ചരിത്ര മ്യൂസിയത്തിലെ അനശ്വരപ്രണയത്തിന്റെ ഒരു ചിത്രാവിഷ്കാരം
Saturday, October 23, 2021 1:18 PM IST
കൊണ്ടോട്ടി: പൂമകളാണേ..ഹുസ്നുൽ ജമാൽ...പുന്നാര താളമികന്താ ബീവി....കാതുകളിൽ ഇന്പം പകർന്ന മഹാകവി മോയിൻകുട്ടി വൈദ്യരുടെ അനശ്വര പ്രണയ കാവ്യം. ബദറുൽ മുനീർ ഹുസ്നുൽ ജമാൽ ഇനി ഛായാചിത്രമായി കാണികളെ വിസ്മയിപ്പിക്കും.
മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാഡമിയുടെ ചരിത്ര മ്യൂസിയത്തിനകത്താണ് ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ കാവ്യാംശത്തിന്റെ ചിത്രാവിഷ്കാരം. പ്രമുഖ ചിത്രകാരനും പ്രവാസിയുമായ കാസർഗോഡ് രാവണീശ്വരം സ്വദേശി നാരായണ്‍ കടവത്താണ് ആറുദിവസം കൊണ്ട് ചരിത്ര മ്യൂസിയത്തിൽ ഓയിൽ പെയിന്റിൽ ചിത്രരചന നടത്തിയത്.
നിലാവിൽ കുളിച്ചുനിൽക്കുന്ന ഉദ്യാനത്തോടു ചേർന്ന് ഹുസ്നുൽ ജമാലും ബദറുൽ മുനീറും ചെലവഴിച്ച നിമിഷങ്ങളെയാണ് ചിത്രകാരൻ വരച്ചിട്ടത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്പോൾ തന്നെ കാഴ്ചക്കാരെ ആകർഷിക്കുന്ന വിധത്തിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
ദുബായിൽ 33 വർഷമായി ചിത്രകാരനായി ജോലി ചെയ്യുന്ന നാരായണ്‍, അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊണ്ടോട്ടി വൈദ്യർ അക്കാഡമിയിലെത്തിയത്.
1872ൽ ഇരുപതാം വയസിലാണ് മോയിൻകുട്ടി വൈദ്യർ ഹുസ്നുൽ ജമാൽ ബദറുൽ മുനീർ എന്ന കാവ്യം രചിച്ചത്. അറബി മലയാളത്തിലെ ആദ്യത്തെ പ്രണയകാവ്യമാണിത്.