ചോറ് യജമാനന്റേതും കൂറ് കുരങ്ങനോടും
Friday, October 22, 2021 2:31 PM IST
പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയത്തെ കർഷകൻ മഠത്തിനകത്ത് ജോൺസന്റെ പുരയിടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിൽ ഇതിനോടകം ഏഴ് കാട്ടുകുരങ്ങുകൾ പെട്ടു. കൂട് തുറക്കുന്നതിനിടയിൽ ഒരെണ്ണം ചാടി രക്ഷപെട്ടിരുന്നു. ബാക്കി ആറെണ്ണത്തിനെയും വനപാലകർ മറ്റൊരു കൂട്ടിലാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയി.
കൃഷി നശിപ്പിക്കാനെത്തുന്ന കൂട്ടങ്ങളിൽ പെട്ട കുരങ്ങൻമാരാണു കെണിയിൽ പെടുന്നത്. ഓരോ കുരങ്ങനും കൂട്ടിലകപ്പെടുമ്പോൾ ഒരാൾ മാത്രം കടുത്ത മനോവിഷമത്തിലായിരുന്നു. അത് മറ്റാരുമല്ല, ജോൺസൺ ചോറു കൊടുത്തു വളർത്തുന്ന സ്വന്തം നായയാണത്.
കെണിയിൽ അകപ്പെട്ട കുരങ്ങനെ കാണുമ്പോൾ കൂടിനു ചുറ്റും നായ് ഓടി നടക്കും. ദേഷ്യം കൊണ്ടാണെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, പിന്നീടാണ് സംഗതി പിടികിട്ടിയത്. തന്റെ യജമാനന്റെ ശത്രുവിനെ പിടിച്ചുകൊണ്ടുപോകുന്നതിലുള്ള സങ്കടമായിരുന്നതെന്ന്.
കഴിഞ്ഞദിവസം കെണിയിൽ വീണ കുരങ്ങനെ വനപാലകർ വന്നു പിടിച്ചുകൊണ്ടുപോയി. അര മണിക്കൂറിനുള്ളിൽ ഏഴാമനും കൂട്ടിലകപ്പെട്ടു. ഇതോടെ നായയുടെ മട്ടുമാറി. കൂട്ടിനു ചുറ്റും നടന്നു കരഞ്ഞു ശബ്ദമുണ്ടാക്കി. രക്ഷപെടാനുള്ള കുരങ്ങന്റെ പരാക്രമം കണ്ട് മനസലിഞ്ഞ നായ്, കൂട്ടിൽ മുഖം ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമവും നടത്തുന്നുണ്ടായിരുന്നു.
ഈ കുരങ്ങനെയും കൊണ്ടു പോകാൻ കൂടുമായി വനപാലകരെത്തിയപ്പോൾ കരഞ്ഞും ഓടിനടന്നു തടസം സൃഷ്ടിക്കാൻ നായ് ശ്രമിച്ചതും ഏറെ കൗതുകം ഉണർത്തി. മാത്രവുമല്ല വനപാലകർ കുരങ്ങനെയും കൊണ്ടു പോകുന്ന വഴിയിൽ തടസമുണ്ടാക്കാനും കരഞ്ഞു കൊണ്ടു നായ ശ്രമിച്ചു. ഏറ്റവുമൊടുവിൽ കുരങ്ങനെ ജീപ്പിൽ കയറ്റുമ്പോൾ തൊട്ടടുത്ത് വിരഹവേദനയോടെ യാത്രയയ്ക്കാനും ജോൺസന്റെ നായ് മറന്നില്ല.