ലൈംഗികാനന്ദം ലഭിക്കുന്നില്ല
Friday, August 21, 2015 3:53 AM IST
ഹൈസ്കൂൾ അധ്യാപികയായ എന്റെ വൈവാഹികബന്ധം സംതൃപ്തമല്ല. ഡോക്ടറെ കണ്ടപ്പോൾ വജൈനിസ്മസ് എന്നാണ് പറഞ്ഞത്. ലൈംഗീക ബന്ധം ശരിയായി സാധിച്ചിട്ടില്ല. എന്തു ചെയ്യണം.

ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികൾ സ്വയമറിയാതെയെന്നോണം പ്രവർത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. ശാരീരിക കാരണങ്ങൾ കൊണ്ടു ഒന്നുമല്ല ഈ അവസ്‌ഥ ഉണ്ടാകുന്നത്. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികൾ ചുരുങ്ങി മുറുകുന്നത്.

മനസിന്റെ ആഴങ്ങളിലെന്തോ പതുങ്ങിക്കിടക്കുന്ന ലൈംഗീക വിരക്‌തി, ഭയം, പാപബോധം, ചെറുപ്പ കാലത്തുണ്ടായ തിക്‌താനുഭവങ്ങൾ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം. സ്ത്രീകൾക്കു ലൈംഗിക താത്പര്യം ഉണ്ടായിരിക്കുകയും എന്നാൽ യോനി പ്രവേശനം സാധിക്കാത്തതിനാൽ ലൈംഗികാനന്ദം അനുഭവിക്കാൻ കഴിയാതെ വരുകയും ചെയ്യും. ഇത് സ്ത്രീയെ കടുത്ത അസ്വസ്‌ഥതയിലാക്കും. വേണ്ടത്ര മനസംയമനത്തോടെയും ആവശ്യമായ പൂർവലീലകളോടെയും ബന്ധപ്പെട്ടാൻ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധനകൾ നടത്തുന്നത് നന്നാവും.


ശരിയായ അവബോധത്തോടെ വിശകലനം ചെയ്താൽ എന്ത്കൊണ്ട് ഇത് ഉണ്ടാവുന്നുവെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞേക്കാം. മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്ന പല ധാരണകളുടെയും സ്വാധീനമാണ് പലപ്പോഴും വജൈനിസ്മിനു കാരണം. ആ പഴയ ധാരണകളെ ബോധപൂർവം അതിജീവിക്കാനായാൽ യോനീ സങ്കോചം ഒഴിവാകും. വേണ്ടത്ര യോനീ വികാസം നേടാനുള്ള വ്യായാമങ്ങളും രതി താൽപര്യം ഉണർത്താനുതകുന്ന ടെക്നിക്കുകളും പരിശീലിക്കുക.