“ആരോഗ്യം സർവധനാൽ പ്രധാനം”
Saturday, July 1, 2023 5:02 PM IST
ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെതന്നെ ഉറച്ച നട്ടെല്ലാണ്. നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെ ഉണ്ടായിരിക്കുക എന്നുള്ളത് ഏറ്റവും പ്രധാനമായ ധനികാവസ്ഥ.
മുന്‍പ് “വിദ്യാധനം സർവധനാൽ പ്രധാനം” എന്ന് കോപ്പിയെഴുതി പഠിപ്പിച്ചിരുന്ന അവസ്ഥയിൽനിന്ന് മാറി “ആരോഗ്യം സർവ്വധനാൽ പ്രധാനം” എന്നുള്ളതാണ് യാഥാർഥ്യം എന്ന് നാം തിരിച്ചറിയുക .
ഇപ്പോൾ നമ്മൾ കാണുന്ന ഒരു സംഗതി, ഒരു ജീവിതകാലം മുഴുവൻ ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ അയാളുടെ അവസാന കാലഘട്ടങ്ങളിൽ ആ വ്യക്തിയുടെ അറിവോ താല്പര്യം പോലുമോ ഇല്ലാത്ത ആശുപത്രികളിൽ കൊടുത്ത് മരണത്തിന് കീഴടങ്ങുന്നതാണ്.
പലപ്പോഴും ചികിത്സയ്ക്കായി മുടക്കുന്ന പണം, രോഗിയെ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയില്ലെങ്കില്‍ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടംതന്നെയാണ്.
അതിനാൽതന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് എന്നുള്ള യാഥാർഥ്യം തിരിച്ചറിയുക.
ഇപ്പോൾ പകർച്ചവ്യാധി രോഗങ്ങളെക്കാൾ നമ്മളുടെ പണം ചോർന്നുകൊണ്ടിരിക്കുന്നത് പകർച്ചേതര വ്യാധികളുടെയും ജീവിതശൈലി രോഗങ്ങളുടെയും നീണ്ടകാല ചികിത്സയ്ക്ക് വേണ്ടിയാണ്.
ജീവിതശൈലി രോഗങ്ങൾ എല്ലാം നമ്മുടെ ഭക്ഷണരീതിയിലെ അപാകതകള്കൊണ്ടും വ്യായാമക്കുറവുകൊണ്ടും മറ്റ് ദുശ്ശീലങ്ങൾകൊണ്ടും പ്രധാനമായി ഉണ്ടാകുന്നതാണ്. അവയെ തടയാൻ ഡോക്ടർമാരെക്കാൾ സാധിക്കുക നമുക്കുതന്നെയാണ് എന്ന് നമ്മൾ തിരിച്ചറിയുക.
നമ്മൾ ഈ ലോകത്തെ അറിയുന്നതും ആസ്വദിക്കുന്നതും നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണ്. ഈ പഞ്ചേന്ദ്രിയങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത് നമ്മുടെ ശരീരത്തിലാണ്.
അതുകൊണ്ട് ആത്മാവിനെക്കാളും മനസിനെക്കാളും ഒക്കെ പ്രധാനം ഇതെല്ലാം സ്ഥിതി ചെയ്യുന്ന സ്ഥൂലശരീരത്തിനാണ്. ശരീരത്തിന്റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം.
അതിനാൽ ആ ശരീരത്തിന്റെ സംരക്ഷകനായ ഡോക്ടർക്ക് പ്രത്യേക പരിഗണന പണ്ടു മുതലേ നൽകി വന്നിരുന്നു.
ഒരു കാലത്ത് ഏറ്റവും ആദരവ് ലഭിച്ചിരുന്ന വൈദ്യവും വിദ്യയും ഇന്ന് മൂല്യച്യുതിയിലാണ് എന്ന സത്യം നാം വിസ്മരിച്ചു കൂടാ.
കച്ചവട താൽപര്യങ്ങൾ ഇവയിൽ രണ്ടിലും കടന്നുവന്നതിന്റെ അനന്തരഫലങ്ങളാണ് ഇന്നത്തെ പൊതുസമൂഹം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗികളും ഡോക്ടർമാരും തമ്മിലുള്ള ആത്മബന്ധം കുറഞ്ഞിരിക്കുന്നു.
ഒരു കാലത്ത് ആദരവോടെ നോക്കിയിരുന്ന ഡോക്ടർമാരെ സംശയത്തോടുകൂടി നോക്കുന്ന രോഗികളുടെ എണ്ണം കൂടിയിരിക്കുന്നു.
ആരോഗ്യം പണം കൊടുത്ത് വാങ്ങുന്ന എന്തോ ആണ് എന്നുള്ള ഒരു തോന്നലും അതിനാൽതന്നെ കച്ചവടക്കാരെപ്പോലെ ഡോക്ടർമാരെ കണ്ടാൽ മതി എന്നുള്ള ചിന്തയും സമൂഹത്തിൽ വ്യാപിച്ചിട്ടുണ്ട്.
ചികിത്സകരും രോഗികളും തമ്മിലുള്ള വഴക്കുകളും കൂടിക്കൊണ്ടിരിക്കുന്നു. രോഗികളുടെ രോഗം മാറ്റുന്നത് മരുന്നുകൊണ്ടു മാത്രമല്ല ചികിത്സകളിൽ ഉള്ള വിശ്വാസവും കൊണ്ടു കൂടിയാണ് എന്ന് “സൈക്കോ ന്യുറോ എന്‍ഡോ ക്രൈനോ ഇമ്യൂനോളജി” പഠനങ്ങൾ തെളിയിക്കുന്നു.
കഴിഞ്ഞ തലമുറവരെ കുടുംബഡോക്ടർ എന്ന ഒരു സങ്കല്പമുണ്ടായിരുന്നു. ഇന്ന് ഓൺലൈൻ വഴി എന്തു സാധനവും വാങ്ങാം എന്നതുപോലെ ചികിത്സയും പരസ്പര ബന്ധത്തിന്റെ ബാധ്യത ആവശ്യമില്ലാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.
ഒരു വീട്ടിലെ മൂന്നു തലമുറയിലെ അംഗങ്ങളെയെങ്കിലും ചികിത്സിക്കുന്ന, അവരുടെ എല്ലാ ജീവിത സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും അറിയാവുന്ന ഒരു ചികിത്സകന് അവര്‍ക്ക് ഉണ്ടായിരുന്നത് അവരുടെ രോഗശമനത്തിന് സാധ്യത കൂട്ടിയിരുന്നു.
തുടക്കത്തില്‍തന്നെ രോഗചികിത്സയും രോഗനിര്‍ണയവും സാധ്യമായിരുന്നു. രോഗികള്‍ക്ക് ഡോക്ടറോട് മാത്രമല്ല തിരിച്ചും ഈ സാമൂഹിക അടുപ്പം ഉണ്ടായിരുന്നു.
ഡോക്ടർമാരും കുടുംബവും മക്കളുമൊക്കെ ഉള്ളവരാണ്. ഉറക്കമില്ലാത്ത രാത്രികളും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയകളും ഓരോ ജീവനോടുള്ള പ്രതിബദ്ധതയും ഉള്ളവർതന്നെയാണ് ഭുരിഭാഗം ഡോക്ടർമാരും.
വളരെ കുറച്ചു പേരുടെ കൈകളിൽനിന്ന് വരുന്ന തകരാറുകൾക്ക് ഒരു സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എല്ലായിടത്തും നല്ല മനുഷ്യരും മോശം മനുഷ്യരും ഉണ്ടാകാം എന്നുള്ള കാര്യം ചികിത്സകരുടെ ഇടയിലും ബാധകമാണ്.
എത്രയോ കാലങ്ങളായി രോഗനിർമാർജനത്തിനും അതുവഴി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനുമായി ജീവൻതന്നെ ബലികൊടുത്ത ഡോക്ടർമാരെ ഈ ഡോക്ടേഴ്സ് ഡേ ദിനത്തിൽ നമുക്ക് സ്മരിക്കാം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഡോക്ടർമാരിൽ ഒരാളും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിദാൻ ചന്ദ്ര റോയിയെ ആദരിക്കുന്നതിനായി 1991 ജൂലൈ ഒന്നു മുതൽ ഇന്ത്യയിൽ ദേശീയ ഡോക്ടർദിനമായി ആചരിച്ചു വരുന്നു.
ഈ വർഷം, ദേശീയ ഡോക്ടേഴ്സ് ദിനം "പ്രതിരോധശേഷിയും സൗഖ്യം നൽകിയ കൈകളും പ്രകീർത്തിക്കപ്പെടട്ടെ' (Celebrating Resilience and Healing Hands) എന്ന വിഷയത്തിൽ ആഘോഷിക്കപ്പെടുന്നു.
കോവിഡ്-19 മഹാമാരി സമയത്ത് നമ്മുടെ വൈദ്യ മേഖല സംഭാവന ചെയ്ത വിലപ്പെട്ട ശ്രമങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ തീം കൊണ്ട് ലക്ഷ്യമിടുന്നത്. ലോകാ സമസ്താഃ സുഖിനോ ഭവന്തു:
ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,
ഹോമിയോപ്പതി വകുപ്പ്,
മുഴക്കുന്ന്, കണ്ണൂർ
ഫോൺ: 9447689239
[email protected]