ്ന കൊല്ലം ബീച്ചിലേക്കു നടന്നെത്തുന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍നിന്നു പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, തിരിച്ചു പോകുന്ന ദൃശ്യം കാണാന്‍ കഴിഞ്ഞിട്ടില്ല.
ദുരൂഹത കൂടിയതോടെ കൊല്ലം ഈസ്റ്റ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നൂറുകണക്കിന് ഫോണ്‍ കോളുകള്പരിശോധിച്ചു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു വിവരം ലഭിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു പലതവണ ചോദ്യം ചെയ്തിട്ടും വിവരമൊന്നും ലഭിച്ചില്ല.
ഷബ്നയുടെ തിരോധാനം നാളുകൾ പിന്നിട്ടതോടെ അന്വേഷണം ഊര്ജിതമാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവര്‍ക്കു പരാതിയും നൽകി. മനുഷ്യാവകാശ കമ്മീഷന് രണ്ടു പ്രാവശ്യം സിറ്റിംഗ് നടത്തിയിട്ടും പ്രയോജനമുണ്ടായില്ല.
തുടര്‍ന്ന് മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പിതാവ് ഇബ്രാഹിംകുട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഷബ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു പോലീസ് രണ്ടു ലക്ഷം രൂപയും ആക്ഷന്‍ കൗണ്‍സില്‍ 50,000 രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു. ഷബ്ന മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പു തുടരുകയാണ് ഇന്നും ഇബ്രാഹിമും കുടുംബവും.
(തുടരും)
പ്രദീപ് ഗോപി