എല്ലാ രോഗങ്ങൾക്കും മരുന്നു വേണ്ട..!
Saturday, July 8, 2023 2:49 PM IST
രോഗങ്ങളും മരുന്നുമൊക്കെ മനുഷ്യരുണ്ടായ കാലംമുതൽക്കേ ഉണ്ട്.
ഒന്നു തുമ്മിയാൽതന്നെ മരുന്നു വാങ്ങി കഴിക്കുന്നവരും പല പരോഗങ്ങളും തനിയെ മാറിക്കൊള്ളും എന്ന് വിശ്വസിച്ച് മരുന്നിനെക്കുറിച്ച് ചിന്തിക്കാത്തവരുമുണ്ട്. ഇതിൽ ഏതാണ് ശരി?
ഒരുകാര്യം ശരിയാണ്. എല്ലാ ശാരീരിക പ്രശ്നങ്ങൾക്കും മരുന്ന് ആവശ്യമില്ല. അല്ലെങ്കിൽ എല്ലാ ശരീരികപ്രശ്നങ്ങളും മരുന്നുകൊണ്ട് മാറുന്നവയല്ല.
ഉദാഹരണത്തിന് ചില വേദനകൾക്കും മാറാത്ത ചില ശാരീരിക അസ്വസ്ഥതകൾക്കും കാരണം ശരീരത്തിലെ ഏതെങ്കിലും രോഗാവസ്ഥ അല്ല. മനസിനെ ബാധിച്ചിട്ടുള ചില പ്രശ്നങ്ങളാണ്.
അതുകൊണ്ടാണ് എല്ലാ ടെസ്റ്റുകൾ നടത്തിയിട്ടും ചില ശാരീരിക അസ്വസ്ഥതകൾക്കും വേദനകൾക്കും കാരണങ്ങളൊന്നും കണ്ടെത്താൻ കഴിയാതെ വരുന്നത്.
ഇത്തരം അവസരങ്ങളിൽപോലും അസ്വസ്ഥതകൾക്കു പിന്നിൽ മാനസികപ്രശ്നങ്ങളാകാമെന്നു ഗൗരവമായി ചിന്തിക്കാത്തവരുണ്ട്. അവരിൽ ഡോക്ടർമാർപോലും ഉണ്ടെന്നതാണ് യാഥാർഥ്യം.
വയറ്റിലെ മാറാത്ത പ്രശ്നങ്ങൾ, ഭക്ഷണം കഴിക്കാൻ താത്പര്യമില്ലായ്മ, പെട്ടെന്നു വണ്ണം വയ്ക്കൽ, ശരീരം മെലിയൽ തുടങ്ങിയവയെല്ലാം മാനസികപ്രശ്നങ്ങൾ കാരണവും സംഭവിക്കാം. അതിനു മരുന്നല്ല വേണ്ടത്, കൗൺസലിംഗാണ്.