ചെറുപ്പക്കാരിലെ ഹൃദ്രോഗങ്ങള്‍ക്കു പിന്നിൽ
Wednesday, January 22, 2025 1:35 PM IST
തൊഴില്‍ സംബന്ധമായ വിജയത്തിനായുള്ള അശ്രാന്ത പരിശ്രമം നടത്തുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യപരിപാലനം പലപ്പോഴും മറന്നുപോകുന്ന ഒന്നാണ്. ദീർഘനേരം ജോലി ചെയ്യുന്നതും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ ഉയർന്ന മത്സരാന്തരീക്ഷത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കുന്നതിനാല്‍ കൂടുതല്‍ സമയം ജോലി ചെയ്യുകയും കടുത്ത സമ്മർദം നേരിടുകയും ചെയ്യുന്നു.
ജോലിയിലെ ഉയർച്ചയ്ക്കും നേട്ടങ്ങള്‍ക്കുമായി ജോലി ചെയ്യുന്ന യുവതലമുറയുടെ ചുമലില്‍ പ്രതീക്ഷയുടെ അമിത ഭാരം കുന്നുകൂടുകയും ചെയ്യുന്നു. സമയത്തിനും കടുത്ത സമ്മർദത്തിനും എതിരേയുള്ള ഓട്ടത്തിലുമാണിവര്.
തൊഴിലിടങ്ങളിലെ സമ്മർദങ്ങൾ
മാനസിക സമ്മർദവും മാനസികാരോഗ്യവും സംബന്ധിച്ച ജിഒക്യൂഐഐ ഇന്ത്യാ ഫിറ്റ് റിപ്പോർട്ട് 2023 അനുസരിച്ച് 24 ശതമാനം ഇന്ത്യക്കാരും നീണ്ട ജോലി സമയം, തൊഴില്‍ സുരക്ഷയുടെ അഭാവം, കുറഞ്ഞ വേതനം, തൊഴില്‍ രംഗത്തെ കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.
ഈ സമ്മർദപൂരിതമായ ചുറ്റുപാടുകള്‍ക്കിടയില്‍ സൂക്ഷ്മമായതും എന്നാല്‍ ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നതുമായ ഒരു വസ്തുത ഒളിഞ്ഞിരിപ്പുണ്ട്, ചെറുപ്പക്കാർക്കിടയിലെ ഹൃദ്രോഗങ്ങള്‍. വിജയത്തിന്റെ യഥാർഥ വിലയും അത് അടുത്ത തലമുറയുടെ ഹൃദയത്തിന് സൃഷ്ടിക്കുന്ന അപകടവും വളരെ ഗൗരവത്തോടെ പ്രൊഫഷണലുകള്‍ നോക്കിക്കാണേണ്ട ഒന്നാണ്.
മാനസിക സമ്മർദവും ഹൃദയരോഗങ്ങളും തമ്മിൽ
കോർട്ടിസോള്‍ എന്ന ഹോർമോണില്‍ നിന്നാണ് മാനസിക സമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. മാനസികസമ്മർദത്തെ തുടർന്ന് ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോള്‍.
ദീർഘകാലമായുള്ള മാനസിക സമ്മർദം മൂലം കോർട്ടിസോള്‍ ഉയർന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടുകയും അത് രക്തസമ്മർദം, കൊളസ്ട്രോള്‍, ട്രൈ ഗ്ലിസറൈഡ്സ്, ബ്ലഡ് ഷുഗര്‍ എന്നിവ ഉയരാന്‍ കാരണമാകുകയും ചെയ്യും. ഇവയൊക്കെ ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും പിന്നീട് ഹൃദയാഘാതത്തിനും കാരണമാകും.
വിവരങ്ങൾ: ഡോ. രാജശേഖർ വർമ
സീനിയർ കൺസൾട്ടന്റ്, ഇന്റർവെൻഷണൽ കാർഡിയോളജി,
ആസ്റ്റർ മെഡിസിറ്റി, കൊച്ചി.